കൊല്ലം: അഞ്ചാലുംമൂട്ടിൽ വീട്ടമ്മയെ കൊന്ന് സെപ്ടിക് ടാങ്കിലിട്ട സംഭവത്തിൽ പ്രതിയായ വിനോദിനെ പൊലീസ് പിടികൂടിയത് വാട്‌സ് ആപ്പ് മെസേജിലൂടെ. തുടർന്ന് വീട്ടുകാരുടെ സഹായത്താൽ ഗൾഫിലുള്ള ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു.

അഞ്ചാലുംമൂട് കുപ്പണയിൽ വീട്ടമ്മയായ ശ്രീദേവിയെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കിൽ തള്ളിയ കേസിലെ രണ്ടാം പ്രതി തൃക്കടവൂർ കുപ്പണ കുന്നുംപുറത്ത് ചൈത്രത്തിൽ വിനോദിന് (34) വാട്‌സ് ആപ്പിലൂടെ സുഹൃത്തിനയച്ച മെസേജാണ് വിനയായത്. ഒരു വർഷം മുമ്പ് വീട്ടമ്മയെ കൊന്ന് ആൾതാമസം ഇല്ലാത്ത വീടിന്റെ പിന്നിലെ സെപ്ടിക് ടാങ്കിൽ ഇട്ട ശേഷം സുഹൃത്തുക്കളായ ഒന്നാം പ്രതി കുപ്പണ സ്വദേശി രാജേഷും(44) രണ്ടാപ്രതി വിനോദും രണ്ട് വഴിക്ക് മുങ്ങി. രാജേഷ് പിടിയിലായതോടെയാണ് വിനോദിന് സംഭവത്തിലെ പങ്ക് പുറത്തുവന്നത്.

സംഭവം നടന്ന് ഒരു വർഷത്തിനു ശേഷം രാജേഷ് പിടിയിലായപ്പോൾ ഗൾഫിലിരുന്ന് വിവരങ്ങൾ അറിഞ്ഞ വിനോദ് വാട്‌സ് ആപ്പ് വഴി സുഹൃത്തിനയച്ച മെസേജ് പണി പാളുമോ എന്നായിരുന്നു. പൊലീസ് വിനോദിനെക്കുറിച്ച് സുഹൃത്തുക്കൾ വഴി കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുമ്പോഴാണ് വാട്‌സ് ആപ്പ് മെസേജ് കാണാനിടയായത്. അതോടെ നിർണ്ണായക തെളിവുമായി. അവിഹത ബന്ധവും അതു സംബന്ധിച്ച പ്രശ്‌നങ്ങളുമാണ് കൊലയ്ക്ക് കാരണം. കൂട്ടുപ്രതിയായ സുഹൃത്തിനായി തെരച്ചിൽ തുടരുന്നു. ഒരു വർഷം മുൻപ് കാണാതായ വെട്ടുവിള സ്വദേശി ശ്രീദേവിയുടെ മൃതദേഹാവശിഷ്ടങ്ങൾ കഴിഞ്ഞ 19നാണ് കണ്ടെടുത്തത്. അഞ്ചാലുംമൂട് കുപ്പണ പോങ്ങുംതാഴെ ക്ഷേത്രത്തിന് സമീപം കായൽവാരത്തിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ പിറകിലെ സെപ്ടിക് ടാങ്കിൽ മൃതദേഹം ഉണ്ടെന്ന് മനസ്സിലാക്കിയത്. പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ ഊമക്കത്താണ് കാര്യങ്ങൾ മാറ്റി മറിച്ചത്. ഇല്ലായിരുന്നുവെങ്കിൽ ശ്രീദേവി കാണാതായി എന്ന നിലയിൽ കാര്യങ്ങൾ ഒതുങ്ങിയേനെ.

ഊമ കത്തെഴുതിയ വിനോദിന്റെ സുഹൃത്തായ കുപ്പണ സ്വദേശിയെ പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ഒരുമിച്ച് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്താണ് വിനോദ് കൊലപാതക വിവരങ്ങൾ സുഹൃത്തിനോട് പറഞ്ഞത്. നാട്ടിലെത്തിയ സുഹൃത്തുകൊലപാതക വിവരം പുറത്തറിയിക്കാൻ വേണ്ടി പൊലീസിന് ഊമക്കത്ത് എഴുതുകയായിരുന്നു. അങ്ങനെയാണ് സെപ്ടിക് ടാങ്ക് പരിശോധിച്ച് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. വീട്ടുകാരിലൂടെ നടത്തിയ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് വിനോദിനെ പൊലീസ് നാട്ടിലെത്തിച്ചത്. ചൊവ്വാഴ്ച നാട്ടിലെത്തിയ വിനോദ് അന്വേഷണ ഉദ്യോഗസ്ഥനായ വെസ്റ്റ് സി.ഐ ആർ.സുരേഷിന് മുമ്പിൽ കീഴടങ്ങുകയായിരുന്നു.

ശ്രീദേവി കൊല്ലപ്പെട്ട ദിവസം രാത്രി രാജേഷും വിനോദും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ തെളിവുകൾ ഉൾപ്പെടെ നിരത്തി ചോദ്യം ചെയ്‌തെങ്കിലും സഹകരിക്കാൻ വിനോദ് തയ്യാറായില്ല. കൊലപാതകത്തിലെ പങ്കാളിത്തം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന വിനോദിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം നടന്ന രാത്രിയിൽ സ്ഥലത്ത് നിന്ന് മുങ്ങിയ രാജേഷും വിനോദും തമ്മിൽ പിന്നീട് തമ്മിൽ കണ്ടിട്ടില്ല. രാജേഷും ശ്രീദേവിയും നാടുവിട്ടുവെന്ന സംശയം ശക്തമായതിനിടെ വിനോദ് വിദേശത്തേക്ക് കടക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-ഭർത്താവ് ഉപേക്ഷിച്ച ശ്രീദേവിയുടെ വീട്ടിൽ രാജേഷ് വാടകയ്ക്ക് താമസിക്കാനെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയത്. ശ്രീദേവിയുമായി സമീപവാസിയായ രാജേഷിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. 2014 സെപ്റ്റംബർ 6ന് ഉത്രാട ദിവസം രാത്രിയിൽ കായൽവാരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ശ്രീദേവിയെത്തി. അന്ന് രാജേഷിനൊപ്പം സുഹൃത്തായ വിനോദ് കൂടിയുണ്ടായിരുന്നു. ഇരുവരും മദ്യ ലഹരിയിലായിരുന്നു. സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന രാജേഷിന്റെ ആവശ്യം ശ്രീദേവി നിരസിച്ചു. ഇതോടെ രാജേഷും സുഹൃത്തും ചേർന്ന് ഇവരെ മർദ്ദിച്ചു. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് കുറച്ചുസമയം അവിടെ ചെലവഴിച്ച പ്രതികൾ മൃതദേഹം വലിച്ചിഴച്ച് വീടിന്റെ പിറകുവശത്തെ സെപ്റ്റിക് ടാങ്കിൽ ഇട്ടു. മൃതദേഹത്തിന് പുറത്ത് പാറയിട്ട് സെപ്റ്റിക് ടാങ്കിന്റെ മൂടികൊണ്ടടച്ചു. അവിടെനിന്നും മുങ്ങിയ പ്രതികൾ സിംകാർഡുകൾ നശിപ്പിച്ചിരുന്നു. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഫോണിൽപ്പോലും ബന്ധപ്പെട്ടിരുന്നില്ല. പലയിടങ്ങളിലും ജോലിചെയ്തശേഷം കണ്ണൂരിൽ ഒരു കോൺട്രാക്ടറുടെ കൂടെ മേസ്തിരിപ്പണി ചെയ്ത് കഴിയുകയായിരുന്നു രാജേഷ്. പിറ്റേന്ന് മുതൽ വീട്ടമ്മയെയും രാജേഷിനെയും കാണാതായപ്പോൾ ഒളിച്ചോടിയെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതി.

വിവാഹത്തിന് മുമ്പ് നല്ല കുടുംബജീവിതം നയിക്കാൻ പല സംഘടനകളും കോഴ്‌സുകൾ നടത്താറുണ്ട്. പക്ഷെ വിനോദിന് സുഹൃത്ത് രാജേഷ് വാഗ്ദാനം നൽകിയത് തിയറിയല്ല, പ്രാക്ടിക്കൽ കോഴ്‌സായിരുന്നു. അതിനായി തന്റെ കാമുകിയെ തരപ്പെടുത്തിക്കൊടുക്കാമെന്നായിരുന്നു ഉറപ്പ് നൽകിയത്. വിനോദ് അതിൽ വീണു. അങ്ങനെയാണ് ആൾതാമസം ഇല്ലാത്ത വീട്ടിലെത്തിയത്. പല രാത്രികളിലും ഈ വീട്ടിൽ ഒന്നിക്കുകയും ബന്ധപ്പെടുകയും ചെയ്ത രാജേഷ് കരുതിയത് താൻ പറഞ്ഞാൽ തന്റെ കാമുകി കേൾക്കുമെന്നാണ്. എന്നാൽ അവിടെ രാജേഷിന് തെറ്റി. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

രാജേഷും ഭാര്യയുമായി വേർപെട്ട് ജീവിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒളിച്ചോട്ട കഥയ്ക്ക് സമൂഹം അംഗീകാരവും നൽകി. ഇതോടെ സംശയങ്ങളും നീങ്ങി. രാജേഷിനേയും ആരും തിരിക്കയില്ല. അതിനിടെയാണ് ഊമക്കത്ത് എത്തിയത്. തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളും സ്ത്രീയുടേതെന്ന് സംശയിക്കുന്ന മുടിയും മാലയും കമ്മലും അടിവസ്ത്രങ്ങളും സെപ്ടിക് ടാങ്കിൽ നിന്നു കണ്ടെടുത്തതോടെയാണ് കള്ളക്കളികൾ പുറത്തായത്. മൃതദേഹത്തിനോടാപ്പം കണ്ടെത്തിയ ആഭരണങ്ങൾ ശ്രീദേവിയുടേതാണെന്ന് മകൾ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് കാമുകൻ രാജേഷിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ നിന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ വിനോദിനെ കണ്ടെത്താനും നീക്കം തുടങ്ങി. ഇതാണ് ഇപ്പോൾ പ്രതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.