തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒളിവിൽ പോയപ്പോൾ, സ്വപ്‌ന സുരേഷിന്റെ ഓഡിയോ സന്ദേശം എക്‌സ്‌ക്ലൂസീവായി 24 ന്യൂസ് ചാനൽ പുറത്തുവിട്ടിരുന്നു. അന്ന് റിപ്പോർട്ടർ സഹിൻ ആന്റണിയാണ് ക്ലിപ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സ്വപ്‌നം നടത്തിയ വെളിപ്പെടുത്തലിൽ ആ ശബ്ദസന്ദേശം റെക്കോഡ് ചെയ്തത് തന്റെ ഫോണിൽ അല്ലെന്നും, സരിതും ശിവശങ്കറും, ജയശങ്കറും ആസൂത്രണം ചെയ്ത പ്രകാരം മറ്റാരുടെയോ ഫോണിലാണ് ശബ്ദം റെക്കോഡ് ചെയ്തതെന്നും സ്വപ്‌ന തുറന്നു പറഞ്ഞിരുന്നു. താൻ സ്വമേധയാ അല്ല ആ ശബ്ദസന്ദേശം പുറത്തുവിട്ടത് എന്നാണ് സ്വപ്‌ന വ്യക്തമാക്കിയത്. ഈ ശബ്ദ സന്ദേശത്തിന്റെ ആധികാരികത 24 ന്യൂസ് എങ്ങനെ ഉറപ്പിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ ചോദിച്ചു.

സ്വപ്നയുടേതല്ലാത്ത ഫോണിൽ നിന്ന് ലഭിച്ച, മറ്റാരുടെയോ ഫോണിൽ റെക്കോഡ് ചെയ്ത, മറ്റാരുടെയോ ഫോണിൽ നിന്ന് ചാനലിന് ലഭിച്ച, അന്നത്തെ സാഹചര്യത്തിൽ ശബ്ദം കൊണ്ട് തിരിച്ചറിയപ്പെടാനോ ഐഡന്റിറ്റി ഉറപ്പിക്കാനോ സാധിക്കാത്ത, ഫോൺ കയ്യിലില്ലാത്ത, ഒളിവിൽ പോയ ഒരു വ്യക്തിയുടെ ശബ്ദസന്ദേശം സ്വപ്നാ സുരേഷിന്റേത് തന്നെയാണെന്ന് 24 ന്യൂസ് ഉറപ്പിച്ചു!-ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

മറ്റുള്ള മാധ്യമങ്ങൾ 24 ന്യൂസിനെ മാതൃകയാക്കൂ. ശരിയായ അന്വേഷണാത്മക മാധ്യമപ്രവർത്തനം എന്താണെന്ന് അവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കൂ. വാർത്തകളുടെ ആധികാരികത ഉറപ്പിക്കാൻ അവർ സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങൾ ചെമ്പോലയിലാക്കി ഭാവി തലമുറയ്ക്കു വേണ്ടി കുഴിച്ചിടൂ-ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂർണരൂപം:

24 ന്യൂസ് ചാനലിനോടും സഹിൻ ആന്റണിയോടുമുള്ള എന്റെ ബഹുമാനം വർദ്ധിച്ചു! 24 ന്യൂസ് പുറത്തുവിട്ട, സ്വപ്നാ സുരേഷിന്റെ ആദ്യ ശബ്ദസന്ദേശത്തിലേക്ക് ഒന്ന് തിരിച്ചു പോകാം. ''തങ്ങൾക്ക് ലഭിച്ച സന്ദേശം' പുറത്തുവിടുന്നു എന്നാണ് ചാനൽ പറഞ്ഞത്. കുറ്റാരോപിതയ്ക്ക് പറയാനുള്ളതും കേൾപ്പിക്കുക എന്ന ധാർമ്മികതയാണ് സ്വീകരിക്കുന്നതെന്നും ചാനൽ പറഞ്ഞു. നല്ല കാര്യം.

എന്നാൽ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന പറഞ്ഞ സുപ്രധാനമായ ചില കാര്യങ്ങളുണ്ട്.
- ആ ശബ്ദസന്ദേശം റെക്കോഡ് ചെയ്തത് തന്റെ ഫോണിൽ അല്ല.
- മറ്റാരുടെയോ ഫോണിലാണ് ശബ്ദം റെക്കോഡ് ചെയ്തത്.
- തന്നോട് ശബ്ദസന്ദേശം റെക്കോഡ് ചെയ്യാൻ ആവശ്യപ്പെട്ടത് സരിത് ആണ്.
- തന്നോട് ആവശ്യപ്പെട്ടതു പോലെ ശബ്ദം റെക്കോഡ് ചെയ്തു നൽകി.
- അതിനുള്ള ആസൂത്രണം ചെയ്തത് ശിവശങ്കറും സരിത്തും ജയശങ്കറും ആണെന്ന് കരുതുന്നു.
- തന്റെ ഫോൺ തന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.

24 ന്യൂസ് റിപ്പോർട്ടർ സഹിൻ ആന്റണി പണ്ടു പറഞ്ഞത് സ്വപ്നയുടെ ശബ്ദസന്ദേശം അടങ്ങിയ ഫോൺ സിം കാർഡ് പോലുമില്ലാതെ തനിക്ക് ലഭിച്ചു എന്നാണ്. സ്വപ്നയുടേതല്ലാത്ത ഫോണിൽ റെക്കോഡ് ചെയ്ത ശബ്ദസന്ദേശം അവരുടേത് തന്നെയെന്ന് ഉറപ്പിക്കാൻ പ്രയാസമാണ്. സ്വപ്നയുടെ കയ്യിൽ ഫോൺ ഇല്ലാത്തതിനാൽ അവരോട് നേരിട്ട് ചോദിക്കാനും പ്രയാസം. സ്വപ്നയുടെ ശബ്ദം മാധ്യമങ്ങൾക്കോ പൊതുസമൂഹത്തിനോ പരിചയം ഇല്ലാത്തതിനാൽ സ്ഥിരീകരിക്കാനും പ്രയാസം. വളരെ ക്ഷീണിതയായ അവസ്ഥയിലുള്ള ശബ്ദം അവരുടേതാണോ ആരെങ്കിലും കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നതിന്റെ ആധികാരികത മനസ്സിലാക്കാനും പ്രയാസം. എന്നിട്ടും ശബ്ദം സ്വപ്നയുടേതെന്ന് സ്ഥിരീകരിക്കാൻ 24 ന്യൂസിന് സാധിച്ചു!

എനിക്ക് 24 ന്യൂസിനോടുള്ള ബഹുമാനം വർദ്ധിച്ചതിന്റെ കാരണം ഇപ്പോൾ മനസ്സിലായില്ലേ? അതാണ് ഉത്തമ മാധ്യമപ്രവർത്തനം!
സ്വപ്നയുടേതല്ലാത്ത ഫോണിൽ നിന്ന് ലഭിച്ച, മറ്റാരുടെയോ ഫോണിൽ റെക്കോഡ് ചെയ്ത, മറ്റാരുടെയോ ഫോണിൽ നിന്ന് ചാനലിന് ലഭിച്ച, അന്നത്തെ സാഹചര്യത്തിൽ ശബ്ദം കൊണ്ട് തിരിച്ചറിയപ്പെടാനോ ഐഡന്റിറ്റി ഉറപ്പിക്കാനോ സാധിക്കാത്ത, ഫോൺ കയ്യിലില്ലാത്ത, ഒളിവിൽ പോയ ഒരു വ്യക്തിയുടെ ശബ്ദസന്ദേശം സ്വപ്നാ സുരേഷിന്റേത് തന്നെയാണെന്ന് 24 ന്യൂസ് ഉറപ്പിച്ചു!

എങ്ങനെ എന്ന് എന്നോട് ചോദിക്കരുത്; എനക്കറിയില്ല! തന്റെ സോഴ്‌സ് വഴിയാണ് ശബ്ദത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയതെന്നും ശബ്ദസന്ദേശം മറ്റാർക്കും കിട്ടില്ലെന്നും സഹിൻ ആവർത്തിച്ച് ഉറപ്പിച്ചു പറയുന്നുണ്ട്. ഒരാളിന്റെ ശബ്ദത്തിന്റെ ആധികാരികത ഉറപ്പിക്കുന്നത് ചില്ലറ കാര്യമല്ല. തനിക്ക് കിട്ടിയത് ശബ്ദസന്ദേശം അടങ്ങിയ ഫോൺ ആണെന്നും, അതിൽ സിം കാർഡ് ഇല്ലായിരുന്നെന്നും, ആ സന്ദേശം മറ്റാർക്കും ലഭിക്കില്ലെന്നും സഹിൻ 100% ഉറപ്പിച്ചു പറയുന്നു. ശബ്ദസന്ദേശം മറ്റാർക്കെങ്കിലും അയച്ചുകൊടുത്ത ശേഷം സിം കാർഡ് നീക്കം ചെയ്യാൻ കഴിയും. വൈഫൈ ഉപയോഗിച്ചും അതിന് സാധിക്കും. മറ്റ് ആപ്പുകൾ വഴിയും, ഡേറ്റാ കേബിൾ വഴിയും, തനത് ഷെയറിങ് മാർഗങ്ങൾ വഴിയും അതിനു സാധിക്കും. എങ്കിലും മറ്റാർക്കും സന്ദേശം കിട്ടിയിട്ടില്ലെന്ന് സഹിൻ തറപ്പിച്ച് പറയുന്നു!

എങ്ങനെ എന്ന് എന്നോട് ചോദിക്കരുത്; എനക്കറിയില്ല! ഇത്ര ആധികാരികതയോടെ മാധ്യമപ്രവർത്തനം നടത്താൻ മറ്റാർക്ക് കഴിയും? മറ്റുള്ള മാധ്യമങ്ങൾ 24 ന്യൂസിനെ മാതൃകയാക്കൂ. ശരിയായ അന്വേഷണാത്മക മാധ്യമപ്രവർത്തനം എന്താണെന്ന് അവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കൂ. വാർത്തകളുടെ ആധികാരികത ഉറപ്പിക്കാൻ അവർ സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങൾ ചെമ്പോലയിലാക്കി ഭാവി തലമുറയ്ക്കു വേണ്ടി കുഴിച്ചിടൂ.

എന്തായാലും ഉത്തമ മാധ്യമപ്രവർത്തനം നടത്തിയ 24 ന്യൂസിനോടും സഹിൻ ആന്റണിയെന്ന ഏഷ്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനോടും ആദരവാൽ ആദരവ് മാത്രം. സത്യായിട്ടും.
സ്വന്തം ഫോണിൽ നിന്നും,
പണിക്കർ.