കൊച്ചി: സംസ്ഥാനത്തെ മുൾമുനയിൽ നിർത്തുന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും നടത്തിവരുന്ന സോളാർ നായിക സരിത എസ്. നായറിനു ചുറ്റും കേരള പൊലീസിന്റെ ചാരക്കണ്ണുകൾ. സരിത ഇപ്പോൾ താമസിക്കുന്നത് ആലുവയിലെ ചെമ്പകശ്ശേരി കടവിലെ പെരിയാർ ഫ്‌ളാറ്റിലാണ്. ഫ്‌ളാറ്റും പരിസരവും പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗത്തിന്റ സജീവ നിരീക്ഷണത്തിലാണ്. സരിതയുടെ ഇപ്പോഴത്തെ അഭിഭാഷകൻ മുഖേന ആലുവയിലുള്ള കേബിൾ ഓപ്പറേറ്ററായ, ബ്രോക്കറുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിലെ എ വിഭാഗവുമായി ബന്ധമുള്ള കരാറുകാരനായ ബാബു അമ്പാട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റാണ് തരപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബർ 10-നാണ് സരിത ഫ്‌ളാറ്റിൽ താമസത്തിനെത്തിയത്. പ്രതിമാസം 25000 രൂപയ്ക്കാണ് ഫ്‌ളാറ്റ് സരിതയ്ക്കു വാടകയ്ക്കുനൽകിയത്.

ഫ്‌ളാറ്റിലെ ആറാംനിലയിലാണ് സരിത ഇപ്പോൾ താമസിക്കുന്നത്. സരിതയുടെ കൂഞ്ഞമ്മയുടെ മകനെന്നു പറയുന്ന അജയകുമാറുമുണ്ട് കൂട്ടിനായി ഫ്‌ളാറ്റിൽ. ഡോക്ടർമാരും ഉയർന്ന ഉദ്യോഗസ്ഥന്മാരും അടക്കമുള്ളവരാണ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാർ. എന്നാൽ സരിത ഫ്‌ളാറ്റിൽ താമസിക്കാൻ തുടങ്ങിയതോടെ ഇവരുടെ സ്വൈര്യജീവിതത്തിനും കോട്ടം തട്ടിയതായി പരാതിയുണ്ട്. ഫ്‌ളാറ്റിനു ചുറ്റും സരിതയ്ക്കു സംരക്ഷണമേറ്റിട്ടുള്ള ക്വട്ടേഷൻ സംഘങ്ങളാണ് നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർ ഫ്‌ളാറ്റിലേക്കു കയറുന്നത് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതിനെതുടർന്ന് ഫ്‌ളാറ്റിന്റെ കോമ്പൗണ്ടിൽ ക്വട്ടേഷൻ സംഘങ്ങൾ വാഹനത്തിലാണ് തങ്ങുന്നത്.

സരിത ഫ്‌ളാറ്റിൽ താമസിക്കുന്നതറിഞ്ഞ് സരിത നൽകാനുള്ള പണം ആവശ്യപ്പെട്ട് പലരും ഫ്‌ളാറ്റിൽ എത്തിത്തുടങ്ങിയിരുന്നു. ഇവരെ ആരും ഫ്‌ളാറ്റിലേക്കുകടത്തി വിടരുതെന്ന് സെക്യൂരിറ്റി ജീവനക്കാരോട് കർശനമായി സരിത ആവശ്യപ്പെട്ടിട്ടുണ്ട്. സരിത പുറത്തിറങ്ങിയാലുടനെ ക്വട്ടേഷൻസംഘവും പിന്നാലെ പായും. സഞ്ചാരത്തിനിടെ തിരക്കേറിയ കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ കയറുന്ന സരിതക്കു ചുറ്റും ക്വട്ടേഷൻസംഘം നിലയുറപ്പിക്കും. സരിത പോകുന്നതും വരുന്നതും ആരെങ്കിലുമായി കണ്ടു മുട്ടുന്നതുമടക്കം അപ്പപ്പോൾത്തന്നെ പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം നിരീക്ഷിച്ച് വിവരങ്ങൾ അപ്പപ്പോൾ അറിയിച്ചുകൊണ്ടിരിക്കുകയാണ്. സരിത താമസിക്കുന്ന ഫ്ളാറ്റിനകത്തും പുറത്തും മഫ്തിയിൽ രഹസ്യപ്പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രി ആര്യാടനും കോഴ വാങ്ങിയിട്ടുള്ളതായി സോളാർ കമ്മീഷനിൽ വെളിപ്പെടുത്തിയ ആദ്യദിനം ആര്യാടൻ കൊച്ചിയിലെത്തിയിരുന്നു. അവിടെ ഗസ്റ്റ് ഹൗസിൽ മുറിയെടുത്ത ശേഷം മലപ്പുറത്തു വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പോയി തിരികെ വീണ്ടും മുറിയിലെത്തി, പിന്നീട് തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു. ആര്യാടൻ കൊച്ചിയിലെത്തി തിരികെ മടങ്ങുന്നതുവരെയുള്ള സമയം അദ്ദേഹമറിയാതെ സ്‌പെഷൽ ബ്രാഞ്ച് പൊലീസ് അദ്ദേഹത്തിന്റെ നീക്കങ്ങൾ പിന്തുടരുന്നുണ്ടായിരുന്നുവത്രേ. കോഴ ആരോപണത്തെത്തുടർന്ന് അദ്ദേഹം സരിതയുമായി കാര്യങ്ങൾ 'സെറ്റിൽ' ചെയ്യുന്നുണ്ടോയെന്നായിരുന്നു അവർ നിരീക്ഷിച്ചിരുന്നത്. ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമായിരുന്നില്ല, ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ഭാഗമായായിരുന്നുവത്രേ ഈ നീക്കം.

സരിത എസ്. നായരുടെ സോളാർകേസ് കൈകാര്യം ചെയ്യുന്നത് ആലുവയിലെ അഭിഭാഷകൻ എം പി വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ജനതാദൾ യുണൈറ്റഡിന്റെ ആലുവ നിയോജകമണ്ഡലം ഭാരവാഹിയാണ്. മജിസ്‌ട്രേറ്റിനു കൈക്കൂലി നല്കാനെന്ന പേരിൽ കക്ഷിയോടു പണം വാങ്ങിയെന്ന പരാതിയിൽ ആലുവയിലെ അഭിഭാഷക ബാറിൽനിന്നും പറത്താക്കിയയാളാണ് ഇദ്ദേഹം. ആറുവർഷം മുമ്പു കളമശേരിയിൽ വാഹനമോഷണക്കേസിലെ പ്രതികൾക്കു ജാമ്യം വാങ്ങി നല്കാനെന്നു പറഞ്ഞാണത്രേ പണം വാങ്ങിയത്.