നാം ശരീരമല്ല അറിവാകുന്നു' എന്ന അവബോധനത്തോടെ ജഗതോദ്ധാരണം ചെയ്യുന്ന മഹാത്മാവിനെയാണ് ജീവന്മുക്തൻ എന്നു പറയുന്നത്. അപ്രകാരമുള്ള മഹർഷിയായ ശ്രീനാരായണ ഗുരുദേവന്റെ 90-ാം വിദേഹമുക്തി ദിനമാണ് ലോകമെങ്ങും ഇന്ന് ആചരിക്കുന്നത്. സെപ്റ്റംബർ 21 (കന്നി 5) ലോകത്തെമ്പാടുമുള്ള ഗുരുഭക്തർക്ക് ദുഃഖത്തോടെ മാത്രം ഓർമ്മിക്കാൻ കഴിയുന്ന ഒരു ദിനമാണ്. പക്ഷെ ഇന്ന് ഏറ്റവും കൂടുതൽ വികലമായ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവൻ. സോഷ്യൽ മീഡിയയിലും പത്ര മാധ്യമങ്ങളിലും രാഷ്ട്രീയ തലങ്ങളിലും അവരവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഗുരുവിനെ വിലയിരുത്താൻ ശ്രമിക്കുന്നു. കടലിൽ പോയി അവനവന്റെ കൈയിലെ പാത്രത്തിലെ ജലം ശേഖരിക്കുന്ന മാതിരിയേ ഇതിനെ വിദ്വാന്മാർ കാണുന്നുള്ളൂ. കടലിന്റെ ആഴവും പരപ്പും അതിനകത്തെ നിധിയും മനസിലാക്കണമെങ്കിൽ അതിൽ ആഴണം വാഴണം. അതിന് വേണ്ടത് മുൻവിധിയില്ലാതെ നിഷ്പക്ഷമായി ഗുരുദർശനത്തെ കാണാൻ ശ്രമിക്കുക എന്നതാണ്.

ഇന്നത്തെ സമൂഹത്തിൽ മഹാസമാധി, സമാധി എന്നീ പദങ്ങൾ അവസരത്തിലും അനവസരത്തിലും ഉപയോഗിക്കാറുണ്ട്. യഥാർത്ഥത്തിൽ എന്താണ് സമാധി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. യോഗദർശനത്തിൽ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നീ അഷ്ടാംഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിൽ ഏറ്റവും അവസാനത്തേതാണ് സമാധി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആദ്ധ്യാത്മികമായ പൂർണതയിലെത്താൻ ശ്രമിക്കുന്ന അഥവാ സാക്ഷാത്കാരം നേടാൻ വെമ്പുന്ന ഒരു സാധകൻ കടന്നുപോകേണ്ട എട്ട് തലങ്ങളിൽ എട്ടാമത്തേതാണ് സമാധി. മനസിന്റെ നിയന്ത്രണമാണ് യമും, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് നിർദ്ദേശിക്കുന്നത് നിയമം, എങ്ങനെ സ്ഥിരമായി സുഖമായി ഒരേ സ്ഥിതിതിയിൽ ഇരിക്കാം എന്നുള്ളത് ആസനം. സ്ഥൂലമായ ശരീരത്തെയും സൂക്ഷ്മമായ മനസിനെയും പ്രാണൻ പ്രയോഗിച്ച് എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതിന്റെ പരിശീലനമാണ് പ്രാണായാമം. ഇതിലൂടെ സിദ്ധികൾ കൈവരാൻ തുടങ്ങും. മനസും ഇന്ദ്രിയങ്ങളും എപ്പോഴും പുറത്തേക്കാണ് സഞ്ചരിക്കുന്നത്. അതിനെ അതിന്റെ ദോഷങ്ങളെ പറഞ്ഞ് മനസിലാക്കി തിരിച്ച് കൊണ്ടുവരുന്ന പ്രക്രിയയാണ് പ്രത്യാഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇവിടെ മനസിന്റെയും ഇന്ദ്രിയങ്ങളുടെയും അടിച്ചമർത്തൽ അല്ല മറിച്ച് അവബോധം ഉണ്ടാക്കുകയാണ്. ഈ അവബോധം ഇല്ലായ്മയാണ് മാനസിക പ്രശ്‌നങ്ങളുടെ അടിത്തറ. മനസിനെ ഒരു പ്രത്യേക വസ്തുവിലോ രൂപത്തിലോ ഏകാഗ്രപ്പെടുത്തുന്ന പ്രക്രിയയാണ് ധാരണ എന്നു പറയുന്നത്. ഏകാഗ്രപ്പെട്ടു കഴിഞ്ഞാൽ യാതൊരു ബലവും കൊടുക്കാതെ മനസ് ഒരേ രൂപത്തിൽ ലയിച്ചിരിക്കുന്ന അവസ്ഥയാണ് ധ്യാനം. അതായത് സങ്കർഷങ്ങളില്ലാതെ മനസ് തീർത്തും ശാന്തമാകുന്ന അവസ്ഥ. പക്ഷേ ഇവിടെ ഒരു രൂപമുണ്ടാകും. ഇതിന് ശേഷം ഈ രൂപത്തെയും വിട്ട് കേവലം സത് മാത്രമായി ഇരിക്കുന്ന അവസ്ഥയാണ് സമാധി. സവികൽപ്പ സമാധിയെന്നും നിർവികൽപ്പ സമാധിയെന്നും വിവക്ഷിക്കാറുണ്ട്. നിർവകല്പസമാധിയാണ് യഥാർത്ഥ സമാധി. എത്ര സമയം വേണമെങ്കിലും ആ വ്യക്തിക്ക് അതിൽ തുടരാം. വീണ്ടും വ്യവഹാരത്തിലേക്ക് വരുമ്പോൾ ആ അലൗകികമായ അവസ്ഥയെക്കുറിച്ച് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ലാത്തതുകൊണ്ടാണ് അനുഭവിയാതറിവീല' എന്ന് ഗുരു മൊഴിഞ്ഞത്.

ശരീരം ഉള്ളിടത്തോളം കാലം ഈ അവസ്ഥ വന്നും പോയും ഇരിക്കും. യോഗദർശപ്രകാരമാണ് വന്നും പോയും ഇരിക്കുന്ന സമാധിയിൽ, പോക്കും വരവും ഉള്ളത്. എന്നാൽ ശുദ്ധമായ അദ്വൈതസിദ്ധാന്തത്തിൽ വരവും പോക്കും ഇല്ലാത്ത ആ പൊരുളിന്റെ സാക്ഷാത്കാരം സംഭവിച്ചുകഴിഞ്ഞാൽ ആ വ്യക്തി ജീവൻ മുക്തനാണ്. അതായത് നിരന്തരമായ സാധനയിലൂടെ ഒന്നൊന്നായി എണ്ണി എണ്ണി പൊരുളൊടുക്കി താൻ ശരീരമോ, മനസോ, ഇന്ദ്രിയങ്ങളോ, ജീവനോ, ദുഃഖിയോ, പാപിയോ, ജാതിയോ, മതമോ, വർഗമോ, വർണമോ ഒന്നുമല്ല എന്നുള്ള തിരിച്ചറിവ് സംഭവിച്ചതിനുശേഷമുള്ള സർവതന്ത്ര സ്വതന്ത്രമായ അവസ്ഥ. ഈ അവസ്ഥയിലായിരുന്നു ഗുരു. കൂടാതെ നമ്മെയും ഗുരു ഓർമ്മപ്പെടുത്തി സാക്ഷാൽ അനുഭവശാലികളാം ഓർക്കിൽ ആരും എന്ന്. ഓർക്കിൽ എന്ന പദത്തിൽ ഗുരു എല്ലാം ഒതുക്കിവച്ചു. ആലോചിച്ചു നോക്കുക ചിന്തിച്ച് നോക്കുക.

എത്ര ലളിതമായാണ് ഗുരു നമ്മെ ഉണർത്താൻ ശ്രമിച്ചത്. ഇങ്ങനെ പരിപൂർണനായ ജീവൻ മുക്തനായ ഗുരുവിനെയാണ് എല്ലാവരും ചേർന്ന് വികലമാക്കാൻ ശ്രമിക്കുന്നത്. ഇത് കാണുമ്പോൾ എങ്ങനെ ദുഃഖിക്കാതിരിക്കും. ഇന്നത്തെ മനുഷ്യമനസിന്റെ സങ്കുചിതമായ അധമമായ ചിന്തകൾ എത്ര ഭീകരമാണ്. ഗുരുവിനെപ്പോലെ പരിപൂർണ വ്യക്തിത്വവും ജീവിതത്തിന്റെ സമസ്ത മേഖലയ്ക്കും തികച്ചും ശാസ്ത്രീയമായി വെളിച്ചം വീശുന്ന ദർശനം കാഴ്ചവച്ച പരമകാരുണികനായ ഗുരുവിനെ ഇനിയെങ്കിലും ആക്ഷേപിക്കാതിരുന്നുകൂടെ. നമ്മുടെ വികലമായ നീചമായ നികൃഷ്ടമായ ചിന്തകളാണ് പ്രശ്‌നങ്ങൾക്ക് ആധാരമെന്ന് എന്തുകൊണ്ട് സമ്മതിച്ചുകൂടാ.

ഇത്തരുണത്തിൽ ഗുരുവിനെ ശിഷ്യനാക്കാൻ വെങ്കുന്ന ഒരു കൂട്ടം പണ്ഡിതം മന്യന്മാരെയും നമുക്ക് കാണാം. അവരൊന്നോർക്കണം ഗുരുവിന്റെ 64 ഓളം കൃതികൾ മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിൽ പരന്ന് കിടക്കുന്നു. ഭാഷാപ്രയോഗം പോലും എന്നും പുതുമ നിലനിൽക്കുന്ന ഒന്നാണ്. വ്യാസന് ശേഷം തനതായി ബ്രഹ്മസൂത്രത്തിന് കിടപിടിക്കുന്ന ഏതെങ്കിലും കൃതി ശങ്കരാചാര്യർ ഉൾപ്പെടെ ആരെങ്കിലും ഭാരതത്തിൽ രചിച്ചിട്ടുണ്ടോ? 555 സൂത്രങ്ങളിലാണ് വ്യാസൻ ബ്രഹ്മസൂത്രം രചിച്ചതെങ്കിൽ ആധുനിക വ്യാസനായ ശ്രീനാരായണഗുരു 21 സൂത്രങ്ങളിൽ അതിനെ ചുരുക്കി വേദാന്ത സൂത്രമാക്കി ലോകത്തിന് നൽകി. ശ്രീനാരായണ ഗുരുവിന്റെ ഗുരുക്കന്മാരാക്കാൻ വെമ്പൽകൊള്ളുന്ന പണ്ഡിത ശിരോമണികൾ ചിന്തിക്കേണ്ടത് സർവലോകാനുരൂപനായ ശ്രീനാരായണ ഗുരുദേവൻ ലോകത്തിൽ ഉള്ള എല്ലാവർക്കും സ്വീകാര്യനായി മാറിയപ്പോൾ മാത്രമാണ് ഗുരുവിനെ ശിഷ്യനാക്കാൻ വേണ്ടി അനുയായികൾ ഉണ്ടായത്. ഇത് എത്ര നിസാരവും ബാലിശവും കുടിലവും ആയ ചിന്താഗതിയാണ്.

പൊതുവേ ഗുരുക്കന്മാരുടെ അനുയായികൾക്കും ഭക്തന്മാർക്കും ഗുരുക്കന്മാർ പറഞ്ഞതിനെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും പറയത്തക്ക അറിവൊന്നും ഉണ്ടാകാറില്ല. ഇവരാണ് പിന്നീട് ഗുരുക്കന്മാരുടെ ആധികാരിക വക്താക്കളായി മാറുന്നത്. ഇതൊക്കെ മാറേണ്ടിയിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മാറ്റേണ്ടിയിരിക്കുന്നു. ഇത്രയൊക്കെ സൂചിപ്പിച്ചത് മറ്റൊരു പ്രധാന കാര്യം പറയാൻ വേണ്ടിയാണ്. ശ്രീനാരായണ ഗുരുദേവന്റെ സമാധിയെക്കുറിച്ച് വളരെ തരംതാണ ഒരു പ്രചരണം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്താണ് സമാധിയെന്ന് മുൻപ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. സാധാരണ മനുഷ്യന്റെ ശരീരത്തിൽ നിന്നും ജീവൻ വിട്ടുപോകുന്നതിനെ മരണം എന്നു പറയുന്നു. എന്നാൽ സന്യാസിമാർ ശരീരം വിടുമ്പോൾ സമാധി എന്നു പറയുന്നു. എന്നാൽ സന്യാസിമാരും ബോധപൂർവം ശരീരത്തെ ഉപേക്ഷിക്കാൻ പ്രാപ്തരല്ല. ഇവിടെ ജീവന് ശരീരം ഉപേക്ഷിക്കേണ്ടിവരുമ്പോൾ ബോധപൂർവം പഞ്ചപ്രാണങ്ങളെയും ഉപപ്രാണങ്ങളേയും പിൻവലിക്കാൻ പ്രാപ്തി യോഗിക്ക് മാത്രമേ ഉള്ളൂ.

ശ്രീനാരായണ ഗുരുദേവൻ ഉത്തമനായ യോഗിയും കൂടിയായിരുന്നു. യോഗസ്ഥാനായ് നിലയിൽ നിന്നിളകാതെ കായവ്യൂഹം ധരിച്ച് വിഹരിച്ചിടുമിങ്ങുയോഗി എന്ന് ഗുരു എഴുതിയത് അനുഭവത്തിന്റെ തലത്തിലായിരുന്നു. അങ്ങനെയുള്ള യോഗിയായ, ജ്ഞാനിയായ ഗുരു സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ശരീരം ഉപേക്ഷിക്കേണ്ട സമയമായപ്പോൾ പ്രധാന പ്രാണനെയും പഞ്ചപ്രാണങ്ങളെയും, ഉപപ്രാണങ്ങളെയും സാവധാനം പിൻവലിച്ച് കന്നി അഞ്ചിന് ഉച്ച കഴിഞ്ഞ് 3.33.33ന് ശരീരം ഉപേക്ഷിക്കുകയും ചെയ്തു. യഥാർത്ഥമായ പരിപൂർണമായ സമാധിയായിരുന്നു ഗുരുവിന്റേത്. ജീവന്മുക്തനായ ഗുരുവിന്റെ സമാധി പരിപൂർണാവസ്ഥയിൽ ആയതുകൊണ്ടാണ് മഹാസമാധി എന്നു പറയുന്നത്. നാം ശരീരമല്ല അറിവാകുന്നു എന്ന് ഗുരു ശരീരം വിട്ടതിന്റെ പിറ്റേദിവസം അരുവിപ്പുറത്ത് ഭൈരവൻശാന്തിക്ക് കൊടുത്ത അശരീരിയിലൂടെ നമുക്ക് തെളിവായി നിൽക്കുന്നു. ഗുരു ശരീരം വിട്ടതറിഞ്ഞ് അസ്വസ്ഥനും ദുഃഖിതനും ഇനി എന്തിന് ജീവിക്കണം എന്ന് വിചാരിച്ചുകൊണ്ടിരുന്ന ഭൈരവൻ ശാന്തിയോട് ഗുരു പറയുകയാണ് നാം ഇവിടെതന്നെയുണ്ടല്ലോ നാം എങ്ങും പോയിട്ടില്ലല്ലോ' എന്ന്. അതിനുശേഷമാണ് അദ്ദേഹം ശാന്തനായി ശിവഗിരിയിൽ വരികയും ഗുരു ഏല്പിച്ചിരുന്ന നാഗമാണിക്യം സമാധിപീഠത്തിൽ സർമപ്പിക്കുന്നതും.

ലോകരക്ഷയ്ക്കുവേണ്ടി ആയിരക്കണക്കിന് വർഷങ്ങൾ കൂടുമ്പോഴാണ് എല്ലാം തികഞ്ഞ ഋഷിമാർ ലോകോദ്ധരമാർത്ഥം ഈ ധരണിയിൽ അവതരിക്കുന്നത്. അങ്ങനെ ലോകത്തിന് ലഭിച്ച അപൂർവമുത്താണ് ശ്രീനാരായണ ഗുരുദേവൻ. ഇനിയെങ്കിലും വിഭാഗീയതകൾ വെടിഞ്ഞ് മുൻവിധികളില്ലാതെ സ്വതന്ത്രരായി ഗുരുവിന്റെ ദർശനത്തെ എല്ലാവർക്കുംവേണ്ടി പ്രയോജനപ്പെടുത്താൻ 90-ാം സമാധിദിനത്തിലെങ്കിലും നമുക്ക് പ്രാർത്ഥിക്കാം. എന്നും എപ്പോഴും പ്രകാശഗോപുരമായി വർത്തിക്കുന്ന അത്ഭുതപ്രതിഭാസത്തിന് മുൻപിൽ ശതകോടി പ്രണാമങ്ങൾ അർപ്പിച്ച് ധന്യരാകാം നമ്മൾക്ക്.


കടപ്പാട്: കേരള കൗമുദി