കൊല്ലം: കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ച് പ്രചാരണത്തിന് ഇറങ്ങിയ കോൺഗ്രസ് സ്ഥാനാർത്ഥി ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ബിജെപി സ്ഥാനാർത്ഥിയായി.കൊല്ലം കോർപ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിന്ന് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ശ്രീജ ചന്ദ്രനാണ് പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയത്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് സ്ഥാനാർത്ഥിയെ ബിജെപിയിലെത്തിച്ചത്.

ഡിവിഷനിൽ മൂന്ന് സ്ഥാനാർത്ഥികൾ ആണ് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് അഭ്യർത്ഥന ആരംഭിച്ചത്. ഇത് ജില്ലാ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. മൂന്ന് പേരും ഓരോ നേതാക്കളുടെ പിന്തുണയോടെയായിരുന്നു മത്സരിക്കാൻ രംഗത്തെത്തിയത്.

കെപിസിസി നിർവ്വാഹക സമിതി അംഗം എ.കെ.ഹഫീസിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ ശ്രീജ ചന്ദ്രൻ എത്തിയത്. നയന ഗംഗ, അനിത എന്നിവരായിരുന്നു ഇവർക്കൊപ്പം തന്നെ ഡിവിഷനിൽ മത്സരത്തിനായി എത്തിയത്. അനുനയ ശ്രമങ്ങൾക്ക് തയ്യാറാകാതെ മൂന്ന് പേരും ഒരു പോലെ വോട്ടഭ്യർഥന ആരംഭിച്ചതോടെ ഡി.സി.സി സമവായ ശ്രമം നടത്താനായി പ്രത്യേക കമ്മിറ്റിയെ വെച്ചു.

കെപിസിസി സെക്രട്ടറി സൂരജ് രവി, പ്രദേശിക കോൺഗ്രസ് നേതാവ് ആണ്ടാ മുക്കം റിയാസ് എന്നിവർ മറ്റ് രണ്ട് സ്ഥാനാർത്ഥികളോടും പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ നിലപാടിലുറച്ചതോടെ ഡി.സി.സി നേതൃത്വം നയന ഗംഗയെ സ്ഥാനാർത്ഥിയാക്കി.

ഇതോടെ പ്രചാരണത്തിൽ ഏറെ മുന്നിൽ പോയ ശ്രീജാ ചന്ദ്രൻ അതേ വാർഡിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി.ഇതോടെ ചിഹ്നം മാറിയ വിവരം വോട്ടർമാരെ അറിയിക്കാനുള്ള തിരക്കിലാണ് ശ്രീജ. എന്നാൽ സ്ഥാനാർത്ഥി തന്നെ മാറിയ വിവരം വീടുകൾ കയറി അറിയിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

കൊല്ലം കോർപ്പറേഷൻ ഭരണസമിതിയിൽ വൻ ഭൂരിപക്ഷമാണ് ഇടതുമുന്നണിക്കുള്ളത്. ആകെയുള്ള 55 വാർഡുകളിൽ 35 സീറ്റിലും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചത്. യു.ഡി.എഫ് വിജയം 16 സീറ്റിലൊതുങ്ങി. രണ്ട് സീറ്റിലായിരുന്നു ബിജെപി വിജയം.