ദുബായ്: ബോളിവുഡിന്റെ ഡ്രീംഗേൾ ശ്രീദേവിയുടെ മരണം ഇന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെ പുറത്തുവന്ന മരണ വാർത്തയുടെ ആഘാതത്തിൽ നിന്നും മുക്തമായിട്ടില്ല ആരാധകർ. ഹൃദയാഘാതം മൂലമാണ് നടി മരിച്ചതെന്ന് വാർത്തകൾ വന്നെങ്കിലും ഇക്കാര്യത്തിൽ ഇനിയും അന്തിമമായ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. എമിറേറ്റ്‌സ് ടവർ ഹോട്ടലിലെ കുളിമുറിയിൽ കുഴിഞ്ഞു വീണ നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയത്. വീഴ്‌ച്ചയുടെ ആഘാതത്തിൽ മരിച്ചതാണോ അതോ ഹൃദയാഘാതം മൂലം മരിച്ചതാണോ എന്ന സംശയം ഇനിയും മാറിയിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും എന്താണ് മരണത്തിലേക്ക് നയിച്ചതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

ശ്രീദേവിയുടെ ഭൗതികശരീരം ദുബായിൽ നിന്ന് ഇന്നലെ തന്നെ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാത്തതിനാൽ അതിന് സാധിച്ചില്ല. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ മാത്രമേ മുംബൈയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ഫൊറൻസിക് ഫലവും രക്തപരിശോധനയുടെ ഫലവും ലഭിക്കാൻ വൈകുന്നതാണ് കാരണം. ഞായറാഴ്ച തന്നെ തന്നെ മൃതദേഹം മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇന്ത്യൻ കോൺസുലേറ്റ്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഈ റിപ്പോർട്ട് വരാതെ മരണകാരണത്തിൽ ഉൾപ്പെടെ ഒന്നും പറയാനാകില്ല. ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു അവരുടെ ബന്ധുക്കൾ അറിയിച്ചിരുന്നത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദുബായി എമിറേറ്റ്‌സ് ടവർ ഹോട്ടലിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. തുടർന്ന് പുലർച്ചെ രണ്ടുമണിക്ക് ഖിസൈസിസെ ദുബായി പൊലീസ് ആസ്ഥാനത്തെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോർട്ടം ചെയ്തു. ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണാണോ, അതോ കുഴഞ്ഞു വീണതിനെതുടർന്നുണ്ടായ ആഘാതത്തിലാണോ മരിച്ചത് എന്നാണ് പരിശോധിക്കുന്നത്. മരണസമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും ശ്രീദേവിയ്‌ക്കൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഫൊറൻസിക് റിപ്പോർട്ട് വരാൻ വൈകുന്ന സാഹര്യത്തിൽ മരണകാരണം എന്തെന്ന് വ്യക്തമാക്കാൻ കോൺസുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ബർദുബായി പൊലീസ് സംഭവത്തിൽ കേസെടുത്തു. ഇവർ താമസസിച്ച ഹോട്ടൽ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു.

ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചശേഷം മൃതദേഹം എംബാമിങ്ങിനായി മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കൊണ്ടുപോകും. മൃതദേഹം കൊണ്ടുപോകാനായി വ്യവസായി അനിൽ അംബാനി ഏർപ്പെടുത്തിയ സ്വകാര്യവിമാനം ദുബായിലെത്തിയിട്ടുണ്ട്. ബോളിവുഡ് നടനും മരുമകനുമായ മോഹിത് മെർവയുടെ റാസൽഖൈമയിൽ നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് ശ്രീദേവിയും കുടുംബവും യുഎഇയിലെത്തിയത്.

ലോകപ്രശസ്തായായ താരമാണ് മരിച്ചിരിക്കുന്നതെന്നതിനാൽ അസ്വാഭാവികതകളും ആശങ്കകളു തീർക്കാൻ ഉറപ്പിച്ചു തന്നെയാണ് പൊലീസ്. അതിനുള്‌ല എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. അതിനിടെ ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂർ രംഗത്തുവന്നു. മൃതദേഹം ഇപ്പോൾ അൽ ഖ്വാസെയ്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.