മലപ്പുറം: കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽ നിന്നും സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് പെരിന്തൽമണ്ണ സബ് കലക്ടറായി ചുമതലയേറ്റു. വയനാട് സ്വദേശി ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരു വർഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് പെരിന്തൽമണ്ണ സബ് കലക്ടറായത്.

സിവിൽ സർവീസ് പരീക്ഷയിൽ 410 ാം റാങ്ക് നേടി വിജയിച്ച ശ്രീധന്യ കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽ നിന്നും സിവിൽ സർവീസ് നേടുന്ന വ്യക്തിയെന്ന നേട്ടമാണ് കൈവരിച്ചത്. കുറിച്യ സമുദായത്തിൽ പ്പെട്ട ശ്രീധന്യ സാമൂഹ്യാവസ്ഥയോടും ദാരിദ്ര്യത്തോടും പൊരുതിയാണ് ഈ ചരിത്ര നേട്ടം കരസ്ഥമാക്കിയത്.

വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. സുവോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. 85 ശതമാനം മാർക്കോടെ തരിയോട് നിർമ്മല ഹയർസെക്കൻഡറി സ്‌കൂളിൽനിന്നാണ് എസ്എസ്എൽസി പാസായത്. തരിയോട് ഗവ. ജിഎച്ച്എസ്എസിൽ നിന്ന് പ്ലസ് ടുവും കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന് സുവോളജിയിൽ ബിരുദവും അപ്ലൈഡ് സുവോളജിയിൽ കലിക്കറ്റ് സർവകലാശാല ക്യാമ്പസിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി.

തുടർന്ന് എട്ടു മാസത്തോളം വയനാട് എൻ ഊര് ടൂറിസം പദ്ധതിയിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. തുടന്നാണ് സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ചേർന്നത്.തിരുവനന്തപുരം ഫോർച്യൂൺ സിവിൽ സർവീസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റിക്കു കീഴിൽ ആയിരുന്നു പരിശീലനം. ഇപ്പോൾ ഫോർച്യൂൺ സിവിൽ സർവീസ് അക്കാദമയിൽ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുകയാണ് ശ്രീധന്യ. സഹോദരി സുശിത സുരേഷ് പാലക്കാട് കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. സഹോദരൻ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്നിക് വിദ്യാർത്ഥിയാണ്.

2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. വയനാട് തരിയോട് നിർമല ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്നാണ് സിവിൽ സർവീസെന്ന ലക്ഷ്യം കൈവരിച്ചത്.