തൊടുപുഴ: തീക്കട്ടയിൽ ഉറുമ്പരിച്ചപോലെ കോടതിയിലെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ചു സഹപ്രവർത്തകരായ വനിതാ ജീവനക്കാരുടേതടക്കമുള്ള ദൃശ്യങ്ങൾ ഒപ്പിയെടുത്ത കോടതി ജീവനക്കാരനെ കണ്ടെത്താനാകാതെ പൊലിസ് കുഴങ്ങുന്നു. പാസ്‌പോർട്ട് പിടിച്ചെടുത്ത് പൊലിസ്, പ്രതി രാജ്യം വിടുന്നത് തടയുകയും പ്രതിയുടെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തുവെങ്കിലും സംഭവമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും ഇയാളെക്കുറിച്ച് യാതൊരു സൂചനകളും പൊലിസിന് ഇനിയും ലഭിച്ചിട്ടില്ല. സംഭവത്തിൽ കോടതിയിലെ വനിതാ ജീവനക്കാരാകെ പരിഭ്രാന്തിയിലാണെന്നും അറസ്റ്റ് വൈകുന്നതിൽ കോടതി അന്വേഷണോദ്യോഗസ്ഥനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചതായുമാണ് വിവരം. പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ഊർജിത നടപടികളിലാണ് പൊലിസ്.

കഴിഞ്ഞ മാസം 15നാണ് മുട്ടത്ത് പ്രവർത്തിക്കുന്ന തൊടുപുഴ ജില്ലാ കോടതിയുടെ ശുചിമുറിയിൽനിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ഫ്ളാഷ് ടാങ്കിനു മുകളിൽനിന്നും ഒളികാമറ കണ്ടെത്തിയത്. ജീവനക്കാരും കോടതിയിലെത്തുന്നവരും ഉപയോഗിക്കുന്ന ശുചിമുറിയാണിത്. കോടതിയിലെ ഒരു ജീവനക്കാരിയാണ് സംശയാസ്പദമായ നിലയിൽ പ്ലാസ്റ്റിക് പൊതി കണ്ടത്. തുടർന്നു സഹപ്രവർത്തകരെ വിവരമറിയിക്കുകയും കോടതി നിർദ്ദേശപ്രകാരം കാഞ്ഞാർ പൊലിസ് സ്ഥലത്തെത്തി കാമറ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കാമറ കസ്റ്റഡിയിലെടുത്തതിനു തൊട്ടു പിന്നാലെ കോടതിയിലെ ക്ലെറിക്കൽ അറ്റൻഡർ ചേർത്തല പട്ടണക്കാട് പത്മാക്ഷിക്കവല വിമൽ ഭവനിൽ വിജു ഭാസ്‌കർ ഒളിവിലാകുകയും ചെയ്തു. പൊലിസ് നടത്തിയ പരിശോധനയിൽ കാമറ സ്ഥാപിച്ചത് വിജുവാണെന്നു സ്ഥിരീകരിച്ചു. കാമറ ഫ്‌ളഷ് ടാങ്കിനു മുകളിൽ വച്ചശേഷം ഇയാൾ തിരിഞ്ഞു നടക്കുന്നതിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധർ ശേഖരിച്ച തെളിവുകളിൽനിന്ന് ഇയാൾ തന്നെയാണ് പ്രതിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വിജു കോടതിയിൽനിന്നും അപ്രത്യക്ഷമാകുകയും പ്രതിയാണെന്ന് സ്ഥിരീകരണം വരികയും ചെയ്തതിനു പിന്നാലെ ഭർത്താവിനെ കാണാനില്ലെന്നുകാട്ടി വിജുവിന്റെ ഭാര്യ പൊലിസിൽ പരാതി നൽകുകയും ചെയ്തു.

നവംബർ 13ന് ശുചിമുറിയിൽ കാമറ സ്ഥാപിച്ചതായാണ് പരിശോധനയിൽ വ്യക്തമായത്. 13, 14, 15 ദിവസങ്ങളിലെ ദൃശ്യങ്ങൾ കാമറയിലുണ്ട്. ഓൺലൈൻ ഷോപ്പിങ് സൈറ്റിൽനിന്നാണ് ഇയാൾ കാമറ വാങ്ങിയത്. കൊറിയർ സർവീസ് വഴിയെത്തിയ പാഴ്‌സൽ വിജുവാണ് കൈപ്പറ്റിയതെന്നു തെളിവ് ലഭിച്ചിരുന്നു. 16 ജി. ബി മെമ്മറിയുള്ളതാണ് കാമറ. നേരത്തെ കാമറ സ്ഥാപിച്ചിരുന്നോയെന്നും ദൃശ്യങ്ങൾ പകർത്തുകയോ കൈമാറുകയോ ചെയ്തിട്ടുണ്ടോയെന്നും വ്യക്തമായിട്ടില്ല. പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽനിന്നും കണ്ടെത്തിയ ലാപ് ടോപ് പൊലിസ് വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തിനുശേഷം വിജു വീട്ടിലെത്തിയിട്ടില്ലെന്നാണ് ഭാര്യയും ബന്ധുക്കളും പറയുന്നത്. ഇയാൾ എത്താൻ സാധ്യതയുള്ള വീടുകളിലും മറ്റും പൊലിസ് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. വീട്ടിൽനിന്നാണ് പാസ്‌പോർട്ട് കണ്ടെടുത്തത്.

കോടതിയിലും പുറത്തും ഒറ്റയാനായി കഴിയുന്ന സ്വഭാവമാണ് വിജുവിൻേതെന്നാണ് അറിയുന്നത്. അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരനായ ഇയാൾ ഇഷ്ടമില്ലാത്തവരോട് ധിക്കാരത്തോടെ പെരുമാറുകയും ചെയ്യുമത്രേ. സഹപ്രവർത്തകരടക്കം പലർക്കുമെതിരെ പരാതി നൽകിയും ഉപദ്രവിച്ചതായി പറയുന്നു. വീട്ടിലും ജോലിസ്ഥലത്തും അന്തർമുഖനാണ്. കാമറ സ്ഥാപിച്ചത് ദൃശ്യങ്ങൾ പ്രചരിപ്പിക്കാനോണോയെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല. കാഞ്ഞാർ സി. ഐ മാത്യു ജോർജിനാണ് കേസിന്റെ അന്വേഷണ ചുമതല.

കാമറ പിടിച്ചെടുത്തു രണ്ടാഴ്ചയെത്തിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ കോടതി ജീവനക്കാരടക്കമുള്ളവർ പ്രതിഷേധമുയർത്തിയിരുന്നു. ഇതേ തുടർന്ന് സി. ഐയെ കോടതി വിളിച്ചു വരുത്തി വിശദീകരണം തേടുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ കഴിയാത്തതിൽ അതൃപ്തിയും അറിയിച്ചു. തുടർന്ന് ജില്ലാ പൊലിസ് മേധാവി എ. വി ജോർജ് പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചു. തൊടുപുഴ ഡിവൈ. എസ്. പി: എൻ. എൻ പ്രസാദിന്റെ നേതൃത്വത്തിൽ കാഞ്ഞാർ സി. ഐ, മുട്ടം എസ്. ഐ: എസ്. ഷൈൻ, കുളമാവ് ഗ്രേഡ് എസ്. ഐ: തോമസ് എന്നിവരടക്കം അഞ്ചംഗ സംഘമാണ് പ്രതിക്കായി ഇപ്പോൾ തെരച്ചിൽ നടത്തുന്നത്.

പൊലിസിനെ വെട്ടിച്ചു നടക്കുന്ന പ്രതി പിന്നീട് ഇതുവരെ വീട്ടുകാരും ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടത്തൽ. ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രധാന ടൗണുകളിലും ബസ്, ടാക്‌സി, ഓട്ടോ സ്റ്റാൻഡുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും പ്രതിയുടെ ചിത്രം വച്ച് പോസ്റ്ററുകൾ പതിപ്പിക്കുകയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വിവരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാൾ സംസ്ഥാനം വിട്ടുപോയിട്ടുണ്ടാകാമെന്നും പൊലിസ് സംശയിക്കുന്നുണ്ട്.

ഇതേസമയം ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ആർക്കും ആശങ്ക വേണ്ടെന്നാണ് പൊലിസ് ഭാഷ്യം. ദൃശ്യങ്ങളൊന്നും പകർത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ വാങ്ങി സ്ഥാപിച്ച കാമറ തീരെ നിലവാരം കുറഞ്ഞതുമാണ്. തൊട്ടടുത്തുള്ളതല്ലാത്ത കാഴ്ചകളൊക്കെ മങ്ങിയ നിലയിലേ ലഭിക്കൂവെന്നും പറയുന്നു. എങ്കിലും പ്രതിയെ അറസ്റ്റ് ചെയ്താലേ തങ്ങളുടെ മനസമാധാനം തിരികെ ലഭിക്കൂവെന്നാണ് കോടതി ജീവനക്കാരുടെ പക്ഷം. പ്രതിയെ ഒളിവിൽ കഴിയാൻ വീട്ടുകാർ സഹായം നൽകുന്നുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രതിയുടെ പിതാവ് ഡോക്ടറും ഭാര്യാപിതാവ് അറിയപ്പെടുന്ന ജോത്സ്യനുമാണ്.