തിരുവനന്തപുരം: ടൂറിസം രംഗത്ത് കേരളത്തിനുള്ള സാധ്യതകൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ വളരെയേറെയാണ്. പ്രകൃതി കനിഞ്ഞു നൽകിയ കായലും കുന്നുകളും മലകളുമൊക്കെയാണ് കേരളത്തിന്റെ ടൂറിസം രംഗത്തിന്റെ മുതൽക്കൂട്ട്. ഇത് കൂടാതെ അടുത്തകാലത്ത് കേരളക്കരയിലേക്ക് വിദേശികളെ ആകർഷിക്കുന്ന ഘടകം ശ്രീപത്മനാഭ സ്വാമി ക്ഷേത്രമാണ്. അതിസമ്പന്നമായ നിധിശേഖരം കണ്ടെത്തിയെന്ന വാർത്തകൾ ലോകം മുഴുവൻ ശ്രദ്ധിച്ചപ്പോൾ വിദേശികൾ നിരവധി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. എന്നാൽ, വന്നവർക്ക് നിധി കാണാൻ മാത്രം ഭാഗ്യമുണ്ടായില്ല. കാരണം, ക്ഷേത്രത്തിലെ നിലവറകൾക്കുള്ളിൽ തന്നെ സൂക്ഷിച്ച നിലയിലാണ് അത്യപൂർവ്വമായ ഈ നിധിശേഖരം.

ക്ഷേത്രത്തിന്റെ സ്വത്തെന്ന നിലയിൽ ഈ അമൂല്യ നിധിശേഖരത്തിൽ ഇടപെടാൻ ആർക്കും സാധിക്കുന്നുമില്ല. എന്നാൽ, ശശി തരൂരിനെയും സുരേഷ് ഗോപി എംപിയെയും പോലുള്ളവർ ഇക്കാര്യത്തിൽ നാട്ടുകാർക്ക് കാണാനുള്ള അവസരം ഒരുക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇങ്ങനെ അവസരം ഒരുങ്ങിയാൽ അത് കേരള ടൂറിസത്തിന് വലിയൊരു വരുമാനം നൽകുന്ന കാര്യമായി മാറും. നിധി ലോകർക്ക് കാണാൻ വേണ്ടി ഒരു മ്യൂസിയം ഒരുക്കണമെന്ന നിർദ്ദേശം നിലവിൽ കേരള സർക്കാറിന്റെ മുന്നിലുണ്ട്. അതിനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായിരിക്കയാണ്.

300 കോടി രൂപ മുടക്കി നിധി പ്രദർശിപ്പിക്കാൻ മ്യൂസിയം സ്ഥാപിക്കാനുള്ള നിർദ്ദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരുമായി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് ഇരുവരുമെടുത്തത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബർ ഓഫ് കൊമേഴ്‌സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്‌ക് ഫോഴ്‌സ്, കോൺഫെഡറഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണു കരടുപദ്ധതിക്കു രൂപംനൽകിയത്.

ക്ഷേത്രത്തിലെ ഈ സ്വത്തുകൾ പൊതുനന്മക്കായി വിനയോഗിക്കണെന്ന ആവശ്യം അടുത്തിടെ കൂടുതൽ ശക്തമായി ഉയർന്നിരുന്നു. ഗുരുവായൂർ മോഡൽ ഭരണ സംവിധാനം വേണമെന്നത് അടക്കമുള്ള ആവശ്യങ്ങളും ഉയർന്നു. ഇതിൽ പുരോഗമനപരവും പൊതുജനങ്ങളിൽ നിന്നും ഏറെ സ്വീകാര്യത നേടിയതുമായി കാര്യം നിധിശേഖരത്തിൽ പൂജാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ ഒഴികെയുള്ളവ മ്യൂസിയമാക്കി മാറ്റണം എന്നതായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി റിപ്പോർട്ട് സർക്കാറിന് മുമ്പിലുണ്ട്. എന്നാൽ, ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാതിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ.

അത്യപൂർവ്വമായ നിധിശേഖരം പ്രദർശനത്തിന് വെക്കുന്നതിനൊപ്പം നല്ലരീതിയിൽ പി ആർ വർക്കു കൂടി ചെയ്താൽ കേരളാ ടൂറിസത്തിന്റെ തലവിധി മാറ്റാൻ പോന്നതാണ് ഇക്കാര്യം. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ വിപ്ലവകരമായ കുതിപ്പിനു വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ. മറ്റൊരു ലോകാദ്ഭുതമായി മാറാനുള്ള മൂല്യം നിധിശേഖരത്തിനുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം തന്നെ പ്രദർശനശാലയൊരുക്കാമെന്ന നിർദ്ദേശമാണു മുന്നോട്ടുവച്ചിട്ടുള്ളത്. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുൾപ്പെടെ 300 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദർശകരിൽ നിന്നു മാത്രം പ്രതിവർഷം 50 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു.

കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവുമായി സംഘടനാഭാരവാഹികൾ നടത്തിയ ചർച്ചയിൽ സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും രാജകുടുംബത്തിന്റെയും അനുമതിയുണ്ടെങ്കിൽ ഫണ്ട് അനുവദിക്കാൻ തടസ്സമില്ലെന്ന ഉറപ്പു ലഭിച്ചു. തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. മറ്റ് അനുമതികൾ ലഭിച്ചാൽ, സംസ്ഥാന സർക്കാരിന്റെ പൂർണസഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും സംഘടനാനേതാക്കൾ ചർച്ച നടത്തി. രാജകുടുംബത്തിന്റെ അനുമതിയോടെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി സുപ്രീം കോടതിയെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും സമീപിക്കാനാണു സംഘടനകളുടെ തീരുമാനം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറു നിലവറകളിലായാണു നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. ആയിരക്കണക്കിനു സ്വർണമാലകൾ, അമൂല്യ രത്‌നങ്ങൾ, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വർണ കലശക്കുടങ്ങൾ, രത്‌നങ്ങൾ പതിച്ച കിരീടം, രത്‌നങ്ങളാൽ കവചിതമായ ചതുർബാഹു അങ്കി, സ്വർണമണികൾ, സ്വർണദണ്ഡുകൾ, 750 കിലോ സ്വർണനാണയങ്ങൾ എന്നിങ്ങനെ 42,000 വിശുദ്ധവസ്തുക്കൾ. ബി നിലവറ ഇനിയും തുറന്നിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ബി നിലവറ ഒഴികെയുള്ളവയിലെ വസ്തുക്കളുടെ മൂല്യനിർണയം നടത്തിയപ്പോഴാണു നിധിരഹസ്യം ലോകമറിഞ്ഞത്. അതോടെ ക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ തിരക്ക് വൻതോതിൽ വർധിച്ചു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന നിർദ്ദേശം നേരത്തെ തന്നെ സുപ്രീംകോടതി നിയോഗിച്ച വിനേദ് റായി സമിതിയാണ് മുന്നോട്ട് വെച്ചിരുന്നു. വിനോദ് റായി മുന്നോട്ട് വച്ച നിർദ്ദേശം പഠിക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി അദ്ധ്യഷതയിൽ ഉപസമിതിയെ സർക്കാർ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പിന് നല്ലകിയ റിപ്പോർട്ടിലാണ് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന നിർദ്ദേശം പ്രയോഗികമാണന്ന വ്യക്തമാക്കിയത്. സുപ്രീം കോടതി അനുവദിച്ചാൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് മ്യൂസിയം നടപ്പിലാക്കാം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത്. മ്യൂസയമാക്കി മാറ്റിയ അത് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയക്ക് മുതൽക്കൂട്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജകുടുംബാംഗങ്ങളെ സർക്കാർ പ്രതിനിധികളും അടങ്ങുന്ന ഭരണ സമിതിക്ക് നിർണായകമായ റോൾ ഈ സംരംഭത്തിൽ ഉണ്ടാകും. മ്യൂസയത്തിന്റെ നടത്തിപ്പ് ചുമതല ഇവർക്കാകുമെന്നുമാണ് വിലയിരുത്തൽ. ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദിന് പുറമേ നിയമ ദേവസ്വം സെക്രട്ടറിമാരായിരുന്നു ഉപസമിതിയിലെ അംഗങ്ങൾ.

ലണ്ടൻ മാതൃകയിൽ മ്യൂസിയം സ്ഥാപിക്കണമെന്നായിരുന്നു വിനോദ് റായി മുന്നോട്ട് വച്ച നിർദ്ദേശം കോടതി അനുവദിച്ചാൽ മ്യൂസിയം സ്ഥാപിക്കമെന്നൊണ് സർക്കാർ നിലപാട്. ലണ്ടൻ മ്യൂസിയത്തിന്റെ മാതൃകയിൽ അമൂല്യ രത്‌നങ്ങളുൾപ്പടെ ക്ഷേത്രത്തിലെ സ്വത്ത് വകകൾ ഘട്ടം ഘട്ടമായി പ്രദർശിപ്പിക്കണമെന്നായിരുന്നു വിനോദ് റായിയുടെ നിർദ്ദേശം. ഈ നിർദ്ദേശത്തെ ശശി തരൂർ എംപി അടക്കമുള്ളവർ പിന്തുണച്ചിരുന്നു. മ്യൂസിയം നിർമ്മാണത്തിനായി വൈകുണ്ഠം ഓഡിറ്റോറിയമോ സമീപ സ്ഥലങ്ങളോ ഉപയോഗിക്കാമെന്നും നിലവിൽ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും സുപ്രീംകോടതി നിർദ്ദേശിക്കുകയാണെങ്കിൽ മ്യൂസിയത്തിനായുള്ള പദ്ധതി രേഖ സമർപ്പിക്കാമെന്നും അന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

വിലമതിക്കാനാവാത്ത അമൂല്യ നിധിശേഖരത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഇപ്പോഴത്തെ നീക്കത്തോടെ കൂടുതൽ പ്രശസ്തി കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, ഇപ്പോഴത്തെ നിർദ്ദേശം പൂർണമായും അംഗീകരിക്കാൻ രാജകുടുംബാംഗം തയ്യാറാകില്ല. എന്നാൽ, വിശ്വാസികളെ യാതൊരു വിധത്തിലും ബാധിക്കാത്ത വിധത്തിൽ ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കാത്ത വസ്തുക്കൾ പ്രദർശിപ്പിക്കാമെന്നാണ് നിർദ്ദേശം. എന്തായാലും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം എളുപ്പത്തിൽ മ്യൂസിയമാക്കി മാറ്റാൻ സാധിക്കില്ല. സുപ്രീം കോടതി വിധി തന്നെയാകും ഇതിൽ നിർണായകമാകുക. ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ സുരക്ഷയ്ക്കായി തന്നെ സംസ്ഥാന സർക്കാർ കോടികൾ ചെലവിടുന്നുണ്ട്. ഇത് സർക്കാറിനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയാണ് താനും. ഈ സാഹചര്യത്തിൽ മ്യൂസിയം ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുള്ള വരുമാന മാർഗ്ഗം കൂടിയായി മാറുമെന്ന വിലയിരുത്തലുകളുമുണ്ട്.