- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും മാറ്റി; പുതിയ നിയമനം സിവിൽ സപ്ലൈസ് കോർപ്പേറഷൻ ജനറൽ മാനേജറായി; വി ആർ കൃഷ്ണ തേജ പുതിയ ആലപ്പുഴ കലക്ടർ; കാന്തപുരം സുന്നികളുടെ കോപം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഭയന്ന് തീരുമാനം മാറ്റി സർക്കാർ; പിണറായിയുടെ പിടിവാശിയുടെ കൊമ്പ് വീണ്ടും ഒടിയുമ്പോൾ
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സർക്കാർ നടപടിയിൽ തിരുത്തലുമായി സംസ്ഥാന സർക്കാർ. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്തു നിന്നും മാറ്റി. പകരം നിയമനം നൽകിയിരിക്കുന്നത് സിവിൽ സപ്ലൈസ് കോർപ്പേറഷൻ ജനറൽ മാനേജറായിട്ടാണ്. ശ്രീറാമിന് പകരം വി ആർ കൃഷ്ണ തേജയാണ് പുതിയ ആലപ്പുഴ കലക്ടർ.
ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിലെ പിടിവാശി വെടിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായത് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള എ പി സുന്നി വിഭാഗം ശക്തമായ പ്രതിഷേധനവുമായി രംഗത്തുവന്നതോടെയാണ്. ഈ വിഷയത്തിൽ സുന്നി നേതാക്കൾ സർക്കാറിനെതിരെ ശ്ക്തമായ നിലപാടും പ്രത്യക്ഷ സമരവുമായി രംഗത്തുവന്നിരുന്നു. ഇതോടെയാണ് സർക്കാർ തീരുമാനം തിരുത്താൻ തയ്യാറായത്.
നേരത്തെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി. അൻവർ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് അടക്കം കത്തയച്ചിരുന്നു. മലബാറിലെ എ പി സുന്നികളെ അനുകൂലിക്കുന്ന മറ്റ് എംഎൽഎമാരും ഈ വിഷയത്തിൽ സർക്കാർ നിലപാടിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുൻ നിർത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പി.വി. അൻവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
മാധ്യമപ്രവർത്തകനായ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ ആക്കി നിയമിച്ചത് പൊതുസമൂഹത്തിൽ വ്യാപകമായ പരാതികൾക്ക് ഇടവരുത്തിയിട്ടുണ്ട്. മത- ജാതി ഭേദമന്യേ ഈ വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ എതിരഭിപ്രായം ഉയരുന്നുണ്ട്.
ഈ സാഹചര്യം മുതലാക്കി വ്യാപകമായി സർക്കാരിനെതിരെയുള്ള ആയുധമാക്കി ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി വിഷയത്തിൽ ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പി.വി. അൻവർ ഇ.പി. ജയരാജനയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സർക്കാർ നടപടി പുനപരിശേധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ കാരാട്ട് റസാഖും രംഗത്തെത്തയിരുന്നു. സർക്കാർ നിലപാട് തിരുത്തണമെന്നും ഇടതുപക്ഷത്തെ എക്കാലത്തും സഹായിച്ച പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു റസാഖിന്റെ പ്രതികരണം.
ഇത് കൂടാതെ ബഷീറിന്റെ വിഷയം കാന്തപുരം ഏറ്റെടുത്തതു തന്നെയാണ് സർക്കാറിന്റെ തീരുമാനം തിരുത്തുന്നതിലേക്ക് ഇടയാക്കിയത്. ഈ നടപടിയിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തിിയിരുന്നു. മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. ഇതിൽ മലപ്പുറത്തെ മാർച്ചിൽ കാന്തപുരത്തിന്റെ സംഘടന തങ്ങളുടെ കരുത്ത് കാട്ടി. പിണറായിയുടെ തുടർഭരണത്തിന് കൂടെ നിന്നത് കാന്തപുരമായിരുന്നു.
കോഴിക്കോടും മലപ്പുറത്തും കണ്ണൂരും കാസർഗോഡും ആ പിന്തുണ പിണറായിക്ക് കരുത്തായി. എന്നിട്ടും ശ്രീറാമിനെ നിയമിച്ചത് കാന്തപുരത്തിന് ഉൾക്കൊള്ളനായില്ല. കാന്തപുരത്തിന്റെ പത്രമാണ് സിറാജ്. അതിലെ മാധ്യമ പ്രവർത്തകൻ എന്നതിന് അപ്പുറത്തേക്ക് കാന്തപുരവുമായി ബഷീറിന് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു.
ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ അധികാരമുള്ള കലക്ടർ പദവിയിൽ കൊലക്കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ താക്കീതായിരുന്നു മാർച്ചിൽ ഉയർന്നത്. തെറ്റായ തീരുമാനം തിരുത്താൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് മലപ്പുറത്ത് മാർച്ച് മാർച്ച് ഉദ്ഘാടനം ചെയ്ത് മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി പറഞ്ഞു. ഐഎഎസ് ഓഫിസർമാരുടെ തസ്തിക നിശ്ചയിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനം തന്നെയാണ്. സർക്കാരിന് മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. പക്ഷേ അത് രാജ്യത്തെ നിയമവ്യവസ്ഥയോട് പൊരുത്തപ്പെടുംവിധം നിയമാനുസൃതമായിരിക്കണം. ഇത്തരമൊരാളെ ഈ സ്ഥാനത്തേക്ക് ആനയിച്ച സർക്കാർ നീതിയും നിയമവും അട്ടിമറിക്കാൻ കൂട്ടുനിൽക്കുകയാണ് അദ്ദേഹം പറഞ്ഞു. ഇത് കാന്തപുരത്തിന്റെ നിലപാട് തന്നെയാണെന്ന് പിണറായിയും മനസ്സിലാക്കുന്നു.
മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ ഇടതിൽ നിന്ന് അകറ്റുന്ന സംഭവമായി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം മാറുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ സിപിഎമ്മിനെ തുണച്ചില്ല. ഈ സാഹചര്യത്തിൽ കാന്തപുരവുമായുള്ള പ്രശ്നം വഷളാക്കാൻ പിണറായി ആഗ്രഹിക്കാതിരുന്നതോടെയാണ് സർക്കാർ തീരുമാനം തിരുത്തുന്നത്.
വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചപ്പോൾ പോലും പരോക്ഷമായി സർക്കാരിനെ പിന്തുണക്കുന്ന നയമാണ് കാന്തപുരം വിഭാഗം സ്വീകരിച്ചിരുന്നത്. പിണറായിയും കാന്തപുരവും തമ്മിലുള്ള അന്തർധാര സജീവമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇടത് സർക്കാർ എന്നതിലുപരി കാന്തപുരം, പിണറായിയുമായുള്ള വ്യക്തിബന്ധത്തിനാണ് പ്രധാന്യം നൽകുന്നത്. അതുകൊണ്ട് തന്നൊണ് ശ്രീറാമിനവ് സ്ഥാനചലനം സംഭവിക്കുന്നതും.
2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം. റോഡിൽ തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോൾ ശ്രീറാം സർവേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പിൽ നിന്നും സസ്പെൻഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പിൽ തിരിച്ചെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ