കൊച്ചി: ശബരിമലയിലെ നട അടയ്ക്കൽ വിവാദത്തിൽ നാണം കെട്ടെ ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സംഭവത്തിൽ സ്വന്തം പ്രസ്താവന വിഴുങ്ങിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് തിരിച്ചടിയായി ഹൈക്കോടതിയിൽ നൽകിയ ഹരജി. താൻ തന്ത്രികുടുംബത്തിലെ ആരെങ്കിലുമായി സംസാരിച്ചിരിക്കാമെന്നാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് പിള്ള കഴിഞ്ഞ ദിവസം രംഗത്തെത്തിയപ്പോൾ തന്നെയാണ് ശബരിമല നട അടക്കുന്ന വിഷയത്തിൽ തന്ത്രിയുമായി സംസാരിച്ചെന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ കത്തും സിഡിയും നൽകിയത്.

ഹർജിക്കൊപ്പം ശ്രീധരൻ പിള്ള ഹൈക്കോടതിയിൽ കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയും സി.ഡിയും ഹാജരാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ ഉപദേശം തേടി തന്ത്രി തന്നെ വിളിച്ചില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് ശനിയാഴ്ച അദ്ദേഹം കോഴിക്കോട് നടത്തിയ പ്രസ്താവനയിൽ തിരുത്തിപ്പറഞ്ഞത്. ശബരിമല തന്ത്രി തന്നെ വിളിച്ചുവെന്ന് കോഴിക്കോട് ചേർന്ന യുവമോർച്ച യോഗത്തിൽ പ്രസംഗിക്കവെയാണ് ശ്രീധരൻപിള്ള തുറന്നുപറഞ്ഞിരുന്നത്. എന്നാൽ ശനിയാഴ്ച ഇതു തിരുത്തുകയായിരുന്നു. ശബരിമല വിഷയത്തിൽ ഉപദേശം തേടി തന്ത്രി തന്നെ വിളിച്ചില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് ശനിയാഴ്ച മാറ്റിപ്പറഞ്ഞത്.

ഇതിനിടെ ഇന്നലെ താൻ കൈക്കൊണ്ട നിലപാട് ആവർത്തിച്ച് പിള്ള ഇന്നും രംഗത്തെത്തി. തന്നെ വിളിച്ചതാരാണെന്ന് ഓർമ്മയില്ലെന്ന് പിള്ള ഇന്ന് പ്രസംഗത്തിൽ പറഞ്ഞു തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചത് എന്ന് ഓർമ്മയില്ല. അന്നേ ദിവസം നൂറുകണക്കിന് കോളുകൾ വന്നിരുന്നു. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതിനെ മാനിക്കുന്നു. ബാക്കി അന്വേഷണിക്കുന്നവർ കണ്ടെത്തട്ടേയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

യുവമോർച്ച വേദിയിലെ പ്രസംഗത്തിന്റെ പേരിൽ പിള്ളയ്ക്കെതിരെ ഐ.പി.സി 505(1)ബി പ്രകാരം കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സ്ത്രീപ്രവേശന വിഷയത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയുണ്ടെന്നും തിരുമേനി ഒറ്റക്കല്ലെന്നും താൻ തന്ത്രിയോട് പറഞ്ഞതായും ശ്രീധരൻ പിള്ള ഹർജിയിൽ ആവർത്തിക്കുന്നുണ്ട്. പിള്ളയുടെ മലക്കം മറിച്ചിൽ വാർത്ത പുറത്തുവന്നതോടെ സൈബർ ലോകത്ത് അടക്കം കടുത്ത വിമർശനങ്ങളും ട്രോളുകളും പുറത്തുവന്നിട്ടുണ്ട്. എവിടെയെങ്കിലും ഒന്നുറച്ചു നിൽക്ക് പിള്ളേച്ചാ എന്നു പറഞ്ഞു കൊണ്ടാണ് വിമർശനവും പരിഹാസങ്ങളും ഉയർന്നിരിക്കുന്നത്.

തുലാമാസ പൂജാ സമയത്ത് യുവതികൾ സന്നിധാനത്ത് അടുത്ത് എത്തിയപ്പോൾ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാൽ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തന്ത്രി താൻ ആരുമായും സംസാരിച്ചില്ലെന്നാണ് പറഞ്ഞത്. ശ്രീധരൻ പിള്ളയുടെ വാക്കുകളോടെ ശബരിമലയിൽ ഗൂഢാലോചന നടക്കുന്നുവെന്നതിന് തെളിവുണ്ടെന്നാണ് സിപിഎം ആരോപിച്ചത്. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെത്തിയാൽ അതിനെ ചെറുക്കാൻ തന്ത്രി നട അടച്ചാൽ കേസെടുക്കാനാണ ്‌സർക്കാർ നിലപാട് സ്വീകരിച്ചതും.

അതിനിടെ ഈ വിഷയത്തിൽ ദേവസ്വം ബോർഡിന് മുമ്പാകെയും തന്ത്രി കണ്ഠരര് രാജീവര് നിലപാട് ആവർത്തിക്കുകയുണ്ടായി.ശബരിമല വിഷയത്തിൽ താൻ കണ്ഠരര് മോഹനരോട് മാത്രമാണ് ചർച്ച ചെയ്തത്. അല്ലാതെ മറ്റൊരാളുടെ ഉപദേശവും താൻ നേടിയിട്ടില്ലെന്നും കണ്ഠരര് പറഞ്ഞു. തന്ത്രിയുടെ കത്ത് അടുത്ത ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തിരുന്നു.