പോളണ്ടിനോട് സമനില; ഫ്രാൻസ് പ്രീക്വാർട്ടറിൽ
- Share
- Tweet
- Telegram
- LinkedIniiiii
ഡോർട്ട്മുൺഡ്: യൂറോ കപ്പ് ഗ്രൂപ്പ് ഡിയിൽ അവസാന മത്സരത്തിൽ പോളണ്ടിനോട് സമനില വഴങ്ങിയെങ്കിലും അഞ്ച് പോയന്റോടെ രണ്ടാം സ്ഥാനക്കാരായി ഫ്രാൻസ് പ്രീക്വാർട്ടറിൽ. നിർണായക മത്സരത്തിൽ സമനില വഴങ്ങിയ പോളണ്ട് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഓസ്ട്രിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിൽ കടന്നു. മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാർട്ടറിലെത്തുമെന്നതിനാൽ മൂന്ന് കളികളിൽ നിന്ന് നാല് പോയന്റുള്ള നെതർലൻഡ്സിനും നോക്കൗട്ട് സാധ്യതയുണ്ട്.
രണ്ടു പെനാൽറ്റികൾ വിധിനിർണയിച്ച ഫ്രാൻസ് - പോളണ്ട് മത്സരത്തിൽ 56-ാം മിനിറ്റിലെ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ പെനാൽറ്റി ഗോളിൽ ടീം മുന്നിലെത്തി. 79-ാം മിനിറ്റിൽ ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ പോളണ്ട് മറുപടി നൽകി. സമനിലയോടെ മൂന്ന് കളികളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഫ്രാൻസിന്റെ നോക്കൗട്ട് പ്രവേശനം.
മത്സരത്തിലുടനീളം ഫ്രഞ്ച് മുന്നേറ്റങ്ങളെ പിടിച്ചുനിർത്തിയ പോളണ്ട് പ്രതിരോധത്തിന്റെ മികവും ഗോൾകീപ്പർ ലൂക്കാസ് സ്കോറപ്സ്കിയുടെ പ്രകടനവും ശ്രദ്ധേയമായി. ലോകകപ്പ് റണ്ണറപ്പുകൾക്കൊത്ത പ്രകടനമായിരുന്നില്ല ഫ്രാൻസിന്റേത്. മറുവശത്ത് മികച്ച മുന്നേറ്റങ്ങളിലൂടെ പോളണ്ട് കൈയടി നേടി.
കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ അന്റോയ്ൻ ഗ്രീസ്മാനെയും മാർക്കസ് തുറാമിനെയും പുറത്തിരുത്തിയാണ് ഫ്രാൻസ് ഇറങ്ങിയത്. പരിക്കേറ്റ് കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ക്യാപ്റ്റൻ കിലിയൻ എംബാപ്പെയും ബാർക്കോളയും ടീമിലെത്തി. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രിയയോട് തോറ്റ ടീമിൽ നിന്ന് അഞ്ചു മാറ്റങ്ങളോടെയാണ് പോളണ്ട് ഇറങ്ങിയത്. ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി ആദ്യ ഇലവനിലിറങ്ങി.
കളിതുടങ്ങി ആറാം മിനിറ്റിൽ തന്നെ പോളണ്ട് ഗോളിനടുത്തെത്തി. ഫ്രഞ്ച് പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത സിയലിൻസ്കിയുടെ ഷോട്ടിൽ പക്ഷേ കൃത്യസമയത്ത് ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നന്റെ ഇടപെടലെത്തി.
പിന്നാലെ രണ്ട് മികച്ച അവസരങ്ങൾ ഫ്രാൻസ് നഷ്ടപ്പെടുത്തി. 11-ാം മിനിറ്റിൽ മുന്നേറ്റത്തിനൊടുവിൽ ഡെംബെലെയിൽ നിന്ന് വന്ന പന്ത് പക്ഷേ ഗോളിലെത്തിക്കാൻ തിയോ ഹെർണാണ്ടസിനായില്ല. പിന്നാലെ പോളണ്ട് ഹാഫിൽ നിന്ന് പന്ത് റാഞ്ചി മുന്നേറി എൻഗോളോ കാന്റെ നൽകിയ പാസ് ഗോളിലെത്തിക്കാനുള്ള സുവർണാവസരം ഡെംബെലെയും കളഞ്ഞുകുളിച്ചു. ആദ്യ പകുതിയിലുടനീളം ഇരുടീമും അങ്ങോട്ടുമിങ്ങോട്ടും മികച്ച ആക്രമണങ്ങൾ നടത്തി.
തുടർന്ന് മത്സരം ആദ്യപകുതിയോട് അടുത്ത ഘട്ടത്തിൽ ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ മുതലാക്കാൻ എംബാപ്പെയ്ക്കും സാധിച്ചില്ല. പോളണ്ട് ഗോളി ലൂക്കാസ് സ്കോറപ്സ്കിയുടെ മികച്ച സേവുകളാണ് ഫ്രാൻസിനെ തടഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ഫ്രാൻസ് ആക്രമിച്ചു കളിച്ചു. 49-ാം മിനിറ്റിൽ ലഭിച്ച അവസരവും എംബാപ്പെയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.
പിന്നാലെ 55-ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ പോളണ്ട് ബോക്സിലേക്ക് കയറിയതിനു തൊട്ടുപിന്നാലെ ഡെംബെലെയെ യാക്കുബ് കിവിയോർ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. കിക്ക് അനായാസം വലയിലെത്തിച്ച എംബാപ്പെ 56-ാം മിനിറ്റിൽ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ഇത്തവണ യൂറോയിൽ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.
ഗോൾ നേടി അഞ്ചു മിനിറ്റിനകം ഫ്രാൻസ് മൂന്ന് മാറ്റങ്ങൾ വരുത്തി. കാന്റെയ്ക്കും അഡ്രിയാൻ റാബിയോട്ടിനും ബ്രാഡ്ലി ബാർകോളയ്ക്കും പകരം ഗ്രീസ്മാനും എഡ്വാർഡോ കമവിംഗയും ഒളിവർ ജിറൂദും എത്തി.
74-ാം മിനിറ്റിൽ പോളണ്ടിന്റെ പെനാൽറ്റി അപ്പീലെത്തി. ബോക്സിൽവെച്ച് സ്വിഡെർസ്കിയെ ഉപമെക്കാനോ വീഴ്ത്തിയതിനായിരുന്നു അപ്പീൽ. വാർ പരിശോധിച്ച റഫറി പോളണ്ടിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ലെവൻഡോവ്സ്കി 79-ാം മിനിറ്റിൽ പോളണ്ടിനെ ഒപ്പമെത്തിച്ചു. നാടകീയമായിരുന്നു താരത്തിന്റെ കിക്കെടുക്കൽ. ലെവൻഡോവ്സ്കിയുടെ ആദ്യ കിക്ക് ഫ്രഞ്ച് ഗോളി മൈഗ്നൻ സേവ് ചെയ്തിരുന്നു. എന്നാൽ കിക്കിനു മുമ്പ് ഗോളി ഗോൾലൈൻവിട്ട് മുന്നോട്ടുവന്നതുകൊണ്ട് രണ്ടാമത് കിക്ക് അനുവദിക്കുകയായിരുന്നു.