കൊച്ചി: നടൻ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് പലരും സംശയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ശ്രീനാഥിന്റെ ഭാര്യ പരാതിയും നൽകി. എന്നാൽ ഒന്നും നടന്നില്ല. താര സംഘടനയായ അമ്മയ്ക്ക് എതിരെ ഉയർന്ന ആരോപണമാണ് എല്ലാം തകിടം മറിച്ചതെന്ന വാദവും സജീവമായിരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെ ശ്രീനാഥിന്റെ മരണവും ചർച്ചയാകുന്നു. താര സംഘടനയിൽ അംഗമാകണമെങ്കിൽ ഒരു ല്ക്ഷം രൂപ കൊടുക്കണം. അതില്ലെങ്കിൽ വിലക്കും. ഇതാണ് അവസ്ഥയത്രേ. ശ്രീനാഥിന്റെ മരണത്തിലും ഇത് പ്രധാന വില്ലനായിരുന്നു.

ആത്മഹത്യ ചെയ്യാൻ മാത്രം എന്തെങ്കിലും പ്രശ്നമുള്ളതായി മരണത്തിന് രണ്ടു ദിവസം മുമ്പുള്ള ഫോൺ സംഭാഷണത്തിൽ പോലും ശ്രീനാഥ് ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും ഭാര്യ ലത പറഞ്ഞിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ശ്രീനാഥ് എന്നോട് വളരെ സന്തോഷത്തോടെയാണ് ഫോണിൽ സംസാരിച്ചത്. അങ്ങനെ ഒരാൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കൊലപാതകമാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ ദുരൂഹമരണത്തിൽ ബന്ധപ്പെട്ടവർ മറുപടി പറയണം. ശ്രീനാഥിന്റെ മരണം 'ശിക്കാർ' സിനിമയുമായി ബന്ധമുള്ള ആരും വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ല. ആശ്വസിപ്പിക്കാൻ വീട്ടിൽ ആരും വന്നില്ല - ഇതായിരുന്നു അന്ന് ലതയുടെ പ്രതികരണം. സിനിമയിലെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിൽ ശരിയുണ്ടെന്ന് സിനിമാക്കാരും ഇപ്പോൾ സമ്മതിക്കുന്നു.

കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ ശ്രീനാഥിനെ കോതമംഗലത്തുള്ള ഹോട്ടൽ മരിയ ഇന്റർനാഷണലിലെ ഒരു മുറിയിൽ കണ്ടെത്തിയത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന 'ശിക്കാർ' എന്ന സിനിമയിൽ അഭിനയിക്കാനാണ് ശ്രീനാഥ് കോതമംഗലത്തെത്തിയത്. മോഹൻലാലാണ് ഈ ചിത്രത്തിൽ നായകൻ. ലാലിന്റെ സുഹൃത്തായ ചായക്കടക്കാരന്റെ വേഷമായിരുന്നു ശ്രീനാഥിന് ആദ്യം നൽകിയത്. നാൽപ്പതോളം സീനുകളിൽ ശ്രീനാഥിന്റെ കഥാപാത്രം വരുന്നുണ്ട്. ഇതിനായി 40 ദിവസത്തെ ഡേറ്റാണ് ശ്രീനാഥിൽ നിന്ന് വാങ്ങിയിരുന്നത്. പിന്നീട് ലാലു അലക്‌സ്. ഈ വേഷത്തിലെത്തി.

സിനിമയിലെ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ താരസംഘടനയായ 'അമ്മ'യിൽ അംഗമല്ലാത്ത ശ്രീനാഥിനെ അനുവദിക്കില്ലെന്ന് ഒരു 'അമ്മ' ഭാരവാഹി പറഞ്ഞതായും തുടർന്ന് ശ്രീനാഥിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയതായും ശ്രീനാഥിന്റെ സഹോദരൻ സത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു. ഈ വാദത്തിലെല്ലാം കഴമ്പുണ്ട്. ഇത്തരമൊരു സംഭവം നടന്നുവെന്ന് തന്നെയാണ് മറുനാടന് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതിന്റെ സമ്മർദ്ദം മൂലം ശ്രീനാഥ് ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുമുണ്ട്. എങ്കിൽ പോലും ഇത്തരമൊരു സാഹചര്യത്തിലേക്ക് നടനെ തള്ളി വിട്ടവർക്കെതിരെ ആത്മഹത്യേ പ്രേരണാക്കുറ്റത്തിനും കേസെടുക്കേണ്ടതുണ്ട്.

ശ്രീനാഥ് ഹോട്ടലിൽ താമസിക്കുന്നതിന്റെ ബില്ല് നൽകില്ലെന്നും അദ്ദേഹം പുറത്തിറങ്ങാൻ വിസമ്മതിച്ചാൽ ബാഗുകളും മറ്റ് സാധനങ്ങളും എടുത്ത് പുറത്തേക്കിട്ടുകൊള്ളാനും ചിലർ നിർദ്ദേശിച്ചിരുന്നതായും സത്യനാഥ് വെളിപ്പെടുത്തിയിരുന്നു. ശ്രീനാഥിന്റെ സംസ്‌കാരം നടക്കുന്ന സമയത്തും ശിക്കാർ സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു എന്നതും പല സിനിമക്കാരും ഇപ്പോഴും ഓർത്തെടുക്കുന്നു. ശ്രീനാഥിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ സംഭവം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മാക്ട ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താരങ്ങളുടെ സ്വാധീനം പോലെ ഇതൊന്നും നടന്നില്ല.

ഒരുകാലത്ത് മലയാളത്തിലെ പ്രമുഖ നടനായിരുന്നു ശ്രീനാഥ്. മോഹൻ ലാൽ , മമ്മൂട്ടി എന്നീ അതുല്യ നടന്മാരുടെ വരവോടെ അവസരങ്ങൾ ഇല്ലാതെ ഒതുങ്ങി പോയ ശങ്കറിനെ പോലുള്ള ഒരു പാട് നടന്മാരുടെ കൂട്ടത്തിൽ ശ്രീനാഥും പെടുകയായിരുന്നു. ശാന്തി കൃഷ്ണയും ആയുള്ള പതിനൊന്നു വർഷം നീണ്ട ദാമ്പത്യം ഒടുവിൽ വിവാഹ മോചനത്തിൽ ആണ് അവസാനിച്ചത്. അതിന്റെ കാരണങ്ങൾ എന്താണെന്നു അധികം ആർക്കും അറിയില്ലെന്നതാണ് മറ്റൊരു വസ്തുത.