കോഴിക്കോട്: ഭാര്യയും കാമുകനായ ബംഗാളിയും ഭാര്യാമാതാവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ കോഴിക്കോട് മൊകേരി വട്ടക്കണ്ടി മീത്തൽ ശ്രീധരന്റെ (47) മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ശ്രീധരൻെ മയക്കുഗുളിക ഭക്ഷണത്തിൽ ചേർത്ത് ബോധരഹിതനാക്കിയശേഷമാണ് കൊന്നതെന്നും കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കിയത് കാമുകനായ ബംഗാളിയാണെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പിടഞ്ഞപ്പോൾ ഭാര്യയും മാതാവും ശരീരം പിടിച്ചുവെച്ചു. പി.കെ എന്ന് പൊലീസ് പേരിട്ട ബംഗാളി പടിയിലാവുന്നത് തന്ത്രപരമായ നീക്കത്തിനൊടുവിലാണ്. മൂന്നുപേരുടെയും അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തി.

അതിനിടെ ശ്രീധരന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. കഴിഞ്ഞ മാസം ഒമ്പതിന് വീട്ടുമുറ്റത്ത് സംസ്‌കരിച്ച മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത് . കഴുത്ത് മുറുക്കിയാണ് കൊല നടത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായാണ് പൊലീസ് സർജന്റെ മൊഴിയെന്ന് അന്വേഷണം നടത്തുന്ന കുറ്റ്യാടി സി.ഐ ടി. സജീവൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാര്യ ഗിരിജ, ഭാര്യാമാതാവ് ദേവി, ഇവരുടെ വീട് നിർമ്മാണ പ്രവൃത്തിക്ക് ഉണ്ടായിരുന്ന പശ്ചിമബംഗാൾ സ്വദേശിയായ മധ്യവയസ്‌കൻ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. പി.കെ എന്നാണ് ഇയാൾ പ്രദേശത്ത് അറിയപ്പെടുന്നത്. കോൺക്രീറ്റ് പണിക്കാരനായ ഇയാൾ തളീക്കരയിൽ വാടക വീട്ടിലാണ് താമസം. കോഴിക്കോട്ടുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് സി.ഐ പറഞ്ഞു. വെള്ളിയാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. അധിക ബന്ധുക്കളാരുമില്ലാത്ത ശ്രീധരൻ കൂലിപ്പണി, വയറിങ് ജോലി എന്നിവ ചെയ്താണ് ജീവിച്ചിരുന്നത്. ഇവർക്ക് അഞ്ചുവയസ്സായ ഒരു കുട്ടി മാത്രമാണുള്ളത്. തൊഴിലാളിയുമായുള്ള അവിഹിതബന്ധം കാരണം ശ്രീധരനും ഗിരിജയും തമ്മിൽ കലഹിക്കാറുണ്ടായിരുന്നത്രെ.

കോൺക്രീറ്റ് ജോലിക്കാരനാണെങ്കിലും വീട്ടിലെ എല്ലാ ജോലികളും ഇയാൾ ചെയ്യാറുണ്ടത്രെ. വീടിന്റെ മെയിൻ വാർപ്പ് മാത്രമാണ് പൂർത്തിയായത്. തൊഴിലാളിയുമായുള്ള ബന്ധം ഇരുവർക്കും ഒന്നിച്ച് ജീവിക്കണമെന്ന ഘട്ടത്തിലെത്തിയയോടെ അതിനു തടസ്സമായ ഭർത്താവിനെ ഇല്ലാതാക്കാൻ ഗിരിജ പദ്ധതി തയാറാക്കുകയായിരുന്നുവെന്നും അതുപ്രകാരം കഴിഞ്ഞ മാസം എട്ടിന് രാത്രി ഒമ്പതിനും 10നും ഇടയിലാണ് ശ്രീധരനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. മയക്കുഗുളിക ഭക്ഷണത്തിൽ ചേർത്ത് നൽകിയശേഷം ബോധരഹിതനായ ശ്രീധരനെ തൊഴിലാളി കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി. പിടഞ്ഞപ്പോൾ ഭാര്യയും മാതാവും ശരീരം പിടിച്ചുവെച്ചു. പിറ്റേന്ന് പുലർച്ചെ അഞ്ചിനാണ് ശ്രീധരൻ ഹൃദയസ്തംഭനംമൂലം മരിച്ചതായി പരിസരവാസികളെ അറിയിക്കുന്നത്.

ആളുകൾ മരണം സ്ഥിരീകരിക്കാൻ ഡോക്ടറെ വരുത്തി. മരണത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചപ്പോൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും ഭാര്യ സമ്മതിച്ചില്ലത്രെ. മരണം നടന്ന് അധികം വൈകാതെതന്നെ ഗിരിജ അബോർഷൻ നടത്തിയതും നാട്ടിൽ പാട്ടായി. ഇതോടെ ആളുകൾക്ക് മരണത്തിൽ സംശയം വർധിക്കുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് മൂവർക്കുമെതിരെ തിരിഞ്ഞത്. ഇതിനിടെ തൊഴിലാളി മുങ്ങിയെങ്കിലും പൊലീസ് വലയിൽനിന്ന് രക്ഷപ്പെടാനായില്ല. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ നാട്ടിൽക്കൊണ്ടുേപായി തെളിവെടുപ്പു നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഗിരിജയുമായി അടുപ്പത്തിലായിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂവെന്നാണ് ഇയാൾ മൊഴി നൽകിയത്.

ശ്രീധരൻ വധക്കേസിലെ മുഖ്യപ്രതിയായ ഇതരസംസ്ഥാന തൊഴിലാളി പടിയിലാവുന്നത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ്. കഴിഞ്ഞ മാസം 31നാണ് കുറ്റ്യാടി പൊലീസ് ശ്രീധരന്റെ ഭാര്യ ഗിരിജയെയും കാമുകനായ പി.കെ എന്ന ഇതരസംസ്ഥാന തൊഴിലാളിയെയും പ്രതികളാക്കി കേസെടുക്കുന്നത്. ഇതറിഞ്ഞതോടെ പ്രതി മുങ്ങി. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയുടെ നീക്കം മനസ്സിലാക്കിയ പൊലീസ് സംഘം നിലമ്പൂർ ഭാഗത്തേക്കാണത്രെ നീങ്ങിയത്. അതുവഴി ബംഗാളിലേക്ക് നീങ്ങാനായിരുന്നു പദ്ധതി. എന്നാൽ, പിന്നീട് ഇയാൾ എറണാകുളത്ത് സുഹൃത്തിന്റെ അടുത്തേക്ക് മാറി. ഇതിനിടയിൽ കസ്റ്റഡിയിലുള്ള ശ്രീധരന്റെ ഭാര്യയെക്കൊണ്ട് പൊലീസ് തൊഴിലാളിയെ വിളിപ്പിച്ചു.

ഞാൻ ഉടൻ പൊലീസിന്റെ പിടിയിലാവുമെന്നും ബംഗാളിലേക്ക് തന്നെയും കൂട്ടണമെന്നും പറഞ്ഞായിരുന്നു വിളി. നിന്നെ കൂടെക്കൊണ്ടുപോകാൻ കൈയിൽ കാശില്ലെന്നായിരുന്നു മറുപടി. അത് പ്രശ്‌നമല്ലെന്നും തന്റെ അഞ്ച് പവൻ താലിമാല വിൽക്കാമെന്നും പറഞ്ഞ ഗിരിജ, വടകര റെയിൽവേ സ്‌റ്റേഷനിൽ എത്താൻ നിർദേശവും നൽകി. തുടർന്ന് റെയിൽവേ സ്‌റ്റേഷൻ മാറ്റി ബസ് സ്റ്റാൻഡാക്കി. ഇതോടെ തിരിച്ചുപോന്ന പ്രതി കോഴിക്കോട്ട് എത്തുമ്പോഴേക്കും പൊലീസ് പൊക്കിയിരുന്നു.

പ്രതിക്ക് രണ്ട് സിം കാർഡുള്ളതായി പൊലീസ് പറഞ്ഞു. ഇയാൾ അവിവാഹിതനാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, നാട്ടിൽ 27 വയസ്സുള്ള മകൻ ഉണ്ടെന്ന് വിവരം ലഭിച്ചതായി പറയപ്പെടുന്നു. ചോദ്യംചെയ്യൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.