- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവധി കഴിഞ്ഞാൽ ലൈസൻസ് പുതുക്കി കിട്ടാത്ത മൂന്ന് മലയാളം ചാനലുകൾ കൂടിയുണ്ടെന്ന വിവരം സസന്തോഷം അറിയിക്കുന്നു; ട്വീറ്റുമായി മഹിളാ മോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീജ സി നായർ; തിരക്കഥ തയ്യാറായിക്കഴിഞ്ഞു എന്ന് ഇതിൽ നിന്ന് അനുമാനിക്കാം എന്ന് വിനു വി ജോൺ
കോഴിക്കോട്: 'മീഡിയവൺ' ചാനൽ കേസിൽ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബുധനാഴ്ച വിധി പറയാൻ ഇരിക്കെ, മലയാള മാധ്യമങ്ങൾക്കെതിരെ പരസ്യ ഭീഷണിയുമായി മഹിളാ മോർച്ച നേതാവ് ശ്രീജ നായർ രംഗത്തെത്തി. കാലാവധി കഴിഞ്ഞ് ലൈസൻസ് നീട്ടികിട്ടാനുള്ള ലിസ്റ്റിൽ മൂന്ന് ചാനൽ കൂടിയുണ്ട് എന്നാണ് ഭാരതീയ മഹിളാ മോർച്ചാ കോഴിക്കോട് ജില്ലാ സെക്രട്ടറി എന്ന് ട്വിറ്റർ പ്രൊഫൈലിൽ മെൻഷൻ ചെയ്ത ശ്രീജ നായർ ട്വീറ്റ് ചെയ്തത്.
മീഡിയ വണിന്റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് നടപടിക്ക് പിന്നാലെയാണ് ബിജെപി നേതാവിന്റെ പരസ്യ ഭീഷണി എന്നത് ശ്രദ്ധേയമാണ്. ' കാലാവധി കഴിഞ്ഞാൽ ലൈസൻസ് പുതുക്കി കിട്ടാത്ത നിരവധി ചാനലുകളുടെ ലിസ്റ്റിൽ മൂന്ന് മലയാളം ചാനലുകൾ കൂടിയുണ്ടെന്ന വിവരം സസന്തോഷം അറിയിക്കുന്നു,' എന്നാണ് ശ്രീജ നായരുടെ ട്വീറ്റിന്റെ പൂർണ രൂപം.
ശ്രീജ നായരുടെ ട്വീറ്റിന് എതിരെ വിമർശനം ഉയരുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തി ബിജെപിയുടെ ഒരു ലോക്കൽ നേതാവ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുന്നു എന്നാണ് വിമർശനങ്ങൾ.
'മൂന്ന് മലയാളം വാർത്താ ചാനലുകൾക്ക് കൂടി ലൈസൻസ് പുതുക്കി നൽകില്ലെന്ന് മഹിളാ മോർച്ച നേതാവ് പരസ്യമായി പ്രഖ്യാപിക്കുന്നു. തിരക്കഥ തയ്യാറായിക്കഴിഞ്ഞു എന്ന് ഇതിൽ നിന്ന് അനുമാനിക്കാം. ഇത്തരം കാര്യങ്ങളൊക്കെ പാർട്ടിയിലുള്ളവർക്ക് അറിയാം. ഫോർത്ത് എസ്റ്റേറ്റിനെ ലക്ഷ്യമാക്കി നീങ്ങുകയാണവർ. പ്രസ് ഫ്രീഡം 142-ാം റാങ്കിൽ നിന്ന് ക്രമാനുഗതമായി താഴേക്ക്,' എന്നാണ് വിഷയത്തിൽ മാധ്യമപ്രവർത്തകൻ വിനു വി. ജോൺ ട്വീറ്റ് ചെയ്തത്.
Mahila Morcha leader publicly declares that three more Malayalam news channels won't get their license renewed. So the script is ready and known to party insiders. Targeting the fourth estate...steadily climbing down from 142nd rank to...??? #WorldPressFreedomIndex pic.twitter.com/ChXcYIWN2Q
- VINU V JOHN (@vinuvjohn) February 27, 2022
അതേസമയം, മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെയുള്ള ഹരജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ചാനലിന്റെ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീലിലാണ് വിധി പറയുന്നത്. ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും നൽകിയ അപ്പീൽ ഹർജികളിൽ നേരത്തെ വാദം പൂർത്തിയാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ബുധനാഴ്ച വിധി പറയുന്നത്.
ഹരജിക്കാർക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാറിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അമൻ ലേഖിയുമാണ് ഹാജരായത്. പ്രവർത്തനാനുമതി പുതുക്കാൻ അപേക്ഷ നൽകുമ്പോൾ സുരക്ഷാ ക്ലിയറൻസ് വേണ്ടതില്ലെന്നടക്കം വാദങ്ങളാണ് ഹർജിക്കാരുടെ അഭിഭാഷകൻ ഉന്നയിച്ചത്. 2021 സെപ്റ്റംബർ 29 വരെയാണ് ലൈസൻസ് ഉണ്ടായിരുന്നത്. പുതുക്കാനായി മെയ് മൂന്നിന് അപേക്ഷ നൽകിയ ശേഷം നവംബറിൽ കാരണം കാണിക്കൽ നോട്ടീസാണ് ലഭിച്ചത്.
മുമ്പ് കമ്പനിക്ക് സുരക്ഷ ക്ലിയറൻസ് ലഭിച്ചതായി കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നുണ്ട്. ഇതിനിടയിൽ സുരക്ഷ ക്ലിയറൻസ് നിഷേധിക്കപ്പെട്ട വിവരം കൈമാറിയിട്ടില്ല. സെപ്റ്റംബർ 29ന് അനുമതി കാലാവധി പൂർത്തിയായിട്ടും പിന്നേയും മാസങ്ങളോളം അനുമതിയില്ലാതെ പ്രവർത്തിക്കാൻ അനുവദിച്ചപ്പോഴും സുരക്ഷ ക്ലിയറൻസ് പ്രശ്‌നം അധികൃതർ ഉന്നയിച്ചിട്ടില്ല. അതിനാൽ, സുരക്ഷാ ക്ലിയറൻസ് നിഷേധിക്കപ്പെട്ടുവെന്ന വാദം അംഗീകരിക്കാനാവില്ല. ചാനലിന്റെ ഏതെങ്കിലും പരിപാടിയിൽ രാജ്യസുരക്ഷ, പൊതുസമാധാനം, സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെ ബാധിക്കുന്ന വിഷയങ്ങളുണ്ടായാൽ പരിപാടി നിർത്തിവെപ്പിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനുണ്ട്. ഇതിന് പകരം ചാനലിന്റെ തന്നെ അനുമതി റദ്ദാക്കുന്നത് നിയമപരമല്ല. കോടതിയിൽ മുദ്ര വെച്ച കവറിൽ സമർപ്പിച്ച രേഖകൾ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരെ പുകമറയിൽ നിർത്തി പുറപ്പെടുവിച്ച വിധിയാണ് സിംഗിൾബെഞ്ചിൽ നിന്നുണ്ടായതെന്നും ഹരജിക്കാർ വാദിച്ചു.
എന്നാൽ, അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട മാർഗരേഖകളുടെ ലംഘനമാണ് വിഷയത്തിൽ അടങ്ങിയിട്ടുള്ളതെന്നായിരുന്നു എ.എസ്.ജിയുടെ വാദം. ആദ്യമായി അനുമതി നൽകുന്ന നടപടിക്രമങ്ങൾ പുതുക്കി നൽകുന്നതിനും ബാധകമാണ്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഹരജിക്കാർ ചൂണ്ടിക്കാട്ടുന്ന സുപ്രീം കോടതി ഉത്തരവുകൾ അന്നത്തെ ഭേദഗതി നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വസ്തുതകളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തിലുള്ളതാണെന്നും ഈ കേസിൽ ബാധകമല്ലെന്നും എ.എസ്.ജി വാദിച്ചു. എല്ലാ കക്ഷികളുടേയും വാദം പൂർത്തിയായതിനെ തുടർന്ന് ഹരജി വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.
ഹരജിക്കാരുടെ പ്രക്ഷേപണ അനുമതി ഉടൻ പ്രാബല്യത്തോടെ റദ്ദാക്കുകയും അംഗീകൃത ചാനലുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത് ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ