കോഴിക്കോട്: ബേബി മേമ്മോറിയിൽ ആശുപത്രി നഴ്‌സിങ് കോളജ് വിദ്യാർത്ഥിനിയായ അത്തോളി ഉള്ള്യേരി കരിക്കാലിൽ ഉണ്ണിക്കൃഷ്ണന്റെ മകൾ ശ്രീലക്ഷ്മിയുടെ മരണത്തിൽ ദൂരുഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ആരോപിച്ച് സഹോദരി രംഗത്തത്തെി.

നഴ്‌സിങ് കോളജിലെ രണ്ടാം വർഷ ജനറൽ നഴ്‌സിങ് വിദ്യാർത്ഥിയായിരുന്ന ശ്രീലക്ഷ്മി (19)യുടെ മരണം സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. ഹോസ്റ്റൽമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സഹോദരിയുടെ മൃതദേഹമെങ്കിലും അവളെ കൊന്ന് കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായി സഹോദരി പി കെ ഐശ്വര്യ പറഞ്ഞു. ഇത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിയും നൽകിയിട്ടുണ്ട് ശ്രീലക്ഷ്മിയെ ജൂലൈ 15 ന് ഉച്ചക്ക് ശേഷമാണ് കാണാതായത്. പിന്നീട് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടത്തെുകയുമായിരുന്നു. മരണം ആത്മഹത്യയല്ല കൊലപാതകം തന്നെയാണെന്നാണ് തങ്ങളുടെ ബലമായ സംശയമെന്നും സഹോദരി പറഞ്ഞു. ഹോസ്റ്റലിൽ ഒരു ടീച്ചറും വിദ്യാർത്ഥിയും തമ്മിലുണ്ടായിരുന്ന വഴി വിട്ട ബന്ധത്തെ കുറിച്ച് സാക്ഷി പറഞ്ഞതിന് പിന്നാലെയാണ് ശ്രീലക്ഷ്മിയെ കാണാതായതും മരിച്ച നിലയിൽ കണ്ടത്തെിയതെന്നും ദുരൂഹതയുണർത്തുന്ന കാര്യമാണ്.

എന്നാൽ സംഭവത്തെ കുറിച്ച് പുറം ലോകം അറിയുന്നതിൽനിന്ന് രക്ഷപ്പെടാൻ അപവാദം പ്രചരിപ്പിക്കുകയാണ്. ശ്രീലക്ഷ്മിയുടെ മരണം പ്രണയ നൈരാശ്യമാണെന്ന പ്രചരണത്തിന് പിന്നിൽ ഇതാണെന്ന് ഐശ്വര്യ ചൂണ്ടിക്കാട്ടി. ഇതര മതസ്ഥനായ യുവാവുമായി ശ്രീലക്ഷ്മി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ എതിർത്തതോടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യൻ തീരുമാനിച്ചുവെന്നമാണ് ഇപ്പോൾ നടക്കുന്ന പ്രചാരണം. വീട്ടിൽ പോയി മടങ്ങിയത്തെിയതിന് ശേഷം മുതൽ ശ്രീലക്ഷ്മി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ഹോസ്റ്റലിൽ നിന്നുതന്നെ വിവരം ലഭിച്ചു. ശ്രീലക്ഷ്മിയെ കാണാതായതായി അറിയച്ചതിനെ തുടർന്ന് അമ്മ ഹോസ്‌ററലിൽ ബന്ധപ്പെട്ട് ഹോസ്റ്റലിലും കോളജിലും പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. ഹോസ്റ്റലിൽ നിന്ന് പുറത്തേക്കിറങ്ങിയ ശ്രീലക്ഷ്മി ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിട്ടും ഹോസ്പിറ്റലിൽ റിപ്പോർട്ട് ചെയ്തില്ല എന്ന വിവരമായിരുന്നു ലഭിച്ചത്. ഇതിനത്തെുടർന്നാണ് ശ്രീലക്ഷ്മിയുടെ റൂമിലും കോളെജിലും കയറി പരിശോധിക്കാൻ ആവശ്യപ്പെട്ടത്. പക്ഷെ ഹോസ്റ്റൽ അധികൃതരും കോളേജ് അധികൃതരും വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അമ്മ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കുട്ടിയെ കാണാതായത് സംബന്ധിച്ച് നഴ്‌സിങ്ങ് കോളജ് അധികൃതർ പരാതിയൊന്നും നൽകിയിട്ടില്ല. കാണാതായെന്ന് പറഞ്ഞ അന്ന് രാത്രി ശ്രീലക്ഷ്മിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടതായി കാണിച്ച് വിളിച്ച് പറയുകയായിരുന്നു. ശ്രീലക്ഷ്മി മരിച്ചതിനെ തുടർന്ന് മൃതദേഹം കാണാനോ വീട് സന്ദർശിക്കാനോ കോളജിൽനിന്ന് സഹപാഠികളോ അദ്ധ്യാപകരോ എത്തിയില്ലെന്നെതും ദുരൂഹത വർദ്ധിപ്പിക്കുന്നു. അവർ ആരെയോ ഭയക്കുന്നുണ്ടെന്ന് തെളിവാണിതെന്ന് ഐശ്വര്യ ചൂണ്ടിക്കാട്ടി. ശ്രീലക്ഷ്മിയുടെ മരണം സംബന്ധിച്ച് നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്നും പൊലീസ് അന്വേഷമം കാര്യക്ഷമമായി നടക്കുന്നില്ലങ്കെിൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

പ്രണയ നൈരാശ്യത്തെ തുടർന്ന് കോളെജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തുവെന്നാണ് കോളെജ് അധികൃതരുടെ പ്രചാരണമെന്നും അതിനു തക്ക സാഹചര്യ തെളിവുകൾ ഒന്നും തന്നെ കാണാനായില്ലെന്നും സഹോദരി പി കെ ഐശ്വര്യ മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവത്തിൽ കോളെജ് അധികൃതർക്കു എന്തൊക്കെയോ മറച്ചു പിടിക്കാനുള്ള തിടുക്കമുണ്ട്. മരണത്തിനു ശേഷം ഇതുവരെയും നഴ്‌സിങ് കോളെജ് അധികൃതരോ സഹപാഠികളോ സഹോദരിയുടെ മൃതദേഹം കാണാനോ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനോ ശേഷമോ വീട്ടിലേക്കു എത്തി നോക്കുക പോലുമുണ്ടായില്ല. ഒരാളെങ്കിലും ഫോണിൽ പോലും കാര്യങ്ങൾ തിരക്കിയില്ല. മൃതദേഹം കണ്ടെത്തിയത് സ്വന്തം ഹോസ്റ്റൽ മുറിയിലായിരുന്നില്ല. സഹോദരിയുടെ ഹോസ്റ്റൽ റൂമിന്റെ നേരെ എതിർദിശയിലുള്ള പൂട്ടിയിട്ട റൂമിലാണ്. മൃതദേഹം കാണിച്ചുതരുന്നതിലുൾപ്പെടെ എമ്പാടും ദുരൂഹതകളുമുണ്ടായി. കേസ് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജ്യേഷ്ട സഹോദരി പി കെ ശ്രീലക്ഷ്മി പറഞ്ഞു.

ജൂലൈ 15നു രാവിലത്തെ ക്ലാസിൽ പങ്കെടുത്ത, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിലെ തെങ്ങുകയറ്റ തൊഴിലാളിയായ കരിക്കാലിൽ ഉണ്ണികൃഷ്ണന്റെ മകളായ ശ്രീലക്ഷ്മിയെ ഉച്ചക്കു ശേഷം കാണാതാവുകയും പിന്നീട് അതേ ദിവസം രാത്രി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തൂങ്ങി മരിച്ചുവെന്നാണ് കോളെജ് അധികൃതർ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. മരണം ആത്മഹത്യയല്ല, കൊലപാതകം തന്നെയാണെന്നാണ് ഞങ്ങളുടെ ബലമായ സംശയം. ഹോസ്റ്റലിൽ ഒരു ടീച്ചറും വിദ്യാർത്ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധത്തെ കുറിച്ച് സാക്ഷി പറഞ്ഞതിന് പിന്നാലെയാണ് ശ്രീലക്ഷ്മിയെ കാണാതായതും മരിച്ച നിലയിൽ കണ്ടെത്തിയതെന്നതും ദുരൂഹതയുണർത്തുന്നു.

എന്നാൽ സംഭവത്തെ കുറിച്ച് പുറം ലോകം അറിയുന്നതിൽനിന്ന് രക്ഷപ്പെടാൻ മരണത്തെപ്പറ്റി അപവാദം പ്രചരിപ്പിക്കാനാണ് സ്ഥാപനം ശ്രമിച്ചത്. മരണത്തിനു പിന്നിൽ പ്രണയ നൈരാശ്യമാണെന്നു വരുത്തി തീർത്ത് യഥാർത്ഥ വസ്തുതകളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് അധികൃതർ ശ്രമിച്ചത്. സഹോദരിയുടെ മരണം സംബന്ധിച്ച് നിജസ്ഥിതി പുറത്തുകൊണ്ടു വരണമെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെങ്കിൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കുടുംബത്തിന്റെ ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ബേബി മെമോറിയൽ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ സ്റ്റഡീസിന്റെ അക്കാദമിക് കോഓർഡിനേറ്റർ ഡോ. റോയ് കെ ജോർജ് പറഞ്ഞു.

രാവിലെ ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെ ഉച്ചയ്ക്ക് രണ്ടിന് ക്ലിനിക്കൽ പരിശീലനത്തിന് കാണാതിരുന്നപ്പോൾ അദ്ധ്യാപിക വിഷയം പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. തുടർന്ന് സ്‌കൂളിലും ഹോസ്പിറ്റലിലും ഹോസ്റ്റലിലുമെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ശേഷം ഉടനെ വിവരം കുട്ടിയുടെ അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് കോളെജിലെത്തിയ അമ്മയുമായി സ്ഥാപനത്തിന്റെ കാറിൽ വനിതാ വാർഡനും സൂപ്പർവൈസറും പോയാണ് കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ അമ്മയുടെ പേരിൽ പരാതി നൽകിയത്. പരാതിയിൽ കുട്ടിയുടെ പ്രമനൈരാശ്യം സൂചിപ്പിച്ചിരുന്നു. തുടർന്നുള്ള തെരച്ചിലിൽ രാത്രി 9.30ന് വിദ്യാർത്ഥിനിയുടെ റൂംമേറ്റാണ് ആത്മഹത്യചെയ്ത നിലയിൽ ബോഡി കണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ അധികൃതർ ആരും വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ചില്ലെന്നത് ശരിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

താൻ ആ സമയത്ത് ഡൽഹിയിൽ ആയതിനാൽ തനിക്കു കുട്ടിയുടെ വീട്ടിൽ പോകാനായിട്ടില്ല. എന്നാൽ സ്‌കൂൾ പ്രിൻസിപ്പൽ, രണ്ട് അദ്ധ്യാപികമാർ, ചീഫ് വാർഡൻ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവർ പോയി മൃതദേഹത്തിൽ റീത്ത് വച്ചിട്ടുണ്ട്. സഹപാഠികൾക്കു പോകാൻ വാഹനം ഏർപ്പാട് ചെയ്‌തെങ്കിലും ബന്ധുക്കൾ കോളെജിൽ വച്ച് കാണാൻ പറ്റില്ലെന്നു പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയതു കാരണം പിള്ളേര് ദുർമരണത്തിൽ പേടിച്ച് പിന്മാറുകയായിരുന്നു. രണ്ടു ദിവസം അവധി നൽകിയതു കാരണം അവരെല്ലാം പിന്നീട് സ്വന്തം നാട്ടിലേക്കു പോകുകയാണുണ്ടായത്. മൃതദേഹം കണ്ടെത്തിയ റൂം എങ്ങനെയാണ് തുറന്നതെന്ന് അറിയില്ല. കുട്ടിക്ക് പ്രണയമുണ്ടായിരുന്ന യുവാവിനൊപ്പമുള്ള ഫോട്ടോ റൂമിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി സ്ഥാപനത്തിൽ ഒന്നും നടക്കുന്നില്ല. ചില ടീച്ചർമാരെക്കുറിച്ച് പരാതി ഉയർന്നപ്പോൾ എല്ലാവരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. അപ്രകാരം ശ്രീലക്ഷ്മിയിൽനിന്നും ആരാഞ്ഞിരുന്നു. വസ്തുതകൾ ഇതായിരിക്കെ മറ്റുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ദുഃഖകരമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി സത്യം വെളിച്ചത്തുവരണമെന്നാണ് തങ്ങളുടെയും ആഗ്രഹമെന്നു ഡോ. റോയ് ചൂണ്ടിക്കാട്ടി.

ബേബി ഹോസ്പിറ്റലിന്റെ പേരിൽ ഒരു മധ്യവയസ്‌കൻ വന്ന് റീത്ത് വച്ചു എന്നത് ശരിയാണെന്ന് ശ്രീലക്ഷ്മിയുടെ സഹോദരി ഐശ്വര്യ പറഞ്ഞു. ഡേ സ്‌കോളേഴ്‌സും വന്നു. എന്നാൽ സഹോദരിയുടെ സഹപാഠികളോ, ഹോസ്റ്റലിലെ റൂംമേറ്റ്‌സോ, പഠിപ്പിച്ച അദ്ധ്യാപകരോ ആരും തന്നെ ഈ നിമിഷം വരെയും വീട്ടിലേക്കു വന്നിട്ടില്ലെന്ന് അവർ വ്യക്തമാക്കി. കോളെജിലെ ഒരു അദ്ധ്യാപികയും രണ്ട് കുട്ടികളുമായും മറ്റും വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ഇത് പിടിക്കപ്പെട്ടുവെന്നും ആരോപണമുണ്ട്. ഇതേ തുടർന്ന് പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കാനായി ടീച്ചർ സ്ഥാപനത്തിൽനിന്ന് റിസൈൻ ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് ശ്രീലക്ഷ്മി ബന്ധപ്പെട്ടവർക്കു റിപ്പോർട്ട് സമർപ്പിച്ചതിന്റെ പിറ്റേന്നാണ് ദാരുണ സംഭവമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്വേഷണ പരിധിയിലുള്ള കേസിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഇത്തരമൊരു ഘട്ടത്തിൽ എല്ലാം വ്യക്തമാക്കാൻ പ്രയാസമുണ്ടെന്ന് പൊലീസ് പറഞ്ഞു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ല. ഉടനെ റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളെജ് എസ് ഐ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതര മതസ്ഥനായ യുവാവുമായി ശ്രീലക്ഷ്മി പ്രണയത്തിലായിരുന്നുവെന്നും ഇതോടുള്ള എതിർപ്പാണ് മരണത്തിലേക്കു നയിച്ചതെന്നുമാണ് കോളെജിന്റെ ഭാഗത്തു നിന്നുള്ള പ്രചാരണം. എന്നാൽ ഒരു വർഷം മുമ്പ് പറഞ്ഞു തീർത്ത വിഷയം, ഇല്ലാത്ത അപവാദ പ്രചാരണങ്ങളിലൂടെ പ്രണയനൈരാശ്യമാണെന്നു വരുത്തി തീർത്ത്, കോളെജിലുണ്ടായ ചില അവിഹിതങ്ങളുടെ ചുരുളഴിയാതിരിക്കാൻ വിദ്യാർത്ഥിനിയെ ബലിയാടാക്കി വഴിതിരിച്ചുവിടുകയാണെന്നും വാദമുണ്ട്. എന്തായാലും സത്യസന്ധമായ അന്വേഷണങ്ങളിലൂടെ കാര്യങ്ങൾ പുറത്തു കൊണ്ടുവരണമെന്ന ബന്ധുക്കളുടെ ആവശ്യങ്ങളുമായി സമരമുഖത്തേക്ക് ഇറങ്ങാനാണ് നാട്ടുകാരുടെ നീക്കം.