കോഴിക്കോട്:എന്തിനും എതിനും കുറക്കുവഴികൾ മാത്രം തേടിപ്പോവുന്ന ശാസ്ത്രബോധം തീരെയില്ലാത്ത ഒരു ജനതയായി നാം മാറുകയാണെന്ന് ഒരിക്കൽകൂടി അടിവരയിടുകയാണ് ഈ പരീക്ഷാക്കാലവും.മുമ്പൊക്കെ ആരാധനാലയങ്ങളിൽപോയി പ്രാർത്ഥിക്കുക മാത്രമായിരുന്നു കടുത്ത വിശ്വാസികളായ വിദ്യാർത്ഥികൾപോലും ചെയ്തിരുന്നതെങ്കിൽ ഇന്നത് ബുദ്ധിയും ഓർമ്മശക്തിയും വർധിപ്പിക്കാനുള്ള പഞ്ചാമൃതവും, ഏലസും, യന്ത്രവുമൊക്കെയായി വലിയ അന്ധവിശ്വാസ വിപണിയായി ഈ എസ്.എസ്.എൽ.സി പരീക്ഷാക്കാലം മാറിയിരിക്കുന്നു.ഡ്രഗ്‌സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റ് എന്ന ഒറ്റ നിയമംവെച്ച് ഏതൊരു പൊലീസുകാരനും കേസെടുക്കാവുന്ന തട്ടിപ്പാണ് ഇവയെങ്കിലും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലായതുകൊണ്ട് ഏവരും തൊടാൻ പേടിച്ച് നിൽക്കയാണ്.

ബുദ്ധിയും ഓർമ്മശക്തിയും വർധിപ്പിക്കാനായി ഒരു പ്രമുഖ ആയുർവേദ കമ്പനിയുടെ സഹായത്തോടെ കോട്ടയത്തെ ഭാഗവത പാരായണ വിദഗ്ധൻ കൂടിയായ ഒരു താന്ത്രികൻ ഇറക്കിയ പഞ്ചാമൃതമാണ് പരീക്ഷാ വിപണിയിലെ ഈ വർഷത്തെ സൂപ്പർ സ്റ്റാർ.മുമ്പ് ഓർമ്മ ശക്തി വർധിപ്പിക്കുന്ന ബ്രഹ്മിയെന്നപേരിൽ പരസ്യം ചെയ്ത് പുലിവാല് പിടിച്ച ഇതേ സംഘം ഇപ്പോൾ പേര് മാറ്റിയാണ് രംഗത്തത്തെിയിരിക്കുന്നത്.മൂക്കുപ്പൊടിപോലെത്തെ ഒരു ഡപ്പിക്ക് അയ്യായിരം രൂപയാണ് ഈടാക്കുന്നത്.സംസ്ഥാനത്തെ പ്രമുഖരായ ചില ജ്യോതിഷികൾ വഴിയാണ് ഇതിന്റെ മാർക്കറ്റിങ്ങ്.

കഴിഞ്ഞ കുറേക്കാലമായി നിലവിലുള്ള എലസ് ഇത്തവണയും പൂർവാധികം ശക്തിയോടെ രംഗത്തുണ്ട്.തിരുവനന്തപുരത്തെ പ്രമുഖനായ ഒരു വിവാദ ജ്യോതിഷിയുടെ പേരിലാണ്, ഒരു പവൻവരെ സ്വർണമടങ്ങിയതും,സ്വർണം പൂശിയതും, സാദാ എലസുകളുമൊക്കെ പ്രചരിക്കുന്നത്.സ്വർണത്തിന്റെ അളവ് കുറയുന്നത് അനുസരിച്ച് ഏലസിന്റെ ഫലസിദ്ധിയും കുറയുമെന്നാണ് വെപ്പ്.കോഴിക്കോട്ടെ ഒരു പ്രശസ്തനായ യോഗാവിദഗ്ധനും താന്ത്രിക ഗുരുവുമായ ഒരു അർധആൾദൈവത്തിന്റെ സൃഷ്ടിയാണ് പതിനായിരം രൂപയുടെ ബുദ്ധി വികാസ യന്ത്രം.തന്റെ യോഗാ ഇൻസ്റ്റിറ്റ്യൂട്ടിലൂടെയാണ് ഇദ്ദേഹം ഇത് പ്രചരിപ്പിക്കുന്നത്.

പരീക്ഷാക്കാലം ടെൻഷനില്ലാതെ നേരിടുന്നതിനായി കുട്ടികൾക്കായി സൗജന്യ യോഗ ക്‌ളാസ് നടക്കുന്നതിനിടയിലാണ് യന്ത്ര വിൽപ്പനയും നടക്കുന്നത്.യന്ത്രത്തിന്റെ ശക്തിയിൽ പഠിച്ച ചോദ്യങ്ങൾ മാത്രമുള്ള ചോദ്യപേപ്പർ കിട്ടുമെന്നൊക്കെയുള്ള അസംബദ്ധങ്ങളാണ് ഇവർ കുട്ടികളുടെ മനസ്സിലേക്ക് കടത്തിവിടുന്നത്. എറ്റവും രസാവഹം മുമ്പൊക്കെ ഇത്തരം കാര്യങ്ങളെ കടുത്ത അനിസ്ലാമികമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു മുസ്ലിം സമുദായത്തിലെ പലരും ഇപ്പോൾ ഈ നിലക്ക് മാറുകയാണ്.

കോഴിക്കോട് മലപ്പുറം ജില്ലകളിലെ പല മുസ്ലിം പള്ളികൾക്ക് മുന്നിലും എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി വെള്ളിയാഴ്ച പ്രാർത്ഥന ഉണ്ടായിരക്കുമെന്ന് ബോർഡ് സ്ഥാപിച്ചിരുന്നു. അതുപോലെതന്നെ എസ്.എസ്.എൽ.സിയെഴുതുന്ന കുട്ടികൾക്കായി, പൂജകളാൽ 'പവിത്രമാക്കിയ' പേനകളും ചില പള്ളികളിലൂടെ വിതരണം ചെയ്തു. കോഴിക്കോട് കളൻതോടിലെ ഒരു വിവാദ തങ്ങൾ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഇത്തരം പേനകൾ വാങ്ങാൻ ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് തടിച്ചുകൂടിയത്! മന്ത്രിച്ച പേനകൾ ഇദ്ദേഹം വൻതോതിൽ കാസർകോട് കണ്ണൂർ ജില്ലകളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്.

്പഇന്ന് ക്ഷേത്രങ്ങളിലും ആയുധപൂജപോലെ പരീക്ഷാക്കാലത്ത് പേനപൂജയും ഒരു ചടങ്ങായിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ ഒരു പ്രമുഖക്ഷേത്രത്തിൽ ആയിരക്കണക്കിന് പേനകൾ ഒന്നിച്ചാണ് പൂജിച്ച് നൽകിയത്.ഈ 'വഴിപാടിന്'പ്രത്യേകിച്ച് തുകയൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വിശ്വാസികൾ സ്വയം അറിഞ്ഞ് നല്ലതുക 'ദക്ഷിണ' നൽകുന്നുണ്ട്. കുട്ടികളെ ആത്മവിശ്വാസമുള്ളവരും ശാസ്ത്രബോധമുള്ളവരുമാക്കാനാണ് പഠനവും പരീക്ഷയുമെങ്കിലും അതിന് വിപരീതമായ കാര്യങ്ങളാണ് നടക്കുന്നത്. ചില ആത്മീയ സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിലും മറ്റും കൂട്ടപ്രാർത്ഥനക്ക് ശേഷമാണ് കുട്ടികളെ പരീക്ഷാഹാളിലേക്ക് കയറ്റുന്നതുതന്നെ.