പത്തനംതിട്ട: നാഗാലാന്റ് പൊലീസിന്റെ ട്രക്കിൽ ശ്രീവൽസം പിള്ള കൊണ്ടു വന്നത് 450 കോടിയുടെ കറൻസിയെന്ന് സൂചന കിട്ടിയിട്ടും പൊലീസ് വേണ്ടത്ര കരുതലെടുക്കാത്തത് വിവാദമാകുന്നു. നാഗാലാന്റ് പൊലീസിന്റെ അനുമതിയില്ലാതെയാണ് പൊലീസ് ട്രക് കേരളത്തിൽ എത്തിയത്. ആദായ നികുതി വകുപ്പിന്റെ പരിശോധനാ സമയത്താണ് ട്രക്ക് ശ്രീവൽസം പിള്ളയുടെ വീട്ടിലുള്ളത് പുറം ലോകം അറിയുന്നത്. ഇതിന് പിന്നാലെ കേരളാ പൊലീസ് വീട്ടിലെത്തി. പരിശോധനയും നടത്തി. അതിന് ശേഷം ഈ വാഹനത്തെ നാഗാലാന്റിലേക്ക് കൊണ്ടു പോകാൻ അനുവദിച്ചു. ഫലത്തിൽ മോഷണക്കേസിൽ പിള്ള കുടുങ്ങാനുള്ള സാധ്യതയാണ് കേരളാ പൊലീസ് അടച്ചത്. സംസ്ഥാന പൊലീസിലെ ഉന്നത ഇടപെടലുകളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

ശ്രീവൽസം ഗ്രൂപ്പിനെതിരെ കേരളത്തിൽ കേസുകളൊന്നുമില്ല. എന്നാൽ ആദായനികുതി വകുപ്പും സിബിഐയും ഇക്കാര്യങ്ങൾ പരിശോധിക്കുന്നത് കേരളാ പൊലീസിനും അറിയാം. ഈ സാഹചര്യത്തിൽ ഈ ട്രക്ക് പരിശോധിച്ച ശേഷം വിട്ടു നൽകാൻ കേരളാ പൊലീസിന് അധികാരമില്ല. ഇക്കാര്യത്തെ കുറിച്ച് സിബിഐയെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ശ്രീവൽസം പിള്ളയുടെ സൗഹൃദങ്ങൾ തുണയായി. ഇതോടെ ട്രക്ക് നാഗാലാന്റിലുമെത്തി. ഇതോടെ ട്രക്ക് മോഷ്ടിച്ചു കൊണ്ടുവന്നുവെന്ന നാഗാലാന്റ് പൊലീസിന്റെ ആരോപണം നിലനിൽക്കാതെയായി. പൊലീസ് എഫ് ഐ ആർ ഇടുന്നതിന് മുമ്പ് തന്നെ ട്രക്കിനെ നാഗാലാന്റിലെ ഗാരേജിലെത്തിക്കുകയായിരുന്നു ശ്രീവൽസം തന്ത്രപരമായി ചെയ്തത്. കേരളാ പൊലീസിലെ ചില ഉന്നതരാണ് ഇതിന് അവസരമൊരുക്കിയതെന്ന് സിബിഐ തിരിച്ചറിയുന്നുണ്ട്. പരിശോധനകൾ തുടങ്ങി കഴിഞ്ഞു.

നാഗാ തീവ്രവാദികൾ മുതൽ ഉന്നത രാഷ്ട്രീയ നേതാക്കളുമായി വരെ ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. നാഗാ കലാപകാരികൾക്ക് ഇയാൾ പണം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. പണം കടത്താനായി പിള്ള നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ തോതിൽ ഭൂമിയിടപാടും നടത്തിയിരുന്നു. നാഗാലാൻഡ് പൊലീസ് വാഹനങ്ങളും മറ്റ് വാഹനങ്ങളും പന്തളത്ത് സ്ഥിരമായി വന്നു പോയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് ട്രക്ക് വിട്ടുനൽകൽ വിവാദമാകുന്നത്. നാഗാലാന്റ് പൊലീസിന്റെ അനുമതിയില്ലാതെ ട്രക്ക് കൊണ്ടു വന്നത് മോഷണത്തിന് സമാനമാണ്. ഇക്കാര്യത്തിൽ എഫ് ഐ ആർ ഇടാനുള്ള ശ്രമങ്ങൾക്ക് ഏറ്റ തിരിച്ചടിയുമാണ്.

ശ്രീവത്സം ഗ്രൂപ്പിന്റെ സ്വത്ത് സമ്പാദനത്തെ കുറിച്ച് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ ഉന്നത ഇടപെടൽ മൂലം അന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഈ കേസ് ഇന്റലിജൻസ് വിഭാഗം പുനരന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്. ഇതും പൊലീസിലെ ഉന്നതർക്ക് വിവരമുണ്ടായിരുന്നു. എന്നിട്ടും മോഷണക്കേസിലെ തൊണ്ടി മുതലാകുമാകുമായിരുന്ന ട്രക് പത്തനംതിട്ട പൊലീസ് വിട്ടുകൊടുത്തു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസിലെ ഉന്നതർക്ക് സാമ്പത്തിക സഹായം നൽകിയാണോ ട്രക് നാഗാലാന്റിലേക്ക് മടക്കിയതെന്ന് സിബിഐ അന്വേഷിക്കുന്നത്. ശ്രീവൽസം ഗ്രൂപ്പിനെതിരെയുള്ള അന്വേഷണത്തിന് സംസ്ഥാന പൊലീസിന് പരിമിതിയുണ്ടെന്നതാണ് മറ്റൊരു വസ്തുത.

കേരളത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയേ സാധ്യമാകൂ. ആദായനുകുതി വകുപ്പ് ശ്രീവൽസം സ്ഥാപനങ്ങളിലും ഉടമ എം.കെ.ആർ. പിള്ളയുടെ വസതികളിലും നടത്തിയ പരിശോധനയിൽ കോടികളുടെ ദുരൂഹ ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. നാഗാലാൻഡിൽ വിജിലൻസ് കേസുകളടക്കം രജിസ്റ്റർ ചെയ്തു. എന്നാൽ കേരളത്തിൽ സ്ഥാപനത്തിനെതിരെയോ പിള്ളക്കതിരെയോ കേസുകളില്ല. അതുകൊണ്ടുതന്നെ സംസ്ഥാന പൊലീസിന് ഇവർക്കതിരായ അന്വേഷണത്തിന്റെ സാധ്യതകൾ അടയുകയാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ , നാഗാലാൻഡിൽ നിന്നുള്ള ട്രക്കുകളുടെ വരവുകൾ തുടങ്ങിയ ദുരൂഹതകൾ നീക്കുവാൻ അതുകൊണ്ടുതന്നെ എളുപ്പമാവില്ല.

ഓരോ ദിവസം കഴിയുംതോറും ആദായ നികുതി വകുപ്പിനെപ്പോലും ഞെട്ടിക്കുന്ന തരത്തിലേയ്ക്ക് ശ്രീവത്സം ഗ്രൂപ്പിന്റെ സമ്പാദ്യം കൂടുകയാണ്. കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന റെയ്ഡിൽ ഏകദേശം 5000 കോടിയുടെ ആസ്തിയാണ് കണ്ടെത്തിയിട്ടുള്ളത്. ഓരോ ദിവസത്തെ പരിശോധനയുടെ അടിസ്ഥാനത്തിലും പിള്ളയുടെ വ്യവസായ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരി രാധാമണിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലും നിരവധി സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുവനായി പിള്ളയെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും. കൂടാതെ നാഗാലാൻഡ് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം.

നാഗാലാൻഡിൽ ഏകദേശം ഇരുപതോളം ബാങ്ക് അക്കൗണ്ടുകൾ പിള്ളയ്ക്ക് ഉള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൊഹിമ, ഭിമാപൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ അക്കൗണ്ടുകൾ. കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയാണ് ഈ അക്കൗണ്ടുകൾ വഴി ഒഴുകിയത്. കൂടാതെ ഡൽഹി, കർണ്ണാടക, ആസ്സാം എന്നിവിടങ്ങളിലും പിള്ളയ്ക്ക് നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. മൂന്നാറിന് സമീപം ചിന്നക്കനാലിൽ രണ്ട് റിസോർട്ടുകൾ നിർമ്മിച്ച് വിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. നാഗാലാൻഡ് സർക്കാരിന്റെ ഫണ്ട് വകമാറ്റിയതാണ് പിള്ളയ്ക്ക് ഇത്രയും വലിയ സമ്പാദ്യമുണ്ടാകാൻ കാരണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണം. കൂടാതെ നിരവധി ഉന്നതർക്കും ഗ്രൂപ്പിൽ പങ്കാളിത്തമുണ്ട്.

അതിനിടെ ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ പിള്ളയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പിള്ളയ്ക്ക് മാത്രം നാഗാലാൻഡിൽ ഇരുപത് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിൽ നടന്ന കോടികളുടെ ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. പിള്ളയുടെ മകന്റെയും ഭാര്യയുടെയും പേരിലും പത്തിലധികം ബാങ്ക് അക്കൗണ്ടുകളുണ്ട്. പിള്ളയുടെ ഉടമസ്ഥതയിലുള്ള മണിമുറ്റത്ത് എന്ന ചിട്ടിക്കമ്പനിയുടെ പ്രവർത്തനവും് പരിശോധിക്കുന്നുണ്ട്. ഈ ചിട്ടിക്കമ്പനിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ. നാഗാലാൻഡ് പൊലീസിൽ സാധാ എ.എസ്‌പിയായി വിരമിച്ച പിള്ള എങ്ങനെ ഇത്രയും സ്വത്തുക്കൾ നേടി എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്.