തിരുവനന്തപുരം: സിനിമയുടെ ആർഭാടം തന്നെ ബാധിച്ചിട്ടില്ലെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. 20ാമത്തെ വയസ്സിൽ കവിതയെഴുതിത്ത്തുടങ്ങിയ താൻ എവിടെ നിൽക്കുന്നോ അവിടെത്തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. തന്റെ സിനിമാ അനുഭവങ്ങളെയും ജീവിതത്തെയും കുറിച്ചും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്.

ക്യാരക്റ്റർ റോൾ നൽകി താൻ വളർത്തിയ മമ്മൂട്ടിയും മോഹൻലാലും ഇന്ന് കോടീശ്വരന്മാരാണെന്നും എന്നാൽ പിന്നീട് അവർ വലിയ താരങ്ങളായപ്പോൾ തനിക്ക് കാൾഷീറ്റ് നൽകിയില്ലെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. സിനിമയിൽ വന്ന് 35ാമത്തെ വയസ്സിൽ തന്നെ തനിക്ക് മൂന്നു കാറുണ്ടായിരുന്നുവെന്നും പിന്നീട് അതെല്ലാം വിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ നിന്ന് കിട്ടിയതെല്ലാം സിനിമയ്ക്കു തന്നെ നൽകി. തിരുവനന്തപുരത്ത് താമസിക്കുന്ന വീട് വാങ്ങിയത് സീരിയലിൽ നിന്ന് കിട്ടിയ കാശ് കൊണ്ടാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

ശ്രീകുമാരൻ തമ്പിയുടെ കുടുംബം ചെന്നൈയിലാണ് താമസം. തിരുവനന്തപുരത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് 25 വർഷമായെന്നും അങ്ങനെ ജീവിക്കാനുള്ള തീരുമാനം തന്റേതായിരുന്നുവെന്നും ശ്രീകുമാരൻ തമ്പി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

'ഒറ്റയ്ക്കുള്ള ജീവിതം എന്നെ മടുപ്പിക്കുന്നില്ല. സിനിമ വിട്ട് സീരിയൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് തിരുവനന്തപുരത്തേക്ക് വരേണ്ടി വന്നത്. പക്ഷേ ഭാര്യയ്ക്കും മക്കൾക്കും ചെന്നൈയിൽ നിൽക്കാനായിരുന്നു താത്പര്യം. എനിക്കാണെങ്കിൽ നാട്ടിൽ വന്നേ തീരൂ. അങ്ങനെ ഞാൻ തനിച്ച് തിരുവനന്തപുരത്തേക്ക് പോന്നു', ശ്രീകുമാരൻ തമ്പി അഭിമുഖത്തിൽ പറയുന്നു.