പാരിസ്: പ്രായം 25. കളിക്കുന്നത് അഞ്ചാമത്തെ മേജർ ടൂർണമെന്റ്. സീഡില്ലാത്ത ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടുമ്പോൾ അതുചരിത്രമായി. ഫൈനലിൽ റഷ്യയുടെ അനസ്താസിയ പവ്‌ലുചെങ്കോവ ഉയർത്തിയ വെല്ലുവിളി അതിജീവിച്ചാണ് ചെക്ക് താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് കിരീടനേട്ടം.

റോളാങ് ഗാരോസിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വനിതാ ചാമ്പ്യനാകുന്ന മൂന്നാമത്തെ സീഡില്ലാ താരം. ഇനി ഡബിൾസിൽ കൂടി ജയിച്ചുകയറിയാൽ, 2000 ത്തിൽ മേരി പിയേഴ്‌സിന് ശേഷം ഫ്രഞ്ച് ഓപ്പൺ രണ്ടുടൈറ്റിലും നേടുന്ന ആദ്യ വനിതാ താരമായി മാറും ക്രെജിക്കോവ. ഞായറാഴ്ചയാണ് കടേരിയ സിനിയാക്കോവയ്‌ക്കൊപ്പം ക്രെജിക്കോവ ഡബിൾസ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്.

40 വർഷത്തിന് ശേഷം റോളാങ് ഗാരോസിൽ കിരീടം നേടുന്ന ചെക്ക് വനിതാ താരം എന്ന ചരിത്രനേട്ടവും ക്രെജിക്കോവയ്ക്ക് സ്വന്തമായി. ഇതിന് മുമ്പ് 1981-ൽ ഹന മന്ദ്‌ലികോവയാണ് ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടിയ ചെക്ക് വനിതാ താരം. അന്ന് ചെക്കോസ്ലോവാക്യയെയാണ് ഹന മന്ദ്‌ലികോവ പ്രതിനിധീകരിച്ചത്.

സീഡില്ലാ താരമായ ക്രെജിക്കോവ 31-ാം സീഡുകാരിയായ പവ്‌ലുചെങ്കോവയ്‌ക്കെതിരേ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് ചെക്ക് താരം അനായാസം നേടി. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചടി നേരിട്ടു. നിർണായകമായ മൂന്നാം സെറ്റിൽ പവ്‌ലുചെങ്കോവയെ തുരത്തി ചരിത്രത്തിലേക്ക് ക്രെജിക്കോവ റാക്കറ്റ് വീശി. സ്‌കോർ: 6-1,2-6,6-4.31 ാം സീഡായ പവ്‌ലുചെങ്കോവ ആദ്യ ഗ്രാൻസ്ലാം ഫൈനലിലാണ് കളിച്ചത്. രണ്ടാം സെറ്റിൽ ഇടതുകാലിന് പരിക്കേറ്റ് അവർ ചികിത്സ തേടിയിരുന്നു.