പത്തനംതിട്ട: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ പ്രവർത്തനം പ്രതിസന്ധിയിൽ. സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരും ഒളിവിൽ പോയതാണ് ഇതിന് കാരണം. കമ്പനിയുടെ തുടർ പ്രവർത്തനങ്ങൾക്കു നിർദ്ദേശം നൽകാൻ ഉയർന്ന ഉദ്യോഗസ്ഥർ ഇല്ലാതായതോടെ ഇന്നലെ രാവിലെ 11 മുതൽ മദ്യ നിർമ്മാണം നിർത്തി. ജവാൻ മദ്യമാണ് ഇവിടെ നിർമ്മിചിരുന്നത്.

അന്വേഷണത്തിനു പ്രത്യേക സംഘം വരാനും സാധ്യതയുണ്ട്. മോഷണം കേരളത്തിൽ തന്നെ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. സ്പിരിറ്റ് കേരളത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം. വാളയാർ ചെക്ക്‌പോസ്റ്റിൽ അളവുതൂക്ക പരിശോധന നടത്താതെ ടാങ്കറുകൾ കേരളത്തിലേക്കു കടന്നതിനെക്കുറിച്ചും അന്വേഷിക്കും. ഇതെല്ലാം കണ്ടെത്താൻ ഉന്നത ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടത് പൊലീസിനും അനിവാര്യമാണ്.

കമ്പനി ജനറൽ മാനേജർ അലക്‌സ് പി.ഏബ്രഹാം, പഴ്‌സനൽ മാനേജർ യു.ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരാണ് ഒളിവിൽ പോയത്. മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫാണ്. ഇവർ വ്യാഴം മുതൽ ഓഫിസിൽ എത്തുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് 2നും 5നും ഇടയിൽ പുളിക്കീഴ് സ്റ്റേഷനിൽ ഹാജരാകണമെന്നുകാട്ടി താമസസ്ഥലത്ത് നോട്ടിസ് പതിപ്പിച്ചിരുന്നു. ആരും എത്തിയില്ല. ഇതോടെ ഇവരെല്ലാം ഒളിവിലാണെന്ന നിഗമനത്തിലാണ് പൊലീസ്.

20,386 ലീറ്റർ കാണാതായ സംഭവത്തിൽ ടാങ്കർ ഡ്രൈവർമാരായ നന്ദകുമാർ (52), സിജോ തോമസ് (38), കമ്പനി ഉദ്യോഗസ്ഥനായ അരുൺകുമാർ (38) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ടാങ്കർ ലോറികളിൽ തിരുവനന്തപുരത്തു നിന്നെത്തിയ സയന്റിഫിക് ഓഫിസർ പരിശോധന നടത്തി. ടാങ്കറിലെ ഇ-ലോക്ക് പൊളിക്കാതെ സ്പിരിറ്റ് എങ്ങനെയാണ് മോഷ്ടിച്ചതെന്നും പകരം എന്തെങ്കിലും കലർത്തിയിട്ടുണ്ടോയെന്നുമാണ് പരിശോധിക്കുന്നത്.

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തിൽ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കും നേരിട്ട് പങ്കുണ്ടെന്ന് അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവിടേക്ക് മദ്യം നൽകിയ മധ്യപ്രദേശ് ബൈടുൾ സ്വദേശി അബുവും പ്രതിപ്പട്ടികയിലുണ്ട്. ആകെ ഏഴു പേരാണ് പ്രതികൾ. കേരളത്തിന് പുറത്തു വച്ചാണ് സ്പിരിറ്റ് കൈമാറ്റം നടന്നിട്ടുള്ളത്. ഇങ്ങനെ കിട്ടുന്ന പണം എല്ലാവരും ചേർന്ന് വീതിച്ചെടുക്കും എന്നാണ് നിഗമനം.

92-93 കാലഘട്ടത്തിലാണ് പുതുപ്പള്ളി സ്വദേശിയായ അലക്സ് പി. ഏബ്രഹാം ഇവിടെ ജോലിക്ക് ചേരുന്നത്. ആദ്യം അക്കൗണ്ട്സ് മാനേജർ ആയിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹവുമായുള്ള അടുപ്പം മുതലെടുത്ത് സ്ഥാനക്കയറ്റം പടിപടിയായി നേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ജനറൽ മാനേജരായത്. പെരുമാറ്റം കൊണ്ട് ഏതൊരാളെയും കീശയിലാക്കുന്നയാളാണ് അലക്സ്. ഈ സ്വഭാവം കൊണ്ട് കോടികളുടെ തട്ടിപ്പാണ് ഇവിടെ നടത്തിയിരിക്കുന്നത്.

നേരത്തേയുണ്ടായിരുന്ന പ്രൊഡക്ഷൻ മാനേജർ ഇവരുടെ തട്ടിപ്പിന് കൂട്ടുനിൽക്കുന്നയാളായിരുന്നില്ല. അയാളെ കരാർ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പുറത്താക്കിയാണ് ഇപ്പോഴുള്ള മേഘയെ നിയമിച്ചത്. ചട്ടപ്രകാരമുള്ള യോഗ്യത മേഘയ്ക്ക് ഉണ്ടായിരുന്നില്ല. പഴ്സൊണൽ മാനേജർ ഹാഷിമിനും ഈ കള്ളക്കളിയിൽ വ്യക്തമായ പങ്കുണ്ട്. കുറവ് വരുന്ന സ്പിരിറ്റിൽ വെള്ളം ചേർത്തുള്ള തട്ടിപ്പും അരങ്ങേറിയിരുന്നു.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഇവിടെ നിന്നും സ്പിരിറ്റ് കൊണ്ടു പോയി ചെങ്ങന്നൂരിലുള്ള ഒരു ബാർ മുതലാളിയുമായി ചേർന്ന് സെക്കൻഡ്സ് മദ്യവിൽപന നടത്തിയിരുന്നുവെന്നും പരാതിയുണ്ട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ബാറുകൾക്ക് സമീപം ഏജന്റുമാരെ വച്ച് വൻ തുകയ്ക്കാണ് ഇത്തരം മദ്യം വിറ്റഴിച്ചിരുന്നത്. ഈ മദ്യത്തിന്റെ കുപ്പികളിലൊന്നും തന്നെ സീൽ, ബാച്ച് നമ്പർ ഇവയൊന്നും ഉണ്ടായിരുന്നില്ല.

ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകർ പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് വിവരം നലകിയിരുന്നെങ്കിലും ഒരു ചെറുവിരൽ പോലും അനക്കാൻ തയാറായിരുന്നില്ല.