- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസൻ വധക്കേസ് പ്രതികൾ ഉപയോഗിച്ച ഒരു ബൈക്കിന്റെ ഉടമ ചിറ്റൂർ സ്വദേശിനി; 'തന്റെ പേരിൽ ആർസി മാത്രം', വാഹനം ഉപയോഗിക്കുന്നത് ആരെന്ന് അറിയില്ലെന്ന് ഉടമയായ സ്ത്രീയുടെ മൊഴി; ആറ് കൊലയാളികളിലേക്ക് എത്താനുള്ള നിർണായക കണ്ണിയായി ബൈക്കുടമ മാറും
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികൾ ഉപയോഗിച്ച ബൈക്ക് ഉടമയെ ചോദ്യംചെയ്യുന്നു. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. എന്നാൽ ആർസി മാത്രമാണ് ഇപ്പോൾ തന്റെ പേരിൽ ഉള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നത് എന്ന് അറിയില്ലെന്നുമാണ് സ്ത്രീ നൽകിയിരിക്കുന്ന മൊഴി. നർകോട്ടിക് സെൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. ചിറ്റൂർ സ്വദേശിനിയായ യുവതിയുടെ ബൈക്കാണ് കൊലയാളികൾ ഉപയോഗിച്ചിരുന്നത്.
അതേസമയം കൊല്ലപ്പെട്ട ശ്രീനിവാസന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾമൂത്താന്തറ കണ്ണകി നഗർ സ്‌കൂളിലെ പൊതുദർശനത്തിനു ശേഷമാണ് ശ്രീനിവാസന്റെ മൃതദേഹം മേലേമുറിയിലെ വീട്ടിലെത്തിച്ചത്. ശ്രീനിവാസനെ അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനും വീട്ടുമുറ്റത്ത് വൻജനാവലിയാണുണ്ടായിരുന്നത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള കറുകുടി ശ്മശാനത്തിലാണ് സംസ്‌കാരം നടത്തിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ്, സന്ദീപ് വാര്യർ അടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. പ്രദേശത്ത് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ വലിയ വൻ പൊലീസ് സുരക്ഷയാണുള്ളത്.
കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയായി.
ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാഞ്ജ തുടരും. അതേസമയം, മുന്നറിയിപ്പ് ഉണ്ടായിട്ടും സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന വിമർശനം ശക്തമാവുകയാണ്. കൊലപാതകം നടത്തിയ രീതി, തെരഞ്ഞെടുത്ത സ്ഥലം, സമയം തുടങ്ങി ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ തനിയാവർത്തനമാണ് പാലക്കാട്ട് ഉണ്ടായത്.
പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളിൽ തിരിച്ചടിയുണ്ടാകുമെന്ന കൃത്യമായ വിവരം ഉണ്ടായിട്ടും സംഘർഷ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങളിൽ പേലും പൊലീസിന് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതിന് തെളിവായി പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയിൽ നടന്ന ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കെലപാതകം.
രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എഡിജിപി വിജയ് സാക്കറെ. രണ്ട് കേസിലെ പ്രതികളെയും കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകങ്ങൾ നടത്തിയത്. യാതൊരു വീഴ്ചയും ഇല്ലാതെ അന്വേഷണം പൂർത്തിയാക്കും. കേസിൽ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നതെന്നും എഡിജിപി വ്യക്തമാക്കി.ആർ എസ് എസ് പ്രവർത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ സി സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകൾ ലഭിച്ചിട്ടുണ്ട്.
ഈ കേസിലെ പ്രതികളെ പിടികൂടുന്നതിനായി നാല് സംഘങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എത്രയും പെട്ടന്ന് തന്നെ ഇവരെയും പിടികൂടും. രണ്ട് കേസുകളുമായി ബന്ധപ്പട്ട് നിരവധി പേരെയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കു. വളരെ വേഗത്തിൽ തന്നെ രണ്ടു കേസുകളിലെയും പ്രതികളെ പിടികൂടാൻ കഴിയും. നിലവിൽ നല്ല രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും വിജയ് സാക്കറെ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ