ആലപ്പുഴ. കായംകുളത്ത് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും 5000 രൂപയും മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത് നിർണ്ണായക നീക്കങ്ങളിലൂടെ. കാപ്പിൽ കിഴക്ക് അശ്വിൻ ഭവനത്തിൽ താമസിക്കുന്ന കൃഷ്ണപുരം കൊച്ചുമുറി കാവിലയ്യത്ത് വീട്ടിൽ സ്പൈഡർ സുനിൽ എന്ന സുനിൽ (44), ഇയാളുടെ കൂട്ടാളി പത്തിയൂർ എരുവ മൂടയിൽ ജംക്ഷനു സമീപം വേലൻ പറമ്പിൽ വീട്ടിൽ സഫർ എന്നു വിളിക്കുന്ന സഫറുദ്ദീൻ (37) എന്നിവരാണ് പിടിയിലായത്.

വീട്ടുടമയായ കാപ്പിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഞക്കനാൽ കറുകത്തറയിൽ കെ.എം.ബഷീർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയവെയാണ് 5 ദിവസം മുൻപ് മരിച്ചത്.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത്

കഴിഞ്ഞമാസം 25നാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ കതക് പൊളിച്ച് അകത്ത് കടന്ന് കിടപ്പുമുറിയിലെ അലമാരയിൽ നിന്നുമാണ് ആഭരണങ്ങൾ കവർന്നത്. നടന്നാണ് സ്പെഡർ സുനിയും കൂട്ടാളിയും മോക്ഷണത്തിന് എത്താറ്. അടച്ചിട്ടിരിക്കുന്ന വീടുകളാണ് കൂടുതലുംലക്ഷ്യം വെയ്ക്കുന്നത്. തെളിവുകളൊന്നും ബാക്കി വെയ്ക്കാതെ സൂഷ്മത പാലിച്ചായിരിക്കും മോഷണം നടത്തുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതിലേറെ വാഹന മോഷണ കേസുകളിൽ പ്രതിയാണ് സ്പൈഡർ സുനിൽ.

മോഷണമുതൽ വിൽക്കാൻ സഹായിക്കുന്നത് സഫറാണ്. ഓച്ചിറ, കായംകുളം, വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകളിൽ മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണം നടന്ന ബഷീറിന്റെ വീടിന്റെ സമീപമുള്ള വീട്ടിലെയും മറ്റും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചതോടെ സംശയം തോന്നിയ സ്പൈഡർ സുനിലിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പിന്നീട് കസ്റ്റ്ഡയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പ്രതികൾ ഇതുവെര 20 ലക്ഷത്തിനടുത്ത് സ്വർണം വിവിധ ജ്വവലറികളിൽ വിറ്റിട്ടുണ്ടെന്നാണ് വിവരം.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്ററഡി അപേക്ഷയും നല്കിയിട്ടുണ്ട്. കായംകുളം സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, റെജി, ബിജുരാജ്, പ്രദീപ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

സുനിൽ സ്പൈഡർമാനായ കഥ

ആദ്യ കാലത്ത് വാഹന മോഷണത്തിലായിരുന്നു സുനിലിന്റെ ശ്രദ്ധ. കിട്ടുന്ന ഏതു വാഹനവും മോഷ്ടിക്കും. ഡ്യൂപിളിക്കേററ് താക്കോലും സംവിധാനങ്ങളും എല്ലാം കയ്യിലുണ്ട്. സ്‌ക്കൂട്ടർ മുതൽ ടിപ്പർ വരെ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങൾ തമിഴ്‌നാട്ടിലോ കേരളത്തിൽ തന്നെ വാഹനങ്ങൾ പൊളിക്കുന്ന സ്ഥലങ്ങലിലോ കൊണ്ടു പോയി പൊളിച്ചു വിൽക്കും. സുനിലിന് സ്പൈഡർമാൻ എന്ന പേരു ലഭിക്കുന്നത് 25 വർഷം മുൻപാണ്.

ഒരു വാഹന മോഷണ കേസുമായി ബന്ധപ്പെട്ട് സുനിലിനെ പൊലീസ് വളഞ്ഞു രക്ഷയില്ലാതെ തൊട്ടടുത്ത വീട്ടിൽ കയറി സുനിൽ ഒളിച്ചു. വീടു വളഞ്ഞ ശേഷം പൊലീസ് വീടിനകം അരിച്ചു പെറുക്കിയെങ്കിലും സുനിലിന്റെ പൊടി പോലും കണ്ടു പിടിക്കാനായില്ല. വീടിന്റെ ചിമ്മിനിക്കുള്ളിൽ ഒളിച്ച ശേഷം അതുവഴി സുനിൽ രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് സുനിലിന് സ്പൈഡർമാൻ എന്ന പേര് വീണത്.

പൊലീസിൽ നിന്നും രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാതിരുന്ന സ്ഥലത്തു നിന്നു നിഷ്പ്രയാസം രക്ഷപ്പെട്ടതോടെ നാട്ടുകാർക്കു മുന്നിലും സുനിൽ സ്പൈഡർ ആയി. 2011 വരെയുള്ള കണക്കു പ്രകാരം 31 കേസുകൾ സ്പൈഡർ സുനിലിന്റെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഉണ്ട്. അതിന് ശേഷം അതായത് കായംകുളത്ത് കഴിഞ്ഞ ദിവസം പിടിക്കപ്പെടും വരെ മറ്റ് കേസുകളിലൊന്നും സുനിൽ അറസ്റ്റിലായിട്ടില്ല.

കഴിഞ്ഞ 10 വർഷം മോഷണമെ ഇല്ലയായിരുന്നുവെന്നാണ് സുനിലിന്റെ മൊഴി. കസ്റ്റഡിയിൽ കിട്ടിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുമ്പോഴെ ഇക്കാര്യത്തിൽ വ്യക്തത വരു.