- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണകൂടങ്ങൾക്കായി സൈബർ ചാരപ്പണി; പെഗസ്സസ് ഇത്തവണ ലക്ഷ്യമിടുന്നത് ഭരണ,രാഷ്ട്രീയ നേതാക്കളെ; സ്പൈവെയർ ആക്രമണം കേരളാ മുഖ്യമന്ത്രിയിലേക്കും എത്തുമോ? സുബ്രമണ്യൻ സ്വാമിയുടെ വെളിപ്പെടുത്തലിൽ ചർച്ചകൾ ഉയരുന്നു
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിലെ കാബിനറ്റ് മന്ത്രിമാരുടേതടക്കം രാജ്യത്തെ പ്രമുഖ ഭരണ, രാഷ്ട്രീയ നേതാക്കളുടെ ഫോണുകൾ ചോർത്തിയെന്ന കടുത്ത അഭ്യൂഹമെന്ന രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇസ്രയേൽ കമ്പനി പെഗസ്സസ് വീണ്ടും വാർത്തകളിൽ നിറയുന്നു.
ആഗോളതലത്തിൽ പ്രധാന വ്യക്തികളുടെ വിവരങ്ങൾ ഇസ്രയേൽ കമ്പനിയെ ഉപയോഗിച്ച് ചോർത്തുന്നു എന്നത് സംബന്ധിച്ച വലിയ വാർത്ത വരാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്‌മണ്യൻ സ്വാമി നടത്തിയ ട്വീറ്റ് ഇതിനകം വലിയ ചർച്ചയ്ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
കേരളത്തിലെ നേതാക്കളുടെ ഫോൺ വിവരങ്ങൾ ഹാക്കർമാരുടെ കൈയിലെത്തിയോ എന്നതും ചർച്ചകളിൽ ഉയരുന്നുണ്ട്. അതേസമയം പെഗസ്സസ് വാർത്തകളിൽ ഇടം നേടിയ സമയത്ത് ഹാക്കർമാർ ലക്ഷ്യം വെച്ചിരുന്നത് സൈനിക, പ്രതിരോധ മേഖലകളിലുള്ളവരെയായിരുന്നു. എന്നാൽ ഇത്തവണ സുബ്രമണ്യൻ സ്വാമിയുടെ വെളിപ്പെടുത്തൽ അനുസരിച്ചാണെങ്കിൽ ഭരണ രാഷ്ട്രീയ നേതാക്കളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക പുരോഗതിയിൽ മുന്നിലെന്ന് വിലയിരുത്തപ്പെടുന്ന കേരളം ഹാക്കർമാർ ലക്ഷ്യമാക്കില്ലെന്ന് പൂർണമായും വിശ്വസിക്കാനാവില്ല. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഉയർന്നു.
വാഷിംങ്ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ എന്നിവർ ഇന്ത്യൻ സമയം വൈകീട്ട് പെഗസ്സസിനെ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നുവെന്നാണ് സുബ്രഹ്‌മണ്യ സ്വാമിയുടെ ട്വീറ്റ് പറയുന്നത്. ഇതിനായി ഇസ്രയേൽ സ്ഥാപനത്തിന്റെ 'പെഗസ്സസ് ചാര സോഫ്‌റ്റ്‌വെയർ' വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുവെന്നും. കേന്ദ്രമന്ത്രിമാർ അടക്കം ഈ ലിസ്റ്റിൽ ഉണ്ടാകാം എന്ന സാധ്യതയാണ് ട്വീറ്റ് പറയുന്നത്.
മോദി മന്ത്രിസഭയിലെ മന്ത്രിമാർ, ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തുന്നതായാണ് അദ്ദേഹം ഞായറാഴ്ച ചെയ്ത ട്വീറ്റിൽ പറയുന്നത്.
2019 മെയ് മാസത്തിൽ വാട്‌സാപ്പിൽ സുരക്ഷാ വീഴ്‌ച്ചയുണ്ടാവുകയും നിർണായക വിവരങ്ങൾ ചോർത്തപ്പെട്ടുവെന്നും വാർത്ത പുറത്തുവരുന്നത്. അന്ന് നിർണായക സ്ഥാനങ്ങളിലുള്ള സൈനിക ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവരങ്ങൾ ചോർത്തപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കേന്ദ്ര മന്ത്രിസഭയെ മാത്രം ചുറ്റിപ്പറ്റി മാത്രമല്ല ചോർത്തൽ നടന്നിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. പ്രതിപക്ഷ നിർണാക നേതാക്കളുടെ വിവരങ്ങളും ചോർന്നതായി ആരോപണമുയരുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രിയാൻ, കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം തുടങ്ങിയവർ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. ഇതോടെയാണ് കേരളത്തിൽ മുഖ്യമന്ത്രിയുടേതടക്കെ നേതാക്കളുടെ ഫോൺ വിവരങ്ങൾ ഹാക്കർമാരുടെ കൈയിലെത്തിയോ എന്ന ചർച്ചകൾ ഉയരുന്നത്.
ഇസ്രയേൽ കമ്പനിയായ എൻഎസ്ഒയാണ് പെഗസ്സസ് സോഫ്റ്റ് വെയറിന്റെ നിർമ്മാതാക്കൾ. അംഗീകൃത സർക്കാർ ഏജൻസികൾക്ക് മാത്രമേ സോഫ്റ്റ് വയർ വിൽക്കാറുള്ളൂവെന്നും ഭീകരവാദവും കുറ്റകൃത്യങ്ങളും തടയാനാണ് പെഗസ്സസ് തയ്യാറാക്കിയതെന്നും കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് പൂർണമായും വിശ്വാസത്തിലെടുക്കാനും കഴിയില്ല. സമീപകാലത്ത് ലോകത്ത് നടന്ന സൈബർ ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങൾ മുൻനിർത്തി മാത്രമല്ല, രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങൾ ചോർത്തുന്നതും സ്ഥിര സംഭവമാണ്.
പെഗസാസ് ആക്രമണം കേരളം, തമിഴ്‌നാട്, കർണാട തുടങ്ങിയ ഇന്ത്യയിലെ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചിരുന്നോയെന്ന കാര്യങ്ങൾ വൈകീട്ടോടെ വ്യക്തമാവുമെന്നാണ് കരുതുന്നത്. ചോർത്തലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നും ഇതോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
വാട്ട്‌സ്ആപ്പിൽ വലിയ സുരക്ഷ വീഴ്ച ഉണ്ടായതോടെ 2019 മെയ് മാസത്തിലാണ് ഇത്തരത്തിൽ ആദ്യമായി വാർത്തകൾ പുറത്തുവന്നത്. വാട്ട്‌സ് ആപ്പ് വോയിസ് കോൾ സംവിധാനത്തിലെ സുരക്ഷാ പിഴവിലൂടെ ഫോണുകളിൽ നിരീക്ഷണ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഹാക്കർമാർക്ക് സാധിച്ചുവെന്നായിരുന്നു കണ്ടെത്തൽ. ഇതിലൂടെ നിരവധിപ്പേരുടെ വിവരങ്ങൾ ചോർന്നുവെന്നായിരുന്നു വാർത്ത. തുടർന്ന് തങ്ങളുടെ 1.5 ബില്യൺ ഉപഭോക്താക്കൾക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ വാട്ട്‌സ്ആപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്ന് തന്നെ ഈ സൈബർ ആക്രമണത്തിന് പിന്നിൽ സർക്കാരുകൾക്കായി സൈബർ ചാരപ്പണി ചെയ്യുന്ന കമ്പനിയുടെ സാന്നിധ്യം വാട്ട്‌സ്ആപ്പ് സ്ഥിരീകരിച്ചിരുന്നു. ഇസ്രയേൽ അധിഷ്ഠിതമായ എൻഎസ്ഒ എന്ന സൈബർ ഇന്റലിജൻസ് സ്ഥാപനമാണ് ഇതിന് പിന്നിലെന്നായിരുന്നു റിപ്പോർട്ട്.
പെഗസ്സസ് എന്ന എൻസ്ഓയുടെ ചാര സോഫ്റ്റ്‌വയറാണ് ഇതിനായി ഉപയോഗിക്കപ്പെട്ടതെന്നാണ് കണ്ടെത്തൽ നടത്തിയത്. ആക്രമിക്കപ്പെട്ട ഫോണിന്റെ ക്യാമറയുടെയും മൈക്രോഫോണിന്റെയും അടക്കം നിയന്ത്രണം ഏറ്റെടുക്കാൻ സഹായിക്കുന്ന സോഫ്റ്റ് വയറാണ് പെഗസ്സസ്.
2019 ലെ പെഗസ്സസിന്റെ വാട്ട്‌സ്ആപ്പ് ആക്രമണത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും സൈനികരും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു എന്നാണ് വിവരം. 20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ചോർത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്‌സാപ്പ് വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.
20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗസ്സസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാർത്തകൾ വന്നു.
പിന്നാലെ വാട്‌സാപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി. തുടർന്ന് 2019 നവംബറിൽ മറുപടി നൽകിയ വാട്ട്‌സ്ആപ്പ്, വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്‌സാപ്പ് വിശദീകരണം നൽകി. എന്നാൽ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കൾ അന്ന് രംഗത്ത് എത്തിയത് വാർത്തയായിരുന്നു.
അംഗീകൃത സർക്കാർ ഏജൻസികൾക്ക് മാത്രമേ സോഫ്റ്റ് വയർ വിൽക്കാറുള്ളൂവെന്നും ഭീകരവാദവും കുറ്റകൃത്യങ്ങളും തടയാനാണ് പെഗസ്സസ് തയ്യാറാക്കിയതെന്നുമാണ് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ പറയുന്നത്. കമ്പനി സ്വയം പെഗസ്സസ് ഹാക്കിങ്ങിനായി ഉപയോഗിക്കാറില്ലെന്നും എൻഎസ്ഒ വ്യക്തമാക്കിയിരുന്നു.
അന്ന് ഈ സംഭവത്തോടെ എൻസ്ഒക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ആംനെസ്റ്റി ഇന്റർനാഷണൽ ഇവർക്കെതിരെ രംഗത്തെത്തി ഇത്തരം ആക്രമണങ്ങൾക്ക് മുൻപും വിധേയരായിട്ടുണ്ടെന്ന് അവകാശപ്പെട്ട മനുഷ്യാവകാശ സംഘടന ഇത്തരം സോഫ്റ്റ് വെയറുകൾ മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കുമെതിരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പരാതിപ്പെട്ടു. എൻഎസ്ഓയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആംനെസ്റ്റി ഇന്റർനാഷണൽ ടെൽ അവീവിൽ കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു, ആ കേസ് പുരോഗമിക്കുന്നു എന്നാണ് വിവരം.
ന്യൂസ് ഡെസ്ക്