തിരുവനന്തപുരം: എസ് കലേഷിന്റെ കവിത മോഷ്ടിച്ചത് ആരെന്ന ചോദ്യം സൈബർ ലോകത്ത് ശക്തമാകുന്ന സാഹചര്യത്തിൽ ദീപാ നിശാന്തിന് കവിത നൽകിയത് താൻ തന്നെയാണെന്ന് പറഞ്ഞു കൊണ്ട് ശ്രീചിത്രൻ രംഗത്തെത്തി. ദീപ നിശാന്തിന് മാത്രമല്ല, താൻ പലർക്കും കവിത അയച്ചു എന്നു പറഞ്ഞ് ദീപയെ കള്ളിയാക്കാനുള്ള ശ്രമമാണ് ഇടതു ബുദ്ധിജീവിയുടെ ശ്രമം. കലേഷിനോട് മാപ്പു പറയുന്നു എന്ന വ്യാജേനയാണ് ഇപ്പോൾ ശ്രീചിത്രൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. അതേസമയം ശ്രീചിത്രന്റെ മാപ്പ് കലേഷ് തള്ളിക്കളഞ്ഞു.

കവിതാ മോഷണത്തിലെ താനും പ്രതിയാണെന്ന് പറഞ്ഞു കൊണ്ടും മാപ്പു പറയുന്നു എന്ന വ്യാജേന ഉരുണ്ടു കളിച്ചുകൊണ്ടാണ് എം.ജെ ശ്രീചിത്രൻ ഇന്ന് ഫേസ്‌ബുക്കിലൂടെ എഴുതിയത്.

ശ്രീചിത്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് :

ഒന്നും പറയേണ്ടതില്ല എന്നു കരുതിയതാണ്. എവിടേക്കെന്നറിയാതെ പലരാലും വലിച്ചുകൊണ്ടു പോകുന്ന ഒരു വണ്ടിയിൽ അകപ്പെട്ട പ്രതീതിയിൽ എത്തിയതുകൊണ്ട് ഇത്രമാത്രം പറഞ്ഞു നിർത്തുന്നു. സ്ഥിരമായി കവിതാസംവാദങ്ങൾ നടക്കുന്ന മുൻപുള്ള സമയത്ത് പലർക്കും കവിതകൾ അയച്ചുകൊടുത്തിരിക്കുന്നു. പ്രസ്തുത കവിതകളോടുള്ള ഇഷ്ടമായിരുന്നു ആകെ അതിന്റെ ആധാരം. അതിത്ര മേൽ വലിയ അശനിപാതമായി വന്ന് വീഴുമെന്ന് ആരുമേ പ്രതിക്ഷിച്ചിട്ടില്ല. ഇതൊക്കെ കഴിഞ്ഞിത്രയും കഴിഞ്ഞ് അതിൽ നിന്നൊരു കവിതയിപ്പോൾ ഒരു സർവ്വീസ് മാഗസിനിൽ വരാനും, അതിൽ തട്ടിത്തടഞ്ഞ് ഒടുവിൽ പ്രതിക്കൂട്ടിലെത്താനും സാഹചര്യമുണ്ടായത് ദൗർഭാഗ്യകരം എന്നേ പറയാനാവൂ. ഞാനിതിൽ ആരെയും അധിക്ഷേപിക്കുന്നില്ല. വർഷങ്ങൾക്കു മുൻപ് സുഹൃത്തുക്കൾക്കിടയിൽ അയക്കപ്പെട്ട ഒരു കവിത, കാലങ്ങൾക്കു ശേഷം ഒരു സർവ്വീസ് മാഗസിനിൽ വരുന്നു. വരുന്ന സമയം വളരെ ഗുരുതരവുമാണ്.

കവിതാ രചന കാമ്പസ് കാലത്ത് ഏതാണ്ടവസാനിപ്പിച്ച ആളാണ്. അതു കൊണ്ടു തന്നെ ഒരു മാഗസിനിലേക്കും കവിത നൽകാറില്ല, അങ്ങനെ നൽകാനായി പറഞ്ഞു കൊണ്ട് കവിത ആർക്കും നൽകിയിട്ടുമില്ല. വളച്ചുകെട്ടിപ്പറയേണ്ട കാര്യമേയില്ല - കവിത മറ്റൊരാളുടെ പേരിൽ വരുന്നതോടെ ആദ്യമായും അവസാനമായും അപമാനിക്കപ്പെടുന്നത് എഴുതിയ കവിയാണ്.

അതു കൊണ്ട് ഒരു കാര്യം ഇപ്പോൾ സ്പഷ്ടമായി പറയാൻ ഞാൻ രാഷ്ട്രീയമായി ബാദ്ധ്യതപ്പെട്ടവനാണ്. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തിൽ ആർക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകൾക്ക് മുന്നിൽ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാൾ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലൻസും വേറെയില്ല എന്ന രാഷ്ട്രീയബോദ്ധ്യം എനിക്കുണ്ട്. അതു കൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാൻ കലേഷിനോട് മാപ്പു പറയുന്നു.

ഇന്നലെ വരെ പുകഴ്‌ത്തുകയും ഇന്ന് പരിഹസിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് - ഇന്നലെയും ഇന്നും ഞാൻ വിഗ്രഹമല്ല. അനവധി കുറവുകളിലൂടെയും പോരായ്മകളിലൂടെയും കടന്നു പോന്ന, പോകുന്ന സാധാരണ മനുഷ്യനാണ്. വലം കാലിലെ ചളി ഇടം കാലിൽ തുടച്ചും ഇടം കാലിലെ ചളി വലം കാലിൽ തുടച്ചും മുന്നോട്ടു നടക്കുന്ന ജീവിതത്തിലെ തെറ്റുകൾ എണ്ണാൻ മറ്റാരേക്കാളും നന്നായി കഴിയുക എനിക്കു തന്നെയാണ്. നാമോരോരുത്തർക്കും ഉള്ളിലേക്ക് തിരിഞ്ഞു നോക്കിയാൽ അങ്ങനെത്തന്നെയാണ്. കുറച്ചു കാലമായി നിരന്തരമായ തിരുത്തലുകൾക്ക് തയ്യാറാവുന്ന, പലതരം അപകർഷങ്ങളിൽ നിന്നും ക്രമേണ പിടിച്ചു കയറുന്ന ഒരു മനുഷ്യൻ എന്നേയുള്ളൂ. ഇക്കാര്യം മറ്റാരേക്കാളും സ്വയമറിയുന്നതിനാൽ തന്നെ, എത്ര പുകഴ്‌ത്തിയാലും ശകാരിച്ചാലും മുന്നോട്ട് സഞ്ചരിക്കാനാണ് ശ്രമിച്ചത്, ശ്രമിക്കുന്നത്.

പ്രളയ സമയത്ത് വീട് പൂർണ്ണമായും പോയതിനു ശേഷമുള്ള പ്രവർത്തനവും കാലവുമാണ് ഇന്ന് കേരളം വർഗീയ കലാപത്തിലേക്ക് വീഴുന്ന ഘട്ടത്തിലും പ്രതികരിക്കാനുള്ള ഊർജം നൽകിയത്. അധികമാരും പ്രതികരിക്കാത്ത ഒരു സമയത്ത് സംസാരിച്ച് തുടങ്ങിയതും ആ ആത്മവിശ്വാസത്തിലാണ്.

കഴിഞ്ഞ നാൽപ്പത്തഞ്ച് ദിവസമായി തെരുവുകളിൽ സംസാരിക്കുകയായിരുന്നു. സംസാരിച്ചതെന്താണ് എന്ന് മിക്കയിടത്തും റിക്കോഡഡ് ആണ്. നിരന്തരം കഴിയുന്നത്ര മനുഷ്യരോട് സംസാരിക്കാനാണ് ശ്രമിച്ചതും. അത് പലരാലും നിർവഹിക്കപ്പെട്ടു. കൂടെച്ചേരാൻ കഴിഞ്ഞു എന്നേ കരുതുന്നുള്ളൂ. മറ്റുള്ളവരോട് സംസാരിക്കുക എന്നതിനൊപ്പം സ്വയം സംസാരിക്കാനും നവീകരിക്കാനുമാണ് ശ്രമിച്ചത്. അതിന്റെ ഒരു ഘട്ടത്തിൽ ചിലതു ചെയ്യാനായി എന്ന അഭിമാനമുണ്ട്. ഇക്കാര്യത്തിൽ അവയെല്ലാം തകരുന്നെങ്കിൽ കഴിയും വരെ പിന്തുടരും, പക്ഷേ പുരോഗമന കേരളവും മുന്നോട്ടുള്ള ചരിത്രവും ഞാനവസാനിച്ചാലും യാത്ര തുടരും.

ഈ അവസരത്തിൽ മറ്റനേകം പഴയ കാര്യങ്ങൾ വീണ്ടും പൊങ്ങി വന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്. സത്യങ്ങളും അർദ്ധസത്യങ്ങളും നുണകളും കലർന്നൊരു സത്യാനന്തര ലോകത്ത് ആ ചർച്ചകൾക്ക് നല്ല അവസരമാണ്. അതിലൊന്നിലും ഈ സമയത്ത് പ്രതികരിക്കുന്നില്ല. വീട്ടിലുള്ള എല്ലാവരേയും ഉൾപ്പെടുത്തി വരെ പ്രചരിപ്പിക്കപ്പെടുന്ന പലതും എൽപ്പിക്കുന്ന ആഘാതങ്ങൾ നേരിടുന്നു. സന്ദർഭം ഈ സമയത്ത് മുതലെടുക്കുന്നവരുടെ ആർപ്പുവിളികൾ ഇക്കാര്യത്തിലൊന്നും പങ്കെടുക്കാത്ത അവരെക്കൂടി ഒറ്റപ്പെടുത്തുന്നു.

ഈ സമയവും കടന്നു പോകും എന്നു മാത്രം കരുതുന്നു. ആരെയും കുറ്റപ്പെടുത്താനോ അധിക്ഷേപിക്കാനോ ഇല്ല. എത്ര ഒറ്റപ്പെട്ടാലും എന്റെ പ്രിവിലേജുകളുടെ എക്കോ സിസ്റ്റം ലജ്ജിതനാക്കുന്നതിനാൽ ഇപ്പോഴും ഇക്കാര്യത്തിൽ ഏറ്റവും ആത്മാർത്ഥമായി, രാഷ്ട്രീയ ബോധ്യങ്ങളോടെ, കലേഷിനോട് ഒരിക്കൽക്കൂടി മാപ്പു പറയുന്നു.

അതേസമയം കവിതാ മോഷണത്തിലെ മാപ്പ് കലേഷ് തള്ളി. കവിതാ മോഷണവിവാദത്തിൽ മാപ്പ് പറയുകയല്ല വേണ്ടതെന്നും തന്റെ കവിതയുടെ വരികൾ വെട്ടി വഴിയിൽ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും കവി എസ് കലേഷ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കവിതാ മോഷണ വിവാദത്തിലെ പ്രതികളായ അദ്ധ്യാപിക ദീപാനിശാന്ത്, സാംസ്‌കാരിക പ്രഭാഷകൻ എം.ജെ ശ്രീചിത്രൻ എന്നിവർ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് കലേഷിന്റെ ചോദ്യം. മോഷണ വിവാദത്തിൽ ദീപ നിശാന്ത് ഇന്നലെയും ശ്രീചിത്രൻ ഇന്നും കലേഷിനോട് മാപ്പ് പറയുന്നതായി എഫ്ബിയിലൂടെ അറിയിച്ചിരുന്നു.

ഇന്നലെയാണ് ദീപാ നിശാന്ത് മാപ്പു പറഞ്ഞത്. കോളേജ് അദ്ധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാഗസിനിലാണ് വിവാദ കവിത അച്ചടിച്ചു വന്നത്. ദീപയുടെ പേരിൽ മാഗസിനിൽവന്ന 'അങ്ങനെയിരിക്കെ' എന്ന കവിത ഏറക്കുറെ എസ്. കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ' എന്ന കവിതയുടെ പകർപ്പാണെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ അദ്ധ്യാപികയ്ക്ക് നേരെ വൻ വിവാദമാണ് പൊതുവേയും സമൂഹ മാധ്യമത്തിലും നിറഞ്ഞത്.

വെള്ളിയാഴ്ച രാത്രിയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ദീപ ക്ഷമ ചോദിച്ചത്. തന്റെ പേരിൽ വന്ന കവിത കലേഷിന്റെത് തന്നെയെന് പരോക്ഷമായി സമ്മതിക്കുന്ന രീതിയിലാണ് ഫേസ്‌ബുക്ക് പോസ്റ്റ്. തന്റെ പേരിൽ വരുന്ന ഓരോ വാക്കിനും താൻ ഉത്തരവാദിയാണെന്നും ഇക്കാര്യത്തിൽ ക്ഷമചോദിക്കുന്നെന്നും ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നതായും ദീപ പോസ്റ്റിൽ കുറിച്ചു.