തിരുവനന്തപുരം: ജൈവകൃഷിയുടെ പ്രചാരകനായി നടൻ ശ്രീനിവാസൻ കുറച്ചുകാലമായി രംഗത്തുണ്ട്. ഇതിനിടെയാണ് അദ്ദേഹം കാൻസർ സെന്ററുകൾ കേരളത്തിന് വേണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ഇതിനെ കുറിച്ച് ഒരു സിനിമയെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം കൂടുതൽ കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തില്ല. എന്നാൽ, കഴിഞ്ഞ ദിവസം താൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു. ക്യാൻസറിന് അലോപ്പതിയിൽ മരുന്നില്ലെന്നെലാണ് ശ്രീനിവാസൻ റിപ്പോർട്ടർ ടിവിയിലെ ക്ലോസ് എൻകൗണ്ടറിൽ പറഞ്ഞത്.

സിനിമാക്കാർ ക്യാൻസറിന് ചികിത്സ തേടി അലോപ്പതിയെ ആശ്രയിക്കരുതെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. കീമോ തെറാപ്പി കഴിഞ്ഞിട്ട് അഞ്ച് വർഷത്തിലധികം ജീവിച്ചവർ രണ്ട് ശതമാനം മാത്രമേയുള്ളൂവെന്നും ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് ശ്രീനിവാസൻ പറഞ്ഞു. ക്യാൻസറിന് അലോപ്പതിയിൽ മരുന്നില്ലെന്ന വിവരം മറച്ചുവച്ച് ആശുപത്രികൾ ജനങ്ങളെ പറ്റിക്കുകയാണെന്നും ശ്രീനി കുറ്റപ്പെടുത്തി.

ഇന്നസെന്റിന് അർബുദം വന്ന് ഭേദമായപ്പോൾ അദ്ദേഹം ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകം എഴുതി. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് വീണ്ടും അസുഖം വന്നിരിക്കുകയാണ്. ക്യാൻസർ ചികിത്സാ രംഗത്തെ പ്രശസ്തനായ ഡോ. ഗംഗാധരനെ ദൈവമെന്ന് വിളിക്കുന്നതിനെയും ശ്രീനിവാസൻ വിമർശിച്ചു. ഡോ. ഗംഗാധരൻ ചികിത്സിച്ച് രോഗം ദേഭമാക്കിയ എത്ര പേർ ഇപ്പോൾ ജീവിച്ചിരിച്ചുണ്ടെന്ന് ശ്രീനി ചോദിച്ചു. ഇത് മനസിലാക്കിയാൽ താൻ പറഞ്ഞ കാര്യം ശരിയെന്ന് ബോധ്യമാകും.

ക്യാൻസറിന് അലോപ്പതിയിൽ മരുന്നില്ലെന്ന് ആർ.സി.സിയിൽ ചികിത്സിച്ച സുനിൽ എന്നയാളുടെ അനുഭവത്തിൽ നിന്നാണ് താൻ പറയുന്നത്. ഇക്കാര്യങ്ങൾ ഒരു സിനിമയാക്കാൻ പോകുകയാണെന്നും സിനിമയിൽ എല്ലാ കാര്യകാരണ സഹിതം വിശദമായി പറയാമെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം അലോപ്പതിക്കെതിരെ ശ്രീനിവാസൻ രംഗത്തെത്തിയതോടെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ശ്രീനിവാസനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. ശ്രീനിവാസൻ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. സ്വന്തം വീട്ടിൽ ആർക്കെങ്കിലും ക്യാൻസർ ബാധിച്ചാൽ ശ്രീനിവാസൻ ചികിത്സ തേടില്ലേ എന്നും സോഷ്യൽ മീഡിയയിൽ ചോദ്യമുയരുന്നു.

ആദ്യമായിട്ടല്ല കാൻസറുമായി ബന്ധപ്പെട്ട് ഇതാദ്യമായിട്ടല്ല ശ്രീനിവാസൻ വിവാദത്തിലാകുന്നത്. കൊച്ചി ക്യാൻസർ സെന്ററിനെതിരെ രംഗത്ത് വന്ന താരം സർക്കാറിന്റെ റീജ്യണൽ കാൻസർ സെന്റർ പ്രവർത്തനമാരംഭിക്കരുതെന്നും അതിന്റെ ആവശ്യമിെല്ലന്നും ക്യാൻസർ സെന്റർ കൊണ്ട് ഒരു രോഗി പോലും രക്ഷപ്പെടില്ലെന്നും പറഞ്ഞതാണ് വിവാദമായത്. എന്നാൽ, നേരത്തെ പച്ചമരുന്ന് കൊണ്ട് കാൻസർ ഭേദമാക്കാമെന്ന പ്രചരണങ്ങളെ എതിർത്തുകൊണ്ട് കാൻസർ ബാധിതനായ നടൻ ജിഷ്ണു രംഗത്തെത്തിയിരുന്നു.