ഹരിപ്പാട്: ശ്രീവൽസം പിള്ളയുടെ ബിനാമിയെന്ന് കരുതപ്പെടുന്ന രാധാമണിയുടെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തില്ല. അസ്വാഭാവിക മരണമെന്ന തരത്തിൽ കേസ് എഴുതി തള്ളനാണ് നീക്കം. മാനസിക സമ്മർദ്ദമാണ് എല്ലാത്തിനും കാരണമെന്ന് പൊലീസ് വിശദീകരിക്കുന്നു. അതിനിടെ രാധാമണിയുടെ ഭർത്താവ് കൃഷ്ണന്റെ ബന്ധുക്കളെ സ്വാധീനിക്കാനും നീക്കമുണ്ട്. അന്വേഷണ ആവശ്യവുമായി ആരും മുന്നോട്ട് വരാതിരിക്കാനാണ് ഇത്.

സാമ്പത്തിക തട്ടിപ്പ് ആരോപണത്തിന് വിധേയരായ ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജർ രാധാമണിയുടെ ഭർത്താവ് ഹരിപ്പാട് കണ്ടല്ലൂർ പുതിയവിള രാധേയത്തിൽ പി.എൻ. കൃഷ്ണ(63)നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 11നുശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ ചെയർമാൻ എം.കെ.ആർ. പിള്ളയുടെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് രാധാമണിയുടെയും ഭർത്താവിന്റെയും വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ തുടരുന്നതിനിടെയാണ് കൃഷ്ണന്റെ മരണം.

മരണസമയത്ത് വീട്ടിലില്ലായിരുന്ന രാധാമണി കൊച്ചിയിലുണ്ടെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. അതുകൊണ്ട് തന്നെ ആത്മഹത്യയിൽ ആർക്കും പങ്കില്ലെന്നാണ് പൊലീസ് നിലപാട്. ശ്രീത്സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഏറെ വിവരങ്ങൾ അറിയാവുന്ന ആളാണ് കൃഷ്ണൻ. ഭർത്താവിന്റെ മരണം അറിഞ്ഞിട്ടും രാധാമണി ഹരിപ്പാട് നിന്ന് അപ്രത്യക്ഷയെന്നാണ് നാട്ടുകാർ പറയുന്നത്. രാധാമണിയെ രാത്രിയിൽ റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ടതായി ഡ്രൈവർ ബന്ധുക്കളോട് പറഞ്ഞു. ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് വന്നതെന്നാണ് രാധാമണി വിശദീകരിച്ചത്. ഇത് വിശ്വസിക്കുകയാണ് പൊലീസ്.

ഭാര്യയും ഭർത്താവുമായി കഴിഞ്ഞദിവസം വഴക്കുണ്ടായതായും മൊഴി ലഭിച്ചിട്ടുണ്ട്. ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് കൃഷ്ണൻ മരിക്കുന്നതിന് തൊട്ടുമുമ്പ് ബന്ധുക്കളിൽ ചിലരെ വിളിച്ച് പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്. ഇതൊന്നും പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. പ്രതിപക്ഷത്തെ പ്രമുഖനാണ് ശ്രീവൽസം പിള്ളയ്ക്കായി രംഗത്തുള്ളത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രതിഷേധമൊന്നും രാധാമണിക്കും ഭർത്താവിനും എതിരെ ഉയരില്ല. എല്ലാകക്ഷികളുമായി അടുത്ത ബന്ധവും രാധാമണിക്കുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണത്തിൽ സമ്മർദ്ദവുമില്ല. അതിനാൽ രാധാമണിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പരിശോധിക്കാതെ മുന്നോട്ട് പോകാൻ പൊലീസിന് ആകും.

ഭർത്താവിന്റെ മരണ വിവരം അറിയിച്ചിട്ടും ഭാര്യ രാധാമണി എത്തിയില്ല. വ്യാഴാഴ്ച രാത്രി 10 മണിയോടെ കൃഷ്ണൻ ഭാര്യാമാതാവ് അംബുജാക്ഷിയെ ഫോണിൽ വിളിച്ച് താൻ കടുംകൈ ചെയ്യുമെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇത് കേട്ട് പരിഭ്രമിച്ച അവർ മറ്റൊരു മകളെയും, മകളുടെ ഭർത്താവായ കായംകുളം എ.എസ്, ഐ പ്രകാശിനെയും വിവരമറിയിച്ചു. പ്രകാശ് ഉടനെ ഭാര്യാ സഹോദരീ ഭർത്താവ് ദിലീപിനെ വിളിച്ച് ഹരിപ്പാട്ടെത്തി കൃഷ്ണനെ അനുനയിപ്പിക്കാൻ പറഞ്ഞു. ഇതനുസരിച്ച് എത്തിയ ദിലീപും സുഹൃത്തും ഒപ്പം പോകാൻ കൃഷ്ണൻ തയ്യാറാവാതിരുന്നതിനാൽ മടങ്ങി. കൃഷ്ണൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വിവരമറിഞ്ഞ് പ്രകാശ് എത്തിയപ്പോൾ ഗേറ്റ് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉള്ളിൽ കടന്ന് കിടപ്പുമുറിയുടെ ജനാലച്ചില്ലുകൾ പൊട്ടിച്ചെങ്കിലും കൃഷ്ണനെ കണ്ടെത്താനായില്ല.

വീടിന്റെ പണികൾ ചെയ്യുന്ന തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന മറ്റൊരു താക്കോൽ ഉപയോഗിച്ച് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സ്വീകരണ മുറി തുറന്നപ്പോൾ തടികൊണ്ടുള്ള ബീമിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി മരിച്ച നിലയിൽ കൃഷ്ണനെ കണ്ടെത്തി . ഭാര്യ രാധാമണിയെ ഇന്നലെ രാവിലെ പൊലീസ് ഫോണിൽ വിളിച്ചു. എറണാകുളം അമൃത ആശുപത്രിയിലാണെന്നും ഉടൻ എത്തുമെന്നും അറിയിച്ചെങ്കിലും ഉച്ച കഴിഞ്ഞും എത്തിയില്ല. അങ്ങനെ സർവ്വത്ര ദുരൂഹതയാണ് കൃഷ്ണന്റെ മരണത്തിലുള്ളത്. കൃഷ്ണന്റെ മക്കളായ ഇന്ദുവും ആകാശും ചെന്നൈയിലാണ്. നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയർന്നതോടെയാണ് ശ്രീവൽസം ഗ്രൂപ്പ് വിവാദങ്ങളിൽപ്പെടുന്നത്.

ഈ ഗ്രൂപ്പിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ആയിരം കോടിയുടെ ബിനാമി ഇടപാടുകൾ കണ്ടെത്തിയിരുന്നു. ശ്രീവൽസം ഗ്രൂപ്പ് ഉടമ എം. കെ.ആർ. പിള്ളയുടെ വിശ്വസ്തയാണ് രാധാമണി. നാഗാ കാലാപകാരികളുമായി ശ്രീവൽസം ഗ്രൂപ്പ് ഉടമക്ക് ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ഹരിപ്പാട്ടെ രാധാമണിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ കള്ളപ്പണ ഇടപാടുകളെല്ലാം അറിയാവുന്ന വ്യക്തിയാണ് രാധാമണിയുടെ ഭർത്താവ് കൃഷ്ണൻ. കൃഷ്ണൻ ആത്മഹത്യ ചെയ്തത് കുടുംബ വഴക്കിനെ തുടർന്നാണെന്നാണ് പറയുന്നത്.

രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പിള്ളയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നത് രാധാമണിയാണെന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ റിയൽഎസ്റ്റേറ്റ് നിക്ഷേപങ്ങളുടെ രേഖകൾ രാധാമണിയുടെ ഹരിപ്പാട് ഡാണാപ്പടിയിലുള്ള വീട്ടിൽ നിന്ന് കണ്ടെടുത്തിയതായി സൂചനയുണ്ടായിരുന്നു. ഈ ഇടപാടുകളെ കുറിച്ചെല്ലാം ഭർത്താവ് കൃഷ്ണനും അറിയാമെന്നിരിക്കെ തൂങ്ങിമരണത്തിൽ അസ്വാഭാവികത ഏറെയാണ്.

നാഗാലാന്റ് പൊലീസിൽ അഡീഷണൽ എസ്‌പിയായിരുന്നു എം.കെ.ആർ പിള്ള. രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ഇയാൾ ശതകോടികൾ ആസ്തിയുണ്ടാക്കിയതെന്ന ആരോപണം ശക്തമായി നിലനിൽക്കുകയാണ്. ഇതിൽ അന്വേഷണം തുടരുകയാണ്. ഹരിപ്പാട് കേന്ദ്രീകരിച്ചു മാത്രം അഞ്ചോളം സ്ഥാപനങ്ങൾ ഗ്രൂപ്പിനുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിലെ ഉന്നതരുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഈ ബന്ധങ്ങളുപയോഗിച്ച് കൃഷ്ണന്റെ ആത്മഹത്യാക്കേസ് അന്വേഷണം അട്ടിമറിക്കാനാണ് രാധാമണിയുടെ നീക്കം.

ശ്രീവൽസം വെഡിങ് സന്റെറിന് പുറമെ ശ്രീവൽസം ഗോൾഡ്, ആറന്മുളയിലെ സുദർശനം സെൻട്രൽ സ്‌കൂൾ, മണിമറ്റം ഫിനാൻസ്, രാജവൽസം മോട്ടോഴ്‌സ് എന്നിവയും രാധാമണിയുടെ നിയന്ത്രണത്തിലായിരുന്നു. ജീവനക്കാർക്കിടയിൽ മാഡം എന്നറിയപ്പെടുന്ന രാധാമണിയാണ് ശ്രീവൽസത്തിന്റെ അവസാന വാക്ക്.