- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചു; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെ നിൽക്കകള്ളിയില്ലാതെ രാജി; അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടും അടങ്ങാതെ ജനരോഷം
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രാജപക്‌സെ രാജിവച്ചത്. ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിക്കുകയും സേനയെ നിയോഗിക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളിൽ ഇരുപതോളം പേർക്ക് പരുക്കേറ്റിരുന്നു.
നേരത്തെ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ സർക്കാർ അനുകൂലികളുടെ ആക്രമണം ഉണ്ടായിരുന്നു. രാജപക്സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവർക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ കൊളംബോയിൽ കർഫ്യൂ പ്രഖ്യാപിച്ചു.സമരവേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഘർഷം തെരുവ് യുദ്ധത്തിൽ എത്തിയതിനെ തുടർന്ന് രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചത്.
20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 9 മുതൽ ശ്രീലങ്കൻ പ്രസിഡന്റിന്റെ ഓഫീസിന് പുറത്ത് ക്യാമ്പ് ചെയ്യുന്ന പ്രതിഷേധക്കാരെ സായുധരായ സർക്കാർ അനുകൂലികൾ ആക്രമിക്കുകയായിരുന്നു. സമരപ്പന്തലുകൾ പൊളിച്ചുമാറ്റി. സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിച്ചു. വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദ രാജപക്സെയുടെ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോതബായ രാജപക്സെയ്ക്കു മേൽ മഹിന്ദയെ പുറത്താക്കാൻ സമ്മർദ്ദവും ശക്തമായിരുന്നു.
മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു സമീപം പ്രതിഷേധ വേദിയായ 'മൈനഗോഗാമ'യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിൾ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകർത്തുവെന്നും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കേണ്ട അവസ്ഥ വന്നിരുന്നു.
മറുനാടന് ഡെസ്ക്