പാലക്കാട്: പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് ചികിത്സ വൈകിയിരുന്നില്ലെന്ന് ഡിഎംഒ. വാക്‌സീനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. തുടർ നടപടികൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച്. മരണ കാരണം കണ്ടെത്തിയിട്ടില്ല. മറ്റ് അസുഖങ്ങളൊന്നും ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ലെന്നും ഡിഎംഒ റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രത്യേക സംഘം ഇന്ന് വൈകീട്ട് ശ്രലീക്ഷ്മിയുടെ വീട് സന്ദർശിച്ചിരുന്നു.

അതേസമയം വാക്‌സീനെടുത്തിട്ടും പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ കളക്ടറും ജില്ലാമെഡിക്കൽ ഓഫീസറും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഒരാഴ്‌ച്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂലൈ 12 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പേവിഷബാധയേറ്റതിന്റെ ലക്ഷണം കാണിച്ച് തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.