- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാന നഗരിക്ക് ഇനി നാലുനാൾ കൗമാരത്തിന്റെ കായികാവേശം; സംസ്ഥാന സ്‌കുൾ കായികോത്സവത്തിന് ഇന്ന് തുടക്കം; തിരുവനന്തപുരത്തേക്ക് കായികോത്സവം എത്തുന്നത് 4 വർഷത്തെ ഇടവേളക്ക് ശേഷം; ഇത്തവണത്തെ മേള ചരിത്രത്തിലാദ്യമായി ഫ്‌ളഡ് ലൈറ്റ് മത്സങ്ങളടക്കം ഒട്ടേറെപ്പുതുമകളോടെ
തിരുവനന്തപുരം: കോവിഡ് കവർന്ന 2 വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്‌കൂൾ കായികോത്സവം ഇന്നുമുതൽ തിരുവനന്തപുരത്ത്. 4 ദിവസത്തെ കായികമേള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്. മത്സരങ്ങൾ ഇന്നു രാവിലെ 7ന് ആരംഭിക്കും. 9ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു കൊടിയേറ്റും. ഇന്നത്തെ മത്സരങ്ങൾ വൈകിട്ട് 5ന് സമാപിക്കും.
തുടർന്ന് പതിന്നാല് ജില്ലാ ടീമുകളും മാർച്ച് പാസ്റ്റിനായി ഗ്രൗണ്ടിൽ അണിനിരക്കും. 63മത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ജില്ല ഏറ്റവും മുന്നിലും ബാക്കി ജില്ലകൾ ആൽഫബെറ്റിക് ഓർഡർ അനുസരിച്ചും ഏറ്റവും അവസാനം ആതിഥേയരായ തിരുവനന്തപുരം ജില്ല എന്ന ക്രമത്തിൽ ആയിരിക്കും മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നത്. തുടർന്ന് ദീപശിഖ റാലി ഗ്രൗണ്ടിൽ പ്രവേശിക്കും.
ദീപശിഖ കായികതാരങ്ങൾ കൈമാറി ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയക്ക് കൈമാറുകയും അദ്ദേഹം 64മത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖ തെളിയിക്കുകയും ചെയ്യും. തുടർന്ന് ഉത്ഘാടന സമ്മേളനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പിന്നാലെ ടീം ക്യാപ്റ്റന്മാർ പ്രതിജ്ഞ ചൊല്ലും.ഉത്ഘാടനത്തിനു ശേഷം വിവിധ സ്‌കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥ്യം അരുളുന്നത്.
കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ ബോയ്‌സ് & ഗേൾസ്, ജൂനിയർ ബോയ്‌സ് & ഗേൾസ്, സീനിയർ ബോയ്‌സ് & ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ 1443 ആൺകുട്ടികളും, 1294 പെൺകുട്ടികളും ഉൾപ്പെടുന്നു. മുന്നൂറ്റി അമ്പതോളം ഒഫിഷ്യൽസും ഈ മേളയിൽ പങ്കെടുക്കും.
ഇന്ത്യയിൽ തന്നെ ആദ്യമായി സംസ്ഥാന സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തുകയാണ്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
2022 നവംബർ രണ്ടാം തീയതി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം എസ്.എം വി മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന കായികോത്സവത്തിന്റെ വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചെയർമാനായി 19 സബ് കമ്മിറ്റികൾ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
24-ാം തീയതി മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലും 29-ാം തീയതി മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലും അവലോകന യോഗം നടന്നു. കായിക മേളക്ക് ഉപയോഗിക്കുന്ന രണ്ടു ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ഹാമർ ത്രോ, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ എന്നീ ത്രോയിങ് ഇനങ്ങളും കുട്ടികളുടെ വാർമിങ് അപ് ഏരിയ, ഫസ്റ്റ് കോൾ റൂം എന്നിവയും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ഇരു സ്റ്റേഡിയങ്ങളിലും അലോപ്പതി, ഹോമിയോപ്പതി, ആയൂർവേദം, ഫിസിയോ തെറാപ്പിസ്റ്റ്, ആമ്പുലൻസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ടീം സജ്ജീകരിച്ചിട്ടുണ്ട്.ഇരു സ്റ്റേഡിയങ്ങളിലും ടോയ്‌ലെറ്റ് സൗകര്യം, വെള്ളത്തിന്റെ ലഭ്യത, കായികതാരങ്ങൾക്കും ഒഫീഷ്യൽസിനുമുള്ള കുടിവെള്ളം തുടങ്ങിയവ ഉണ്ടാകുന്നതാണ്. മത്സരത്തിനായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്പോർട്സ് സ്‌പെസിഫിക്ക് വോളന്റിയർമാരായി അറുപത്തഞ്ചോളം പേരെ സജ്ജീകരിച്ചിട്ടുണ്ട്. ഒഫിഷ്യൽസ്, വോളന്റിയേഴ്‌സ് ഇവർക്കുള്ള ഓറിയന്റേഷൻ ക്ലാസ് രണ്ടാം തീയതി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്നതാണ്.നഗരത്തിലെ ഇരുപതോളം സ്‌കൂളുകളിലാണ് കായികതാരങ്ങളെ താമസിപ്പിക്കുന്നത്. താമസ സ്ഥലങ്ങളിൽ വൈദ്യുതി, ആവശ്യത്തിന് വെള്ളം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. വാമിങ് അപ് കഴിഞ്ഞ് കുട്ടികളെ പ്രധാന സ്റ്റേഡിയത്തിൽ എത്തിക്കാൻ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ആദ്യ ദിവസം രാവിലെ 7 മണിക്കും മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 6.30നും ആയിരിക്കും മത്സരങ്ങൾ ആരംഭിക്കുന്നത്. ക്രോസ് കൺട്രി മത്സരങ്ങൾ അവസാന ദിവസമായ ആറാം തീയതി രാവിലെ 6.30 ന് നടക്കും. ക്രോസ് കൺട്രി മത്സരം ചാക്ക എയർപോർട്ട് റോഡിൽ നിന്ന് ആരംഭിച്ച് സ്റ്റേഡിയത്തിൽ അവസാനിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ആൺകുട്ടികൾക്ക് ആറ് കിലോമീറ്ററും പെൺകുട്ടികൾക്ക് നാല് കിലോമീറ്ററും ആണ് മത്സരിക്കേണ്ടത്.
ഇരു സ്റ്റേഡിയങ്ങളിലും നടക്കുന്ന മത്സരങ്ങളുടെ ഫലങ്ങൾ ഉടനെ തന്നെ മാധ്യമങ്ങളെയും സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിലും ഓൺലൈനായി അറിയിക്കുന്നതാണ്. നിലവിൽ 2019 വരെയുള്ള സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്റ്റേറ്റ് റെക്കോർഡുകളെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ 2018 മുതൽ ദേശീയ സ്‌കൂൾ കായികമേളയുടെ റെക്കോഡുകൾ സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യാ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ആയതിനാൽ ദേശീയ റെക്കോർഡ് കണ്ടെത്തുന്നതിന് നിലവിൽ സാഹചര്യമില്ല.
എന്നാൽ സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യാ ദേശീയ റെക്കോർഡുകൾ അപ്‌ഡേറ്റ് ചെയ്യുന്ന മുറക്ക് ഇത് ലഭ്യമാക്കുന്നതാണ്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ജില്ലകൾക്ക് യഥാക്രമം രണ്ട് ലക്ഷത്തി ഇരുപതിനായിരം, ഒരു ലക്ഷത്തി അറുപത്തി അയ്യായിരം, ഒരു ലക്ഷത്തി പതിനായിരം എന്നിങ്ങനെ സമ്മാനതുക നൽകും.
ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരാകുന്ന കുട്ടികൾക്ക് നാല് ഗ്രാം സ്വർണ്ണപതക്കം സമ്മാനമായി നൽകും. കൂടാതെ സംസ്ഥാന റെക്കോഡ് സ്ഥാപിക്കുന്ന കായികതാരങ്ങൾക്ക് നാലായിരം രൂപ വച്ച് സമ്മാന തുക നൽകും. ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭക്ഷണ വിതരണം സെന്റ് ജോസഫ് സ്‌കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ഒരേ സമയം എണ്ണൂറിൽപ്പരം മത്സരാർഥികൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന രീതിയിലാണ് സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.
ആറാം തീയതി വൈകുന്നേരം 4.30ന് മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിക്കുന്നതാണ്. യോഗത്തിൽ മന്ത്രി ആന്റണി രാജു, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.
കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമുകളിലൂടെയും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും
മറുനാടന്‍ മലയാളി ബ്യൂറോ