കൊച്ചി: സ്ത്രീകളുടെ ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ പകർത്തുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും കുറ്റകരമായ കാര്യം തന്നെയാണ്. ഇതിന്റെ പേരിൽ പലരും കുടുങ്ങിയിട്ടുണ്ടെങ്കിലും ശീലം തെറ്റിക്കാൻ മലയാളികൾ തയ്യാറല്ല. ഇത്തരമൊരു സംഭവമാണ് നടി ശ്രീയ രമേശിന്റെ ചിത്രം പ്രചരിപ്പിവരുട അനുഭവത്തിൽ നിന്നും വ്യക്തമാകുന്നത്. നടിയെ അവഹേളിക്കുന്ന വിധത്തിൽ ചിത്രം പ്രചരിപ്പിച്ചയാൾ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.

ശ്രീയ രമേഷിന്റെ ചിത്രം മോശം വ്യാഖ്യാനത്തോടെ സോഷ്യൽമീഡിയിൽ പ്രചരിപ്പിച്ച കേസിൽ കസ്റ്റഡിയിലായ യുവാവ് അനീസിയ സിനിമയുടെ നിർമ്മാതാവിന്റെ സഹായിയായാണ്. ഇക്കാര്യം സൈബർ സെല്ലാണ് വ്യക്കമാക്കിയത്. സുബിൻ സുരേഷ് എന്ന യുവാവാണ് ആ ഫോട്ടോ എടുത്തത്. സിനിമയുടെ പ്രചരണാർഥം എടുത്ത ഒരു ലൊക്കേഷൻ ചിത്രമായിരുന്നു അത്. എന്നാൽ സുബിൻ ആ ചിത്രം തന്റെ ഗൾഫിലുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഇതോടെയാണ് സുബിൻ കുടുങ്ങുന്നതും. ഈ ചിത്രം ലഭിച്ച ഗൾഫിലെ സുഹൃത്തുക്കളാണ് ചില മോശം വ്യാഖ്യാനത്തോടെ പ്രചരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

തന്റെയും നിർമ്മാതാവിന്റെയും ഫോട്ടോ തെറ്റായ പരാമർശത്തോടെ പ്രചരിപ്പിക്കപ്പെടുന്നവെന്ന് ചൂണ്ടിക്കാണിച്ച് രണ്ടാഴ്‌ച്ച മുൻപാണ് ശ്രീയ സൈബർ സെല്ലിൽ പരാതി നൽകിയത്. ജോസ് തെറ്റയിലും വിവാദവ്യക്തിത്വവും എന്ന നിലയിലാണ് ശ്രീയാ സുരേഷിന്റെ ചിത്രം പ്രചരിപ്പിച്ചത്. സുബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരവും ശ്രീയയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. കേസിൽ അറസ്റ്റിലായ വ്യക്തി തന്നോട് മാപ്പു പറഞ്ഞെന്നും ശ്രീയ ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്:

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ സുഹൃത്തുക്കളെ,

അപവാദ പ്രചാരണങ്ങൾക്കിടയിൽ ഒരു നിമിഷം പകച്ചു പോയ എനിക്ക്, ജീവിതത്തിലെ ആ പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ നൽകിയ എല്ലാവരോടും നന്ദി പറയുന്നു. ഷൂട്ടിങ് തിരക്കുകൾക്കിടയിൽ ഈ കുറിപ്പിടുമ്പോൾ വലിയ ആശ്വാസം തോന്നുന്നു. എന്റെ ചിത്രത്തോടൊപ്പം സത്യവിരുദ്ധമായ കാര്യങ്ങൾ ചേർത്ത് വ്യാപകമായ പ്രചാരണം നടത്തിയതിനു തുടക്കമിട്ട വ്യക്തിയെ സൈബർ പൊലീസ് പിടികൂടിയ വിവരം അറിയിരിക്കുന്നു. ഇയാളാണ് ആ ചിത്രം എടുത്ത് ആദ്യമായീ പോസ്റ്റ് ചെയ്തത്. തുടർന്ന് വലിയ തോതിൽ അപവാദ പ്രചരണം നടക്കുകയായിരുന്നു. അതിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകിയത് എനിക്ക് വേണ്ടിമാത്രമല്ല സമാനമായ അവസ്ഥ നേരിടുന്ന സ്ത്രീകൾക്ക് പിന്തുണ നൽകുവാനും ഇത്തരക്കാർക്കെതിരെ പ്രതികരിക്കുവാൻ അവർക്ക് ആത്മവിശ്വാസം നൽകുവാൻ കൂടെയായിരുന്നു. എന്റെ പരാതി സ്വീകരിക്കുകയും തുടർ നടപടികൾ എടുക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കും സൈബർ വിദഗ്ദർക്കും നന്ദി പറയുന്നു.

പ്രതിയായ സുബിൻ സുരേഷ് എന്ന വ്യക്തിയെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് എന്നെ തിരുവനന്തപുരത്തെ സൈബർ സെൽ ഓഫീസിലെക്ക് വിളിച്ചു. ഞാൻ ചെന്നു, കമ്മീഷണറും മറ്റു ഉദ്യോഗസ്ഥരും എന്നോട് വിവരങ്ങൾ പറഞ്ഞു. എനിക്കു പ്രതിയോട് സംസാരിക്കാമോ എന്ന് ചോദിച്ചു, അവർ അനുവദിച്ചപ്പോൾ എന്തിനായിരുന്നു എന്നെ അപമാനിക്കുവാൻ ശ്രമിച്ചതെന്ന് ഞാൻ അയാളോട് ചോദിച്ചു. ഒരു രസത്തിനെന്നായിരുന്നു അയാളുടെ മറുപടി. തുടർന്ന് അയാൾ ത്തനിക്ക് കുടുമ്പമുണ്ടെന്നും ചേച്ചി മാപ്പു തരണമെന്നും എല്ലാം കരഞ്ഞു പറഞ്ഞു. ഞാൻ അനുഭവിച്ച വേദനയും അപമാനവും ഓർത്തപ്പോൾ ആദ്യം അയാളോട് എനിക്ക് കടുത്ത വെറുപ്പ് തോന്നി. ഒരു ഒത്തു തീർപ്പിനും ഞാൻ തയ്യാറാകില്ലെന്ന് പറഞ്ഞു. എന്നാൽ ഭാര്യയും കുട്ടികളും ഉണ്ടെന്നും പൊലീസ് കേസെടുത്ത് കോടതിയിലേക്ക് കൈമാറിയാൽ അയാൾക്ക് ഉറപ്പായും ശിക്ഷയും ലഭിക്കും എന്നെല്ലാം അയാൾ പറഞ്ഞു. അയാൾ ചെയ്ത തെറ്റിന്റെ ഗൗരവം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു മനസ്സിലാക്കി.

ഇയാൾ മാത്രമല്ല ചിത്രവും ഒപ്പം അപമാനകരമായ കമന്റുകളും ഓൺലൈൻ വഴി പ്രചരിപ്പിച്ച ബാക്കി ഉള്ളവരെ കുറിച്ച് അന്വേഷണം നടന്നു വരികയാണ് ഇപ്പോൾ. അതിനാൽ ഇക്കാര്യത്തിൽ ഒരു തീരുമാനം ഇപ്പോൾ എടുക്കുന്നില്ല. എന്തായാലും പ്രതിയെ പിടികൂടിയതിൽ ഞാൻ വളരെ സംതൃപ്തയാണ്. എന്നെ പിന്തുണച്ച നല്ലവരായ സിനിമാ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, ആരാധകർ, പൊലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളെന്നിവർക്കും നന്ദി പറയുന്നു. സൈബർ ഇടങ്ങളിൽ തമാശയ്ക്ക് പോലും പോസ്റ്റു ചെയ്യുന്നത് പിന്നീട് എത്ര ഗൗരവമുള്ള കാര്യമായി മാറുന്നു എന്ന് ചിന്തിക്കുക. സ്ത്രീകളെ അപമാനിക്കുവാൻ ചിത്രങ്ങളും കമന്റുകളും പോസ്റ്റു ചെയ്യുന്നവർ ഓർക്കുക സൈബർ സെല്ലിനു അനായാസമായി കുറ്റവാളികളെ പിടികൂടുവാൻ സാധിക്കും.