ലോകം മുഴുവൻ ഇന്നലെ പിതൃദിനം ആഘോഷിച്ചപ്പോൾ ആൻഡി മുറേക്ക് ലഭിച്ചത് അതുല്യമായ ഒരു സമ്മാനമായിരുന്നു. നോട്ടിങ്ഹാം ഓപ്പൺ നേടിയ ആൻഡിയുടെ ആഹ്ലാദത്തിന് കൂടുതൽ മിഴിവേകാൻ അച്ഛനറിയാതെ നാല് മക്കളും ഗ്യാലറിയിൽ. തന്റെ നന്ദി പ്രകടന പ്രസംഗത്തിനിടയിലായിരുന്നു ബ്രിട്ടീഷ് ടെന്നീസ് താരം ഗ്യാലറിയിൽ ഇരിക്കുന്ന ഭാര്യ കിം സിയേഴ്സിനേയും നാല് മക്കളെയും കാണുന്നത്.

അവർ കളി കാണാൻ എത്തുന്ന വിവരം പക്ഷെ മുറേയ്ക്ക് അറിയില്ലായിരുന്നു. അഹ്ലാദത്തിനിടെ ലഭിച്ച അത്ഭുതത്തിന്റെ ഇരട്ടി മധുരം ആരാധകരുമായി പങ്കുവയ്ക്കാൻ മുറേ മടിച്ചില്ല. തികച്ചും അപ്രതീക്ഷിതമായ ആ സാന്നിദ്ധ്യത്തിൽ, മുറെ ആഹ്ലാദവും അത്ഭുതവും രേഖപ്പെടുത്തി. 6-4, 6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്ക് വിജയമുറൂപ്പിച്ച മുറേയുടെ തുടർച്ചയായ വിജയമായിരുന്നു ഇത്. ഫ്രഞ്ച് താരം ആർതർ കസോക്സിനെയായിരുന്നു മുൻ ലോക ഒന്നാം നമ്പർ താരം പരാജയപ്പെടുത്തിയത്.

മാച്ചിന് ശേഷം കോർട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ, തന്റെ ഗ്യാലറിയിൽ തന്റെ മക്കളുടേ സാന്നിദ്ധ്യം അറിയാതെ ആൻഡി മുറെ പറഞ്ഞത്, ഇന്ന് വീട്ടിൽ തിരിച്ചെത്തി കുട്ടികൾക്കൊപ്പം ഫാദേഴ്സ് ഡേ ആഘോഷിക്കും എന്നായിരുന്നു. അവർ ഉറങ്ങുന്നതിനു മുൻപ് വീട്ടിൽ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും, നാളെ ഒരു ദിവസം അവർക്ക് വേണ്ടി മാറ്റിവയ്ക്കും എന്നും അദ്ദേഹം പറഞ്ഞു. ആ സമയത്തായിരുന്നു സ്റ്റാൻഡിൽ നിന്നും ആർപ്പു വിളി കേട്ട് മുറേ അങ്ങോട്ട് നോക്കിയതും തന്റെ പ്രിയപ്പെട്ടവരെ കണ്ടതും.

''ഹേ, അവരെല്ലാം ഇവിടെയുണ്ട്.... എനിക്കറിയില്ലായിരുന്നു അവർ വരുമെന്ന്'' ആഹ്ലാദത്തിൽ പരിസരം മറന്ന് ആ പിതൃഹൃദയം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. 2005 ൽ, യു എസ് ഓപ്പൺ ചാമ്പ്യൻഷിപ്പിനിറ്റയിലായിരുന്നു മുറേ തന്റെ ഭാര്യയെ കണ്ടുമുട്ടുന്നത്. എന്നാൽ, അവർ ആ ബന്ധം ഏറെക്കാലം രഹസ്യമാക്കി വച്ചു. പക്ഷെ തൊട്ടടുത്ത വർഷം മുറെയുടെ കാലിഫോർണിയൻ യാത്രയിൽ അത് പരസ്യമായി.

അന്ന് 18 വയസ്സ് മാത്രമുണ്ടായിരുന്ന കിം സ്‌കൂളിൽ പഠിക്കുകയായിരുന്നു. പിന്നീട് 2015- ൽ സ്‌കോട്ട്ലാൻഡിലെ ഡൺബ്ലേൻ കത്തീഡ്രലിൽ വച്ചായിരുന്നു ഇവർ വിവാഹിതരായത്.