തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടിയത് മാത്രമാണ് ശ്രീജിത്തിനുള്ള ഏക ആശ്വസം. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രത്തിലേക്കു വീണ്ടും കത്തയച്ചതായി സംസ്ഥാന സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണു സിബിഐ കോടതിയിൽ നിലപാട് അറിയിക്കേണ്ടത്. ഹർജി ചൊവ്വാഴ്ച പരിഗണിക്കും. ഈ ഹർജിയെ എതിർക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. കാരണം സെക്രട്ടറിയേറ്റ് നടയിലെ ശ്രീജിത്തിന്റെ സഹന സമരത്തിന് മുഖ്യമന്ത്രി പിണറായി എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ ഹർജിയെ സർക്കാർ എതിർക്കില്ല.

എന്നാൽ അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്നു വിവരം ലഭിച്ചെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ചുവെങ്കിലും ഇന്നലെയും വിജ്ഞാപനം ഇറങ്ങിയില്ല. സിബിഐയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങാണു വിവരം അറിയിച്ചതെന്നു ചൊവ്വാഴ്ച വൈകിട്ടു കുമ്മനം അറിയിച്ചിരുന്നു. വിജ്ഞാപനം ഇന്നലെ ഉണ്ടാകുമെന്നാണു പ്രതീക്ഷിച്ചത്. എന്നാൽ ഇതേക്കുറിച്ചു തനിക്കു വിവരമൊന്നും ലഭിച്ചിട്ടില്ലെന്നു സെക്രട്ടേറിയറ്റിനു മുന്നിൽ 768 ദിവസമായി സമരം ചെയ്യുന്ന സഹോദരൻ ശ്രീജിത്ത് പറഞ്ഞു. വിജ്ഞാപനം ഇറങ്ങാതെ സമരത്തിൽനിന്നു പിന്മാറില്ല. സോഷ്യൽ മീഡിയയും ഒറ്റക്കെട്ടായി ശ്രീജിത്തിന് പിന്നിലുണ്ട്. കേരളവും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ താൽപ്പര്യം കാട്ടുന്നില്ല.

ശ്രീജിവിന്റെ മരണം ചർച്ചയാക്കിയത് ചേട്ടൻ ശ്രീജിത്തിന്റെ നിരാഹാര സമരമാണ്. രണ്ട് വർഷം പിന്നിട്ട സമരത്തിന് സോഷ്യൽ മീഡിയയിൽ പിന്തുണ കിട്ടിയത് ഇതോടെയാണ്. പതിനായിരങ്ങൾ ഐക്യദാർഡ്യവുമായെത്തി. ഇതോടെയാണ് സിബിഐ അന്വേഷണത്തിൽ ബിജെപിയും സിപിഎമ്മും പ്രസ്താവനകളുമായെത്തിയത്. എന്നാൽ ഇത് വെറും വാക്കുകളായിരുന്നു. ഹൈക്കോടതി ഉത്തരവിട്ടാൽ മാത്രമേ സിബിഐ അന്വേഷണം നടക്കാനിടയുള്ളൂ. പൊലീസുകാർ പ്രതിയായ കേസ് ഏറ്റെടുക്കാൻ സിബിഐയ്ക്കും താൽപ്പര്യക്കുറവുണ്ടെന്നാണ് സൂചന. നഷ്ടപരിഹാര തുക പൊലീസുകാരിൽ നിന്ന് വാങ്ങരുതെന്നാണ് ഹൈക്കോടതി സ്‌റ്റേ. അതുകൊണ്ട് തന്നെ സംസ്ഥാനത്തിനും പ്രത്യേക സംഘത്തെ നിയോഗിക്കാം. എന്നാൽ ഇതിന് കേരളവും താൽപ്പര്യം കാട്ടുന്നില്ല.

ശ്രീജിത്തിന്റെ അമ്മ രമണി പ്രമീളയും സമൂഹ മാധ്യമ കൂട്ടായ്മ പ്രവർത്തകരും ഗവർണർ പി.സദാശിവത്തെ കണ്ടു. സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് ഉറപ്പു നൽകി. അതിനിടെ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോടു മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി.മോഹനദാസ് വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ഡിജിപി ഹാജരാക്കണം. കേസ് കോടതിയിലായതിനാൽ കമ്മിഷന്റെ നിലപാടുകളോടു പ്രതികരിക്കുന്നില്ലെന്നും സിബിഐ അന്വേഷിക്കണമെന്നാണു പൊലീസിന്റെ നിലപാടെന്നും ബെഹ്‌റ പ്രതികരിച്ചു. എന്നാൽ അതിനപ്പുറത്തേക്ക് കാര്യങ്ങളൊന്നും എത്തുന്നില്ല.

തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവിന്റെ മരണം 2014 മെയ്‌ 21നായിരുന്നു. ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് മാതാവു രമണി പ്രമീളയാണു കോടതിയിലെത്തിയത്. സിബിഐക്കു വിടാൻ അനുമതി നൽകി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും അമിതജോലിഭാരമുണ്ടെന്നും തങ്ങൾ ഏറ്റെടുക്കാൻ തക്ക പ്രാധാന്യം കേസിനില്ലെന്നും പറഞ്ഞ് സിബിഐ നിരസിക്കുകയാണെന്നു ഹർജിയിൽ പറയുന്നു. സിബിഐ പ്രത്യേക സംഘത്തിന്റെ അന്വേഷണം നിർദ്ദേശിക്കണമെന്നാണ് ആവശ്യം. പാറശാല സ്റ്റേഷനിലെ സിഐ ഗോപകുമാർ, എസ്‌ഐ ബിജുകുമാർ, എഎസ്‌ഐ ഫിലിപ്പോസ് എന്നിവർ ചേർന്ന് 2014 മെയ്‌ 19നാണു കസ്റ്റഡിയിലെടുത്തത്.

അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി ഉള്ളിൽചെന്നു ശ്രീജിവ് മരിച്ചെന്നും ആത്മഹത്യാക്കുറിപ്പുണ്ടെന്നും പൊലീസ് പറയുന്നതു ശരിയല്ലെന്നു ഹർജിയിൽ ആരോപിക്കുന്നു. ജീവിതത്തിൽ പ്രതിസന്ധികളേറെ കണ്ടിട്ടുള്ള ശ്രീജിവ് ആത്മഹത്യ ചെയ്യില്ലെന്നും, കാമുകിയുടെ വിവാഹത്തിൽ നിന്നു മാറ്റിനിർത്താൻ വേണ്ടി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും ഹർജിയിൽ പറയുന്നു. അടികൊണ്ട പാടുള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഈ വിഷയം പരിഗണിച്ച പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയും കസ്റ്റഡി പീഡനമെന്ന നിഗമനത്തിലെത്തിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.