സെന്റ് ലൂസിയയിൽ സിക്സർ മഴ പെയ്യിച്ച് രോഹിത്; 41 പന്തിൽ 92 റൺസുമായി ഹിറ്റ്മാൻ
- Share
- Tweet
- Telegram
- LinkedIniiiii
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ നായകൻ രോഹിത് ശർമയുടെ അതിവേഗ അർധ സെഞ്ചുറിയുടെ മികവിൽ ഓസ്ട്രേലിക്ക് എതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. 41 പന്തിൽ 92 റൺസ് നേടിയ രോഹിത് ശർമയുടെ മികവിൽ ഇന്ത്യ 16 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിലാണ്. നിർണായക മത്സരത്തിൽ ആക്രമിച്ച കളിച്ച രോഹിത് 19 പന്തിൽ അർധ സെഞ്ചുറി (51) പൂർത്തിയാക്കി. ആറ് സിക്സുകൾക്ക് പുറമെ ഏഴ് ഫോറും രോഹിത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.
തകർപ്പൻ ഇന്നിങ്സിനിടെ ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ട്വന്റി 20 ക്രിക്കറ്റിൽ 200 സിക്സുകൾ പൂർത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് രോഹിത്. ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ അഞ്ചാം സിക്സ് നേടിയപ്പോഴാണ് രോഹിത്തിനെ തേടി അപൂർവ റെക്കോർഡെത്തിയത്. ഇന്ന് മിച്ചൽ സ്റ്റാർക്കിന്റെ ഒരോവറിൽ മാത്രം രോഹിത് അടിച്ചെടുത്തത് നാല് സിക്സുകളാണ്. ഒരെണ്ണം പാറ്റ് കമ്മിൻസിനെതിരെയായിരുന്നു.
157 മത്സങ്ങളിൽ നിന്നാണ് രോഹിത്തിന്റെ നേട്ടം. മാർട്ടിൻ ഗപ്റ്റിൽ (173), ജോസ് ബ്ടലർ (137), ഗ്ലെൻ മാക്സ്വെൽ (133), നിക്കോളാസ് പുരാൻ (132) എന്നിവരാണ് രോഹിത്തിന് പിന്നിൽ. 129 സിക്സ് നേടിയ സൂര്യകുമാർ യാദവ് ആറാമതാണ്. 12-ാം സ്ഥാനത്തുള്ള വിരാട് കോലിയുടെ അക്കൗണ്ടിൽ 121 സിക്സാണുള്ളത്.
രോഹിത്തിന്റെ കരുത്തിൽ ആറ് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് വെടിക്കെട്ടിൽ വെറും 8.4 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. ഇതിനിടെ മത്സരം നാല് ഓവർ പിന്നിട്ടപ്പോൾ മഴയെ തുടർന്ന് മത്സരം നിർത്തിവെച്ചിരുന്നു.
നേരത്തേ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓസീസ് ടീമിൽ ആഷ്ടൺ അഗറിന് പകരം മിച്ചൽ സ്റ്റാർക്ക് മടങ്ങിയെത്തി. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബും.
ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്.