തിരുവനന്തപുരം: ശ്രീചിത്രയിലെ ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയാൽ ഇനി അവധി കിട്ടും. ആശുപത്രിയിലെ ഇൻഫക്ഷൻ കൺട്രോൾ കമ്മറ്റി ശുപാർശ നൽകിയാലേ ജീവനക്കാർക്ക് പ്രത്യേക അവധി നൽകൂ എന്നതായിരുന്നു ചട്ടം. പ്രത്യേക അവധി കിട്ടാത്തതു കൊണ്ടു കോവിഡ് ബാധിച്ച പലരും ജോലിക്ക് എത്തിയിരുന്നു. ഇക്കാര്യം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീചിത്രയിലെ തെറ്റു തിരുത്തൽ.

തിരുവനന്തപുരത്ത് രോഗ ലക്ഷണമുള്ളവരെ പോലും കോവിഡ് പോസിറ്റീവായി കരുതുന്ന രീതിയാണുള്ളത്. ഇതിനിടെ ആശുപത്രിയിലെ ഇൻഫക്ഷൻ കൺട്രോൾ കമ്മറ്റി അംഗീകരിച്ചാലേ പ്രത്യേക അവധി കിട്ടൂ എന്നത് വിവാദങ്ങൾക്ക് വഴിവച്ചു. അവർ ആർക്കും ആ അവധി കൊടുക്കുന്നില്ലെന്നതായിരുന്നു ഇതിന് കാരണം. നിങ്ങൾക്ക് ആശുപത്രിയിൽ നിന്നല്ല രോഗം വന്നതെന്നും അതുകൊണ്ടു പ്രത്യേക അവധി നൽകില്ലെന്നുമായിരുന്നു നിലപാട്. മെഡിക്കൽ അവധി എടുത്തോളാനായിരുന്നു നിർദ്ദേശം.

ഇതോടെ ജീവനക്കാർ അസുഖം മറച്ചു വച്ച് ആശുപത്രിയിൽ ജോലിക്കെത്തി. ഇതോടെയാണ് തെറ്റു തിരുത്തൽ. കോവിഡ് പോസിറ്റീവ് പരിശോധനാ ഫലമുണ്ടെങ്കിൽ ഏതൊരു ജീവനക്കാരനും ഇനി ശ്രീചിത്രയിൽ പ്രത്യേക അവധി കിട്ടും. അതിന് ശേഷം ഏഴ് ദിവസത്തെ കമ്യൂട്ടട് ലീവും. ഏഴ് ദിവസം കൊണ്ട് തന്നെ രോഗം മാറുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ പ്രത്യേക അവധി കഴിഞ്ഞ് ജീവനക്കാർക്ക് ജോലിക്ക് മടങ്ങിയെത്തും. അതുകൊണ്ട് തന്നെ തെറ്റു തിരുത്തുന്ന ഉത്തരവ് ജീവനക്കാർക്ക് ആശ്വാസമാണ്.

ശ്രീചിത്രയിൽ കോവിഡിന്റെ ആദ്യ തരംഗത്തിൽ അടക്കം രോഗ വ്യാപനം രൂക്ഷമായിരുന്നു. ഇത്തവണയും ഇതാണ് സംഭവിക്കുന്നത്. നേഴ്സുമാർക്കിടയിൽ കോവിഡ് വ്യാപനം ഉണ്ടായി. എന്നാൽ ആശുപത്രിയിൽ നിന്നല്ല രോഗം വരുന്നതെന്ന് മാനേജ്മെന്റും പറഞ്ഞു. ഇങ്ങനെയാണ് അവധി നിഷേധത്തിന് പ്രത്യേക ചട്ടം കൊണ്ടു വന്നത്. ആശുപത്രിയിൽ നിന്നല്ല രോഗം വന്നതെന്ന് എങ്ങനെ പറയുമെന്നതാണ് നേഴ്സുമാരെ അടക്കം വെട്ടിലാക്കിയത്.

രോഗീ പരിചരണത്തിന്റെ ഭാഗമായി അസുഖം വരുമ്പോൾ അത് സ്വയം അനുഭവിക്കാനാണ് മാനേജ്മെന്റ് പറയുന്നതെന്നതാണ് വസ്തുത. കോവിഡിൽ വലയുന്നത് നേഴ്സുമാരുമാണ്. ആശുപത്രിയിൽ നിന്നാണ് രോഗമെത്തിയതെന്ന് തെളിയിച്ചാൽ മാത്രമേ പ്രത്യേക അവധി കിട്ടൂ എന്ന സാഹചര്യത്തെ ജീവനക്കാർ എതിർത്തു. ഡൽഹി എയിംസ് അടക്കമുള്ള ആശുപത്രികളിൽ ഒന്നും ഈ മാനദണ്ഡമില്ലെന്നും അവർ നിലപാട് എടുത്തു. ഇതെല്ലാം പരിശോധിച്ചാണ് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലമുള്ള എല്ലാവർക്കും പ്രത്യേക അവധി നൽകുന്നത്.