- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശാഭിമാനിക്കാരെ പത്രക്കാരുടെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയത് ആലുപ്പുഴയിലെ നിയമനത്തിൽ ഉറച്ചു നിൽക്കാൻ; ആയിരങ്ങളെ ഇറക്കി കാന്തപുരം കരുത്തു കാട്ടുമ്പോൾ വെറുതെയായത് ഡ്യൂട്ടി സമയത്ത് പ്രതിഷേധിച്ച ആളിന് നൽകിയ ആ കാരണം കാണിക്കൽ നോട്ടീസ്; പത്രക്കാരെ ഭിന്നിപ്പിച്ചിട്ടും ഫലമില്ല; പിണറായിയെ ഞെട്ടിച്ച് കാന്തപുരം സുന്നി യുവജനസംഘം; ശ്രീറാം വെങ്കിട്ടരാമനെ മാറ്റുമോ?
കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് മാധ്യമ പ്രവർത്തകർക്ക് പണി കൊടുക്കാനായിരുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തകൾക്കുള്ള മറുപണി. മാധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തെ അട്ടിമറിക്കാനുള്ള പദ്ധതിയും ഒരുക്കി. ഇതിന്റെ ഭാഗമായി പത്രപ്രവർത്തക യൂണിയന്റെ പ്രതിഷേധത്തിലേക്ക് ദേശാഭിമാനിക്കാരെ അനൗദ്യോഗികമായി വിലക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാർച്ചിനെ ആളെ വിളിച്ചവർ പോലും മാർച്ച് ദിനത്തിൽ എത്തിയില്ല. വലിക്ക് പാലിക്കാതെ പോയ സംഘടനാ നേതാവിനോട് ഡ്യൂട്ടി സമയത്തെ പ്രതിഷേധത്തിൽ പങ്കെടുത്തതിൽ വിശദീകരണവും ചോദിച്ചതായാണ് റിപ്പോർട്ട്. അങ്ങനെ പത്രപ്രവർത്തക പ്രതിഷേധത്തോടെ ലാഘവത്തോടെ കാണാമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കരുതി. പക്ഷേ അതിന് അപ്പുറത്തേക്കായിരുന്നു കാര്യങ്ങൾ പോയത്.
ബഷീറിന്റെ വിഷയം കാന്തപുരം ഏറ്റെടുത്തു. തന്നെ സർക്കാർ അധിക്ഷേപിച്ചതായി തന്നെ കാന്തപുരം വിലയിരുത്തി. ഈ നടപടിയിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി. മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. ഇതിൽ മലപ്പുറത്തെ മാർച്ചിൽ കാന്തപുരത്തിന്റെ സംഘടന തങ്ങളുടെ കരുത്ത് കാട്ടി. പിണറായിയുടെ തുടർഭരണത്തിന് കൂടെ നിന്നത് കാന്തപുരമായിരുന്നു. കോഴിക്കോടും മലപ്പുറത്തും കണ്ണൂരും കാസർഗോഡും ആ പിന്തുണ പിണറായിക്ക് കരുത്തായി. എന്നിട്ടും ശ്രീറാമിനെ നിയമിച്ചത് കാന്തപുരത്തിന് ഉൾക്കൊള്ളനായില്ല. കാന്തപുരത്തിന്റെ പത്രമാണ് സിറാജ്. അതിലെ മാധ്യമ പ്രവർത്തകൻ എന്നതിന് അപ്പുറത്തേക്ക് കാന്തപുരവുമായി ബഷീറിന് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു.
ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ അധികാരമുള്ള കലക്ടർ പദവിയിൽ കൊലക്കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ താക്കീതായിരുന്നു മാർച്ചിൽ ഉയർന്നത്. തെറ്റായ തീരുമാനം തിരുത്താൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് മലപ്പുറത്ത് മാർച്ച് മാർച്ച് ഉദ്ഘാടനം ചെയ്ത് മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുൽ റഹ്‌മാൻ ഫൈസി പറഞ്ഞു. ഐഎഎസ് ഓഫിസർമാരുടെ തസ്തിക നിശ്ചയിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനം തന്നെയാണ്. സർക്കാരിന് മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. പക്ഷേ അത് രാജ്യത്തെ നിയമവ്യവസ്ഥയോട് പൊരുത്തപ്പെടുംവിധം നിയമാനുസൃതമായിരിക്കണം. ഇത്തരമൊരാളെ ഈ സ്ഥാനത്തേക്ക് ആനയിച്ച സർക്കാർ നീതിയും നിയമവും അട്ടിമറിക്കാൻ കൂട്ടുനിൽക്കുകയാണ് അദ്ദേഹം പറഞ്ഞു. ഇത് കാന്തപുരത്തിന്റെ നിലപാട് തന്നെയാണെന്ന് പിണറായിയും മനസ്സിലാക്കുന്നു.
മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ ഇടതിൽ നിന്ന് അകറ്റുന്ന സംഭവമായി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം മാറുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ സിപിഎമ്മിനെ തുണച്ചില്ല. ഈ സാഹചര്യത്തിൽ കാന്തപുരവുമായുള്ള പ്രശ്‌നം വഷളാക്കാൻ പിണറായി ആഗ്രഹിക്കില്ല. അത് ശ്രീറാമിന് വിനയാകുമെന്നും വിലയിരുത്തലുണ്ട്. ഇതോടെ ശ്രീറാമിനെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകൾ തുടങ്ങി. കാന്തപുരം മുഖ്യമന്ത്രിയോട് ഫോണിലൂടെ അത്യപ്തി അറിയിച്ചതായാണ് വിവരം.
കാന്തപുരം സുന്നി യുവജനസംഘം പ്രവർത്തകനും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ തുടക്കം മുതൽ കാന്തപുരം വിഭാഗം ശക്തമാ യ നിലപാടിലാണ്. ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെശ്രമങ്ങൾക്കെതിരെ സംഘടന പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഈ പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ കുറ്റാരോപിതനെ ജില്ല കളക്ടറാക്ടറായി നിയമിച്ച നടപടി കാന്തപുരം വിഭാഗത്തിന് കനത്ത തിരിച്ചടിയായി. ഇതോടെയാണ് കാന്തപുരം തന്നെ രംഗത്തെത്തിയത്. ശ്രീറാമിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് തെളിയിക്കുന്നതിനാണ് സംസ്ഥാനത്തുടനീളം മാർച്ചും സംഘടിപ്പിച്ചത്.
ബഷീർ വധക്കേസിൽ തങ്ങളുടെ പ്രതിഷേധം അവഗണിച്ച് സർക്കാർ എടു ത്ത തീരുമാനം അഭിമാന പ്രശ്‌നമായാണ് കാന്തപുരം വിഭാഗം വിലയിരുത്തുന്നത്. വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചപ്പോൾ പോലും പരോക്ഷമായി സർക്കാരിനെ പിന്തുണക്കുന്ന നയമാണ് കാന്തപുരം വിഭാഗം സ്വീകരിച്ചിരുന്നത്. പിണറായിയും കാന്തപുരവും തമ്മിലുള്ള അന്തർധാര സജീവമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇടത് സർക്കാർ എന്നതിലുപരി കാന്തപുരം, പിണറായിയുമായുള്ള വ്യക്തിബന്ധത്തിനാണ് പ്രധാന്യം നൽകുന്നത്. അതിനാൽ ശ്രീറാമിന്റെ സ്ഥാന ചലനം ഉറപ്പായി എന്ന് വ്യക്തമായി. ഇക്കാര്യങ്ങൾ നിരീക്ഷിച്ച് നടപടി ഉറപ്പായെന്ന് മനസിലായതോടെയാണ് കേരള പത്രപ്രവർത്തക യൂണിയനും കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഇതിലാണ് ദേശാഭിമാനിക്കാർ വിട്ടു നിന്നത്.
്.
അടുത്തിടെ കാന്തപുരത്തിന്റെ നോമിനിയെ വിവരാവകാശ കമ്മീഷണറായും നിയമിച്ചിരുന്നു പിണറായി. പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടറും കോഴിക്കോട് മർക്കസ് നോളഡ്ജ് സിറ്റി ഡയറക്ടറുമായ എ.അബ്ദുൾ ഹക്കീമിനെയാണ് നിയമിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കാന്തപുരത്തിന്റെ ആവശ്യപ്രകാരം, ആരാധനാലയങ്ങൾ നിർമ്മിക്കാൻ ജില്ലാ കളക്ടറുടെ അനുമതി നിർബന്ധമാണെന്ന ഉത്തരവിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണ് കളക്ടറുടെ അനുമതി നിർബന്ധമാക്കിയിരുന്നത്. ഇത് ഒഴിവാക്കി ആരാധനാലയം നിർമ്മിക്കാൻ ദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി മതിയെന്നാണ് ഭേദഗതി വരുത്തിയത്.
മലപ്പുറത്തും കോഴിക്കോട്ടും പള്ളികൾ നിർമ്മിക്കാൻ കാന്തപുരം ശ്രമിച്ചപ്പോൾ പ്രാദേശികമായ എതിർപ്പ് കാരണം കളക്ടർമാർ അനുമതി നൽകിയിരുന്നില്ല. ഇത് മറികടക്കാനാണ് സർക്കാരിനെ സമീപിച്ച് കാന്തപുരം നിയമം തന്നെ മാറ്റിയെഴുതിയത്.
മറുനാടന് മലയാളി ബ്യൂറോ