റൂർക്കല: ഹോക്കിയെ സ്‌നേഹിക്കുന്ന ഒഡിഷയുടെ മണ്ണിൽ വീണ്ടുമൊരിക്കൽ കൂടി ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം.ആകെ 16 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ആകെ 44 മത്സരങ്ങളാണുള്ളത്. 17 ദിവസം ലോകകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പ് നീണ്ടുനിൽക്കും.ഭുവനേശ്വറിലും റൂർക്കേലയിലുമായണ് ടൂർണമെന്റ് നടക്കുന്നത്.ആദ്യ ദിനം സ്‌പെയിനിനെ ഇന്ത്യ നേരിടും.അർജന്റീന-സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്നുണ്ട്.

നാലാം തവണയാണ് ഇന്ത്യ ഹോക്കി ലോകകപ്പിന് വേദിയാവുന്നത്. 2018ൽ ഒഡിഷ തന്നെ ചാമ്പ്യൻഷിപ്പിന് വേദിയായിരുന്നു. അതിന് മുമ്പ് 1982ന് മുംബൈയിലും 2010ൽ ഡൽഹിയിലും ലോക ഹോക്കി ചാമ്പ്യൻഷിപ്പ് നടന്നു. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് തുടർച്ചയായി രണ്ടാംവട്ടവും ഒഡിഷ ടൂർണമെന്റിന് വേദിയാവാൻ കാരണം.

മത്സരഘടന

അഞ്ച് വൻകരകളിൽനിന്നാണ് 16 ടീമുകളെത്തുന്നത്. നാല് ഗ്രൂപ്പുകളായിട്ടാണ് മത്സരം. ഗ്രൂപ്പ് ജേതാക്കൾ നേരിട്ട് ക്വാർട്ടർ ഫൈനലിൽ കടക്കും. രണ്ടും മൂന്നും സ്ഥാനക്കാർ ക്രോസോവർ മത്സരങ്ങൾ കളിക്കും. ഇതിലെ വിജയികൾ ക്വാർട്ടറിലെത്തും. ഫൈനൽ ജനുവരി 29-നാണ്.

ചരിത്രം

1975-ലാണ് ഇന്ത്യയുടെ ഏക ലോകകപ്പ് ജയം. അജിത്പാൽ സിങ് നയിച്ച ടീം ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് കിരീടം നേടിയത്. 2-1 നായിരുന്നു ജയം. സുർജിത് സിങ് രൺധാവയും അശോക് കുമാറുമാണ് ഇന്ത്യക്കായി ഗോൾ നേടിയത്. 1973-ൽ ഇന്ത്യ ഫൈനൽ കളിച്ചെങ്കിലും ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനോട് തോറ്റു

ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലോകകപ്പ് കിരീടങ്ങൾ പാക്കിസ്ഥാന്റെ പേരിലാണ്, നാലുതവണ. 1971 -ൽ കന്നി ലോകകപ്പിൽ കപ്പുയർത്തിയതും അവർതന്നെ. ഇത്തവണ അവർക്ക് യോഗ്യത നേടാനായിട്ടില്ല. നെതർലൻഡ്‌സും ഓസ്‌ട്രേലിയയും മൂന്നുതവണ വീതവും ജർമനി രണ്ട് തവണയും കിരീടം നേടി.ബെൽജിയമാണ് നിലവിലെ ചാമ്പ്യന്മാർ. വെയ്ൽസും ചിലിയും ഇത്തവണ ലോകകപ്പിൽ അരങ്ങേറുന്നുണ്ട്.

കരുത്തർ കളത്തിലിറങ്ങുന്ന ആദ്യ ദിനം ടീം ഇന്ത്യയ്ക്ക് എതിരാളി സ്‌പെയിനാണ്. ഇന്ത്യയുടെ കളി രാത്രി ഏഴ് മണിക്കാണ്.ഒന്നും എളുപ്പമല്ലെങ്കിലും നീണ്ട കാത്തിരിപ്പ് അവസാനിച്ച് ഒളിപിംക്സ് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ഇത്തവണ കിരീടം സ്വപ്നം കാണുന്നുണ്ട്. സ്‌പെയിനിനെതിരെ നേർക്കുനേർ കണക്കിൽ ഇന്ത്യയാണ് മുന്നിൽ. 13 മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ 11ൽ സ്‌പെയിൻ ജയിച്ചു.

പക്ഷെ ഒടുവിൽ കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്ന് സമനിലയിലായപ്പോൾ ഒന്നിൽ സ്‌പെയിൻ ജയിച്ചു. അതായത് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് പുറകിലാണെങ്കിലും കനത്ത വെല്ലുവിളി സ്‌പെയിനിൽ നിന്ന് ഉറപ്പ്.നല്ല രീതിയിൽ തുടങ്ങിയ ശേഷം അലക്ഷ്യമായി വിജയം ഇന്ത്യ കൈവിട്ടെന്ന് ഒടുവിലെ രണ്ട് മത്സരങ്ങളെയും വിലയിരുത്താം. അനാവശ്യമായി മഞ്ഞകാർഡുകൾ വാങ്ങിക്കുന്നതും പെനാൽറ്റി കോർണറുകൾ വഴങ്ങുന്നതും ഇനി ആവർത്തിക്കരുത്.

ലോകത്തെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാറൊന്നും സ്‌പെയിൻ നിരയിലില്ല. പക്ഷെ ഉണർന്ന് കളിക്കാൻ കഴിവുള്ള യുവനിരയുണ്ട്. അവരെ ഇന്ത്യ കരുതണം. ഗോൾവല കാക്കാൻ ഈ ലോകകപ്പിലും പി ആർ ശ്രേജേഷുണ്ട്. പരിക്കിൽ നിന്ന് മുക്തനായ വിവേക് സാഗർ പ്രസാദ് മധ്യനിരയിൽ മടങ്ങി വരുന്നതും മുതൽകൂട്ടാണ്. പുതുതായി നിർമ്മിച്ച ബിർസാമുണ്ട സ്റ്റേഡിയത്തിലാണ് പോരാട്ടം.