ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജമ്പിൽ മലയാളി താരം ആൻസി സോജൻ വെള്ളി നേടി, ഇന്ത്യയുടെ അഭിമാനമായി. 6.63 മീറ്റർ ദൂരം ചാടിയാണ് ആൻസി വെള്ളി മെഡൽ സ്വന്തമാക്കിയത്. തൃശ്ശൂർ സ്വദേശിയാണ് ആൻസി സോജൻ. ഇതോടെ ഇന്ത്യക്ക് ലോങ് ജമ്പിൽ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയതാകട്ടെ മലയാളി താരങ്ങളും

ഞായറാഴ്ച നടന്ന പുരുഷവിഭാഗം ലോങ് ജമ്പിൽ പാലക്കാട് സ്വദേശിയായ എം.ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റർ ദൂരം ചാടിയാണ് താരം മെഡൽ കരസ്ഥമാക്കിയത്. കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ആൻസി 6.63 മീറ്റർ ദൂരം കണ്ടെത്തിയാണ് വെള്ളിമെഡൽ കരസ്ഥമാക്കിയത്. ചൈനീസ് താരത്തിനാണ് സ്വർണം.

ആദ്യ ശ്രമത്തിൽ 6.13 മീറ്റർ പിന്നിട്ട ആൻസി തുടർന്നുള്ള ശ്രമങ്ങളിൽ യഥാക്രമം 6.49 മീറ്റർ, 6.56 മീറ്റർ എന്നിങ്ങനെ പ്രകടനം മെച്ചപ്പെടുത്തി. നാലാം ശ്രമത്തിൽ 6.34 മീറ്റർ ദൂരം കണ്ടെത്തിയ ആൻസി അവസാന ശ്രമത്തിലാണ് കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത് വെള്ളി നേട്ടത്തിലെത്തിയത്.

അത്‌ലറ്റിക്‌സിൽ ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ പാരുൾ ചൗധരി വെള്ളി സ്വന്തമാക്കി. പ്രീതി ലംബയ്ക്ക് വെങ്കലവും. ആറ് ദിവസത്തെ മത്സരങ്ങൾ ബാക്കി നിൽക്കെ മെഡൽ നില 60 ലെത്തി. വനിതകളുടെ ടേബിൾ ടെന്നീസ് ഡബിൾസ് സെമിയിൽ, ഇന്ത്യയുടെ സുതീർത്ഥ മുഖർജിയും, അയ്ഹിക മുഖർജിയും പരാജയപ്പെട്ടു. തോറ്റെങ്കിലും, വെങ്കല മെഡൽ സ്വന്തമാക്കി.

സ്‌കേറ്റിങ്ങിലും ഇന്ത്യ രണ്ടു വെങ്കല മെഡൽ നേടി. വനിതാ ടീം സ്പീഡ് സ്‌കേറ്റിങ് 3000 മീറ്റർ റിലേയിലും, പുരുഷടീം 300 മീറ്റർ റിലേയിലുമാണ് വെങ്കലം നേടിയത്. ഇന്ത്യയുടെ പുരുഷ ഹോക്കി ടീം പൂൾ എ മാച്ചിൽ ബംഗ്ലാദേശിനെ 12-0 ത്തിന് പരാജയപ്പെടുത്തി സെമിയിൽ കടന്നു.