- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബച്ചനും കൊച്ചനും ചേർന്ന് നാട്ടുകാരെ മുക്കിക്കൊല്ലാൻ ഒരുങ്ങുന്നു! അമിതാബ് ബച്ചന് പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിയുടെ ജലവൈദ്യുത പദ്ധതി ജലസമാധിയിലാക്കാൻ പോകുന്നത് 22 കുടുംബങ്ങളെ; ചുളുവിലയ്ക്ക് ഭൂമി ഏറ്റെടുത്തു നൽകാൻ സർക്കാറും
പത്തനംതിട്ട: ഇരുപത്തി രണ്ടുകുടുംബങ്ങളെ ജലസമാധിയിലാക്കി, അമിതാബ് ബച്ചന് പങ്കാളിത്തമുള്ള സ്വകാര്യ ജലവൈദ്യുത പദ്ധതിക്ക് ഭൂമി ഏറ്റെടുത്തു കൊടുക്കാൻ തന്ത്രം മെനയുന്നു. കോടികൾ വിലമതിക്കുന്ന ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കാനുള്ള കമ്പനിയുടെ നീക്കത്തിന് സർക്കാരും കുടപിടിക്കുന്നു. ജില്ലയുടെ കിഴക്കൻ മേഖലയായ ചിറ്റാറിൽ കക്കാട്ടാറിൽ സ
പത്തനംതിട്ട: ഇരുപത്തി രണ്ടുകുടുംബങ്ങളെ ജലസമാധിയിലാക്കി, അമിതാബ് ബച്ചന് പങ്കാളിത്തമുള്ള സ്വകാര്യ ജലവൈദ്യുത പദ്ധതിക്ക് ഭൂമി ഏറ്റെടുത്തു കൊടുക്കാൻ തന്ത്രം മെനയുന്നു. കോടികൾ വിലമതിക്കുന്ന ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കാനുള്ള കമ്പനിയുടെ നീക്കത്തിന് സർക്കാരും കുടപിടിക്കുന്നു. ജില്ലയുടെ കിഴക്കൻ മേഖലയായ ചിറ്റാറിൽ കക്കാട്ടാറിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീ അയ്യപ്പാ ജലവൈദ്യുതി പദ്ധതിഅണക്കെട്ടിന്റെ ഉയരം വർധിപ്പിക്കാൻ വേണ്ടിയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നത്. അമിതാബ് ബച്ചൻ, ഭാര്യ ജയാ ബച്ചൻ, മുൻകേന്ദ്രമന്ത്രി അജിത്ത് സിങ്ങ്, നടിയും കോൺഗ്രസ് എംപിയുമായ ജയപ്രദ എന്നിവർ ചേർന്ന് രൂപീകരിച്ച ഇ.ഡി.സി.എൽ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കാരികയം പദ്ധതി.
സ്വകാര്യമേഖലയിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയ പദ്ധതി എന്ന പ്രത്യേകതയും ഇവിടെയുണ്ട്. 2007 ൽ ആരംഭിച്ച പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിന് ജയാബച്ചൻ, ജയപ്രദ, അജിത്ത് സിങ് എന്നിവർ നേരിട്ട് പങ്കെടുത്തിരുന്നു. ഏഴു മെഗാവാട്ട് പദ്ധതി അള്ളുങ്കലിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് 15 മെഗാവാട്ട് ആക്കി മാറ്റുകയാണ് ലക്ഷ്യം. അണക്കെട്ടിന്റെ ഉയരം കൂട്ടി വൈദ്യുതോൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ കമ്പനിക്ക്. ഉയരം കൂട്ടുമ്പോൾ സംഭരണശേഷിയും കൂടും. ഇതനുസരിച്ച് സമീപത്തെ സ്ഥലങ്ങൾ വെള്ളത്തിന് അടിയിലാകും.
അർഹമായ നഷ്ടപരിഹാരം കിട്ടാതെ കാരികയം ഇ.ഡി.സി.എൽ ഉടമസ്ഥതയിലുള്ള ശ്രീ അയ്യപ്പാ ജലവൈദ്യുതി പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് നിലപാടിലാണ് പെരുനാട് ഗ്രാമ പഞ്ചായത്തിലെ മണക്കയം നിവാസികൾ. പദ്ധതിക്കായി റാന്നി, കോന്നി വില്ലേജുകളിൽ നിന്നായി 150 ൽ പരം കുടുംബങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 90 ശതമാനം ഭൂമിയും ചിറ്റാർ ഗ്രാമ പഞ്ചായത്തിൽ നിന്നും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി വരുന്ന 10 ശതമാനത്തിനായാണ് പെരുനാട് ഗ്രാമ പഞ്ചായത്തിലെ 22 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നത്. പദ്ധതിക്കായി 10 വർഷം മുമ്പാണ് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങിയത്.
ചിറ്റാർ ഗ്രാമപഞ്ചായത്തിൽ വരുന്ന ഭൂമി കമ്പനിക്കായി കുറഞ്ഞ നിരക്കിൽ ഇടനിലക്കാരെ ഉപയോഗിച്ച് ഏറ്റെടുത്തെങ്കിലും തങ്ങളുടെ ഭൂമി അർഹമായ നഷ്ട പരിഹാരം ലഭിക്കാതെ വിട്ടുനൽകില്ലെന്നാണ് പെരുനാട് പഞ്ചായത്തിലുള്ളവർ പറയുന്നത്. ഇതിനായി ചിറ്റാർ ഗ്രാമപഞ്ചായത്തിൽ പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്നവരുടെ ദുരിതം ഇവർ ചൂണ്ടിക്കാട്ടുന്നു. ഭൂമി വിട്ടു നൽകിയപ്പോൾ ലഭിച്ച തുക കൊണ്ട് മറ്റൊരിടത്ത് വീടും സ്ഥലവും വാങ്ങാൻ കഴിയാതെ നരകിക്കുകയാണ് ഇവർ. കമ്പനി നാട്ടുകാരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയക്കാർ ഉൾപ്പെടെ ചിലർ കമ്പനിയെ സഹായിക്കുകയാണ്. അതിനാൽ തന്നെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതിനും നാട്ടുകാർ തീരുമാനിച്ചു. ഇപ്പോൾ ഡാമിനോട് ചേർന്ന സ്ഥലങ്ങളിൽ വെള്ളം കെട്ടികിടന്ന് കൃഷി നശിച്ചു കഴിഞ്ഞു. ഇതുകാരണം ഇവിടുത്തെ താമസം അസാധ്യമായി.
പദ്ധതിയുടെ പണികൾ ഏറെക്കുറെ പൂർത്തിയാക്കി വൈദ്യുതോൽപ്പാദനവും നടത്തുന്നുണ്ട്. ഔദ്യോഗികമായി കമ്മിഷൻ ചെയ്തിട്ടുമില്ല. ഡാമിന്റെ ഷട്ടർ മുഴുവൻ മിക്കപ്പോഴും അടച്ചിടും. ഇതാണ് സമീപ സ്ഥലത്തേക്ക് വെള്ളം കയറാൻ കാരണമാകുന്നത്. സംരക്ഷണ ഭിത്തിയില്ലാത്തതു കൊണ്ട് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ വീടുകൾക്ക് തകരാർ സംഭവിച്ചു തുടങ്ങി. ആറ്റുതീരത്തോട് ചേർന്ന വീടുകൾക്കാണ് കൂടുതൽ ഭീഷണിയുള്ളത്. റാന്നി തഹസിൽദാരുടെ ഓഫീസിൽ നിന്നും പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ സ്‌കെച്ചും പ്ലാനും ഭൂവുടമകൾക്ക് നൽകിയിരുന്നു. ഇതിൽ പട്ടയഭൂമി ആറ്റു പുറമ്പോക്കായും നഷ്ടപ്പെടുന്ന മൊത്തം ഭൂമിയുടെ വിസ്തൃതി വളരെ കുറച്ചുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കലക്ടർക്ക് നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ഭൂമി ശരിയായി അളന്ന് സ്‌കെച്ചും പ്ലാനും നൽകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഭൂമി സർവേ ചെയ്തതിന്റെ യഥാർഥ സ്‌കെച്ചും പ്ലാനും മറ്റ് രേഖകളും ഭൂവുടമകൾക്ക് നൽകിയിട്ടില്ല.
തിരുവല്ല ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ നാല് യോഗങ്ങൾ കൂടിയെങ്കിലും ഇനിയും പരിഹാരമായിട്ടില്ല. പട്ടയ ഭൂമിയിലെ മരങ്ങൾ വെട്ടിമാറ്റാനും ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരിൽ സംരക്ഷണ ഭിത്തി കെട്ടി നൽകുന്നതിനും വീടിന്റെ വിസ്തീർണം കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിനും മറ്റും കമ്പനിയോട് ശിപാർശ ചെയ്യാൻ ജൂലൈ മാസം പെരുനാട് വില്ലേജ് ഓഫിസിൽ കൂടിയ യോഗത്തിൽ തീരുമാനമെടുത്തതാണ്. ഇതൊന്നും നടപ്പായില്ല. റവന്യൂ മന്ത്രി അടൂർ പ്രകാശിനോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.