- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ കലക്ടറാക്കിയത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത പുള്ളിയെ; തദ്ദേശ സ്വയംഭരണ വകുപ്പിലെ മാലിന്യ സംസ്‌കരണത്തിന്റെ ചുമതല നൽകിയാൽ മതിയായിരുന്നു; അതൊരു മോശപ്പെട്ട ജോലിയല്ലെങ്കിലും ആ ദുർഗന്ധം ഒരു സന്ദേശമെങ്കിലും നൽകുമായിരുന്നു; വിമർശനവുമായി സത്താർ പന്തല്ലൂർ; നിയമനത്തെ എതിർത്ത് കോൺഗ്രസും
കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷപ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ. കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത 'പുള്ളി' യെയാണ് ആലപ്പുഴ കലക്ടറാക്കി വീണ്ടും ഉന്നത സ്ഥാനം കൊടുത്തിരിക്കുന്നതെന്ന് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു.
'തദ്ദേശ സ്വയംഭരണ വകുപ്പിലെ മാലിന്യ സംസ്‌കരണത്തിന്റെ ചുമതല നൽകിയാൽ മതിയായിരുന്നു. അതൊരു മോശപ്പെട്ട ജോലിയല്ലെങ്കിലും ആ ദുർഗന്ധം ഒരു സന്ദേശമെങ്കിലും നൽകുമായിരുന്നു'- അദ്ദേഹം എഴുതി. ശ്രീറാംവെങ്കിട്ടരാമൻ കറുത്ത നായയെ പിടച്ചുനിൽക്കുന്ന ചിത്രമാണ് അദ്ദേഹം ഫേസ്‌ബുക്ക്‌പോസ്റ്റിൽ ഉപയോഗിച്ചത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത 'പുള്ളി' യെയാണ് ആലപ്പുഴ കലക്ടറാക്കി വീണ്ടും ഉന്നത സ്ഥാനം കൊടുത്തിരിക്കുന്നത്. ചില വെള്ളാനകളെ തള്ളാൻ കഴിയാത്ത സാങ്കേതിക പ്രയാസം സർക്കാറിനുണ്ടാവാം. തദ്ദേശ സ്വയംഭരണ വകുപ്പിലെ മാലിന്യ സംസ്‌കരണത്തിന്റെ ചുമതല നൽകിയാൽ മതിയായിരുന്നു. അതൊരു മോശപ്പെട്ട ജോലിയല്ലെങ്കിലും ആ ദുർഗന്ധം ഒരു സന്ദേശമെങ്കിലും നൽകുമായിരുന്നു'
അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിൽ എതിർപ്പുമായി കോൺഗ്രസും രംഗത്തെത്തി. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കോൺഗ്രസ് നേതാവ് എ.എ. ഷുക്കൂറും രംഗത്തെത്തി. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗർഭാഗ്യകരമായ സംഭവമാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമൻ കളങ്കിതനായ വ്യക്തിയാണെന്നും ആലപ്പുഴയിലെ നിയമനം റദ്ദാക്കണമെന്നും എ.എ. ഷുക്കൂറും ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം. കൊലപാതകം പോലെയുള്ള ദാരുണമായ മരണമായിരുന്നു അത്. അത്തരത്തിൽ കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. നിയമനത്തിന് പിന്നിൽ മറ്റുചില താത്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും എ.എ. ഷുക്കൂർ പറഞ്ഞു. കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജില്ലയുടെ പൂർണ അധികാരം നൽകിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു.
ശ്രീറാമിന്റെ നിയമനത്തിനെതിരേ ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരും ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാൻപോലും അഹങ്കാരം അനുവദിക്കാത്തയാളെ ജില്ലാ കളക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നതാണെന്നായിരുന്നു സലീം മടവൂരിന്റെ കുറിപ്പ്.
കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പ് ജോ. ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയാണ് ശ്രീറാം. കുറ്റകൃത്യം ചെയ്തതിന് പുറമേ അത് മറച്ചുവെയ്ക്കാനും രക്ഷപ്പെടാനും തന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം ഇടപെട്ടതായും ആരോപണമുയർന്നിരുന്നു. ശ്രീറാമിന്റെ സുഹൃത്തായ വഫ ഫിറോസാണ് കേസിലെ മറ്റൊരു പ്രതി.
മറുനാടന് മലയാളി ബ്യൂറോ