കൊളംബോ: പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റെനിൽ വിക്രമസിംഗയെ പുറത്താക്കി പകരം മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ തൽസ്ഥാനത്ത് അവരോധിച്ചതിന് പിന്നാലെ ശ്രീലങ്കൻ പാർലമെന്റ് മരവിപ്പിച്ചു. രാഷ്ട്രീയ നാടകങ്ങൾ കൂടുതൽ കലുഷിതമാകുന്നതിനിടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന പാർലമെന്റ് മരവിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

നവംബർ 16 വരെയാണ് പാർലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിർത്തിവെച്ചിരിക്കുന്നത്. 2019 ലെ വാർഷിക ബജറ്റിന് മുന്നോടിയായി ശ്രീലങ്കൻ പാർലമെന്റ് നവംബർ അഞ്ചിന് ചേരേണ്ടതായിരുന്നു. നടപടി ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കുമെന്നാണ് വിവരം.

ശ്രീലങ്കയുടെ ഭരണഘടന പ്രകാരം പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാതെ നിലവിലെ പ്രധാനമന്ത്രിയെ മാറ്റാൻ പാടില്ലെന്നാണ്. ഇതനുസരിച്ച് അടിയന്തരമായി പാർലമെന്റ് വിളിച്ചുചേർത്ത ഭൂരിക്ഷം തെളിയിക്കണമെന്ന് റെനിൽ വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റ് മരവിപ്പിച്ചുകൊണ്ട് പ്രസിഡന്റ് സിരിസേന ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് (യു.പി.എഫ്.എ) അപ്രതീക്ഷിതമായി പിന്തുണ പിൻവലിച്ചത്.

ഇതിന് പിന്നാലെയാണ് വിക്രമസിംഗെയെ സിരിസേന പുറത്താക്കിയത്. 2015 ൽ റെനിൽ വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റായതോടെ രൂപംകൊണ്ട മുന്നണിയാണ് ഇതോടെ ഇല്ലാതായത്. ഇന്നലെയാണ് രജപക്സെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാടകീയമായ സംഭവങ്ങളാണ് മണിക്കൂറുകൾക്കുള്ളിൽ ലങ്കയിൽ അരങ്ങേറുന്നത്. മഹീന്ദ രാജപക്‌സെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മാധ്യമങ്ങൾക്ക് നേരെ രാജപാക്‌സെ അനുകൂലികൾ ഭീഷണി ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്.

നിലവിലെ പ്രതിസന്ധി വളരെവേഗം പരിഹരിക്കപ്പെടുമെന്നാണ് ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ കാരു ജയസുരിയ പറയുന്നത്. അതേസമയം യുറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പ്രതിനിധികളും അമേരിക്കയും ശ്രീലങ്കയിലെ സംഭവഗതികൾ നിരീക്ഷിക്കുകയാണ്. ഇരുപാർട്ടികളും ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ ആവശ്യപ്പെട്ടത്.