പത്തനംതിട്ട: പിണറായി വിജയൻ സർക്കാറിനെ വലിച്ചു താഴയിടുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ പരാമർശം രാഷ്ട്രീയ വിവാദമായി മാറുന്നു. പരാമർശത്തിനെതിരെ സിപിഎം, കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ ഒരുങ്ങുന്നു എന്ന വിധത്തിൽ വ്യാഖ്യാനങ്ങൾ വന്നതോടെ ഷാ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചെന്ന് വിശദീകരിച്ചു കൊണ്ട് ബിജെപി അധ്യക്ഷൻ അമിത്ഷാ രംഗത്തുവന്നു. പിണറായി സർക്കാരിനെ കേന്ദ്ര സർക്കാരല്ല, ജനങ്ങൾ വലിച്ചു താഴെയിടുമെന്നാണ് ദേശീയഅധ്യക്ഷൻ അമിത് ഷാ പറഞ്ഞതെന്ന് പി.എസ് ശ്രീധരൻപിള്ള വ്യക്തമാക്കി.

പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നുമാണ് പിള്ള വ്യക്തമാക്കിയത്. അതേസമയം സന്ദീപാനന്ദഗിരിയുടെ ആശ്രമം അക്രമിച്ചതിൽ പിന്നിൽ ദുരൂഹതയുണ്ടെന്ന നിലപാടും ശ്രീധരൻ പിള്ള ആവർത്തിച്ചു. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ സമരം തുടരുമെന്നും അടുത്തമാസം എട്ടുമുതൽ കാസർകോട് നിന്ന് ശബരിമലയിലേക്ക് രഥയാത്ര നടത്തുമെന്നും ശ്രീധരൻപിള്ള തിരുവനന്തപുരത്ത് പറഞ്ഞു. അയോധ്യ മോഡൽ രഥയാത്രക്കാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്നലെ ഷാ കണ്ണൂരിൽ നടത്തി പ്രസംഗവും.

ശബരിമല വിഷയം ഇളക്കി മറിച്ച് നേട്ടം കൊയ്യുക എന്നതു തന്നെയാണ് ബിജെപിയുടെ നോട്ടം. അതിനായി എല്ലാ സാമുദായിക സംഘടനകളെയും ഒപ്പം നിർത്താമെന്ന ആലോചന ഉണ്ടായിരുന്നെങ്കിലും അത് വിജയിച്ചില്ല. പരമ്പരാഗതമായി ബിജെപിക്കൊപ്പം നിൽക്കുന്ന എൻഎസ്എസ് വോട്ടുകൾ ഇക്കുറിയും ഈ വിഷയത്തിൽ പാർട്ടിക്കൊപ്പമുണ്ട്. എന്നാൽ, എസ്എൻഡിപി മുഖം തിരിഞ്ഞു നിൽക്കുന്നത് ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയും ചെയ്യുന്നു.

ശബരിമല വിഷയത്തിൽ ബിജെപി സംഘപരിവാർ സമരത്തിനൊപ്പം എസ്എൻഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അത്തരം സമരത്തോട് യോജിപ്പില്ല. എസ്എൻഡിപിക്ക് ബിജെപിയുമായി യോജിച്ച് പ്രവർത്തിക്കാനാവില്ല. അമിത് ഷായ്ക്ക് നാക്കുപിഴവ് സംഭവിച്ചതാകാം. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമയെന്നും വെള്ളാപ്പള്ളി വർക്കലയിൽ പറഞ്ഞിരുന്നു. അതേസമയം ഈ വിഷയത്തിൽ ബിജെപിക്കൊപ്പമെന്ന സൂചനയാണ് എൻഎസ്എസ് നൽകുന്നത്. വിഷയത്തിൽ നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.

ശബരിമല വിഷയത്തിൽ എൻഎസ്എസ് തെറ്റിദ്ധാരണയുടെ പേരിലെടുത്ത നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാനിറങ്ങിയ നീക്കം വിശ്വാസികൾക്കെതിരാണ്. ഇതിനെ ഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കുന്നില്ല. ഇക്കാര്യം നേരത്തെ തന്നെ കോടിയേരിയെ അറിയിച്ചിരുന്നു. മന്നത്ത് പത്മനാഭന്റെ കാഴ്ചപ്പാടുകളിൽ ഉറച്ചുനിന്ന് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചരിത്രമാണ് എൻഎസ്എസിനുള്ളത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അതിനെ വിശ്വാസ സംരക്ഷണവുമായി കൂട്ടിക്കലർത്തേണ്ട. ഇക്കാര്യത്തിൽ കോടിയേരിയുടെ ഉപദേശം അപ്രസക്തമാണെന്നും സുകുമാരൻ നായർ പറഞ്ഞു.

ഇത് സർക്കാർ നീക്കത്തെ തള്ളിക്കളയുന്നു എന്ന കൃത്യമായ സൂചനയാണ്. എസ്എൻഡിപി ഒപ്പം നിൽക്കില്ലെന്ന പരസ്യ പ്രഖ്യാപനം ബിജെപിക്ക് തിരിച്ചടി നൽകുന്നതാണ്. ശബരിമല വിഷയം പരമാവധി ആളിക്കത്തിക്കണം എന്നാണ് ഷാ സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. അതുകൊണ്ട് തന്നെ ബിജെപി വെള്ളാപ്പള്ളിയുടെ നിലപാടിനെ മറികടക്കാൻ ബിഡിജെഎസിനെ പരമാവധി ഉപയോഗപ്പെടുത്താനാണ് നീക്കം. വെള്ളാപ്പള്ളിയുടെ നിലപാട് ബിജെപിയുടെ അധികാരമോഹങ്ങൾക്ക് തിരിച്ചടിയാണ്. ശബരിമ വിഷയത്തിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിലും ബിജെപിയോടുള്ള അടുപ്പം കുറച്ചിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്.

അതേസമയം സർക്കാറിനെ വലിച്ചു താഴയിടുമെന്ന അമിത്ഷായുടെ പരാമർശം സിപിഎം കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ ജാഗ്രത പാലിക്കാൻ അണികൾക്ക് നിർദ്ദേശം നൽകാനും ഇത് ഇടയാക്കി. ഈ വിഷയത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നും ഭക്തരല്ല പ്രശ്‌നമെന്നും മനസ്സിലാക്കി കൊടുക്കാൻ നിലപാട് സ്വീകരിക്കാനാണ് അണികളോട് സിപിഎം നിർദ്ദേശിച്ചിരിക്കുന്നത്. ശബരിമലയിൽ സമരം ചെയ്യുന്നവരെ ഡിവൈഎഫ്‌ഐക്കാരെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയാൽ സർക്കാരിനെ വലിച്ചുതാഴെയിടാൻ മടിക്കില്ലെന്നും ഇതു പിണറായി സർക്കാർ ചെവി തുറന്നുകേട്ടോളൂ എന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു.

കോടതികൾ നടപ്പാക്കാവുന്ന ഉത്തരവുകൾ വേണം നൽകാൻ. ഭരണഘടനയിലെ 14ാം അനുഛേദം ഉദ്ധരിച്ചാണു ശബരിമല വിധി. മതത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസിക്കാൻ 25, 26 അനുഛേദങ്ങൾ അവകാശം നൽകുന്നു. ഒരു മൗലികാവകാശത്തെ മറ്റൊരു മൗലികാവകാശം ചൂണ്ടിക്കാട്ടി എങ്ങനെ നിഷേധിക്കാനാകുമെന്ന് അമിത് ഷാ ചോദിച്ചു.

ഒട്ടേറെ സുപ്രീം കോടതി വിധികൾ രാജ്യത്തുണ്ട്. വാരാണസിയിലെ ഷിയസുന്നി തർക്കം, മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിയന്ത്രണം, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ സംബന്ധിച്ച വിധി തുടങ്ങിയവ നടപ്പാക്കാൻ സർക്കാരുകൾ മുതിർന്നിട്ടില്ല. അതിലൊന്നുമില്ലാത്ത താൽപര്യം ഇപ്പോഴെന്ത് ? ആചാരങ്ങളിൽ കൈകടത്തിയാൽ രാജ്യത്തെ ബിജെപി പ്രവർത്തകർ ഒറ്റ ശിലയായി അയ്യപ്പഭക്തർക്കൊപ്പം നിൽക്കും. കേരളത്തിൽ അടിയന്തരാവസ്ഥയേക്കാൾ ഭീകര സാഹചര്യമാണ്. അമ്മമാരെയും സഹോദരിമാരെയും അടിച്ചമർത്തുന്നു. ഈ ആവേശത്തിന്റെ നൂറിലൊന്ന് പ്രളയ ദുരിതാശ്വാസത്തിനു കാണിക്കാത്ത പിണറായി വിജയനു മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സർക്കാർ അധികാരത്തിലുള്ളതു ബിജെപിയുടെ ദയാദാക്ഷിണ്യം മൂലമല്ല, സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീർപ്പിലൂടെയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അമിത് ഷായുടെ പ്രസ്താവന സംസ്ഥാന സർക്കാരിനെതിരെ എന്നതിനേക്കാളുപരി സുപ്രീം കോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്നും ഫേസ്‌ബുക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു. അമിത് ഷായെ അപലപിച്ച് സിപിഎം പി.ബിയും രംഗത്തെത്തി. ശബരിമലയിലെ സംഘർഷങ്ങൾക്ക് പിന്നിൽ ആരാണെന്ന് അമിത് ഷായുടെ പ്രസംഗത്തിലൂടെ വ്യക്തമായി. സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രസ്താവന ഒരു എംഎൽഎ മാത്രമുള്ള ബിജെപിക്ക് കേരളത്തിൽ കാലുകുത്താൻ കഴിയാത്തതിന്റെ നിരാശയിൽ നിന്നുള്ളതാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പരിഹസിച്ചു. ഭരണഘടനയെ ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പാണിത്. നടപ്പാക്കാൻ കഴിയുന്ന വിധികളെ കോടതി പുറപ്പെടുവിക്കാവൂ എന്ന് ആവശ്യപ്പെട്ട അമിത് ഷാ കോടതികളെ ഉന്നം വയ്ക്കുകയാണെന്നും അഭിഷേക് മനു സിങ്‌വി ഡൽഹിയിൽ പറഞ്ഞു.