- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെബ്സൈറ്റുകളിലെ എസ്എസ്എൽസി ഫലം നീക്കിയെന്നു റിപ്പോർട്ട്; റിസൽട്ടിലെ തകരാർ സോഫ്റ്റ്‌വെയറിന്റെ പിഴവെന്ന പരാമർശത്തിനെതിരെ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ രംഗത്ത്; വിനയായത് റെക്കോർഡിനായുള്ള മന്ത്രിയുടെ കടുംപിടിത്തം
തിരുവനന്തപുരം: എസ്എസ്എൽസി ഫലത്തിൽ വ്യാപകമായ തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള ആശങ്കകൾ നിലനിൽക്കെ പരീക്ഷാഫലം സൈറ്റുകളിൽ നിന്നും നീക്കിയതായി റിപ്പോർട്ടുകൾ. ഐടി@സ്‌കൂൾ, പരീക്ഷാഭവൻ സൈറ്റുകളിൽ നിന്നാണ് ഫലം നീക്കിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ, സൈറ്റുകളിൽ ഇപ്പോഴും റിസൽട്ട് ലഭ്യമാകുന്നുണ്ട്. അതിനിടെ, സോഫ്റ്റ്വെയ
തിരുവനന്തപുരം: എസ്എസ്എൽസി ഫലത്തിൽ വ്യാപകമായ തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള ആശങ്കകൾ നിലനിൽക്കെ പരീക്ഷാഫലം സൈറ്റുകളിൽ നിന്നും നീക്കിയതായി റിപ്പോർട്ടുകൾ. ഐടി@സ്‌കൂൾ, പരീക്ഷാഭവൻ സൈറ്റുകളിൽ നിന്നാണ് ഫലം നീക്കിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ, സൈറ്റുകളിൽ ഇപ്പോഴും റിസൽട്ട് ലഭ്യമാകുന്നുണ്ട്.
അതിനിടെ, സോഫ്റ്റ്‌വെയറിലെ പിഴവാണ് ഫലപ്രഖ്യാപനത്തിലെ പാകപ്പിഴകൾക്കു കാരണം എന്ന വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിന്റെ പ്രസ്താവനയ്‌ക്കെതിരെ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ രംഗത്തെത്തിയിട്ടുണ്ട്. ധൃതി പിടിച്ചുള്ള നടപടികളാണ് വ്യാപകമായ പിഴവുകൾക്ക് കാരണമായതെങ്കിലും പഴി ആരുടെയെങ്കിലും മേൽ ചാരാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയുണ്ട്. 2800 കുട്ടികളുടെ മാർക്ക് ഷീറ്റാണ് അപൂർണമായിട്ടുള്ളത്.
ഫലം വളരെ വേഗം പ്രഖ്യാപിക്കണമെന്ന മന്ത്രിയുടെ കടുംപിടിത്തം തന്നെയാണ് കാര്യങ്ങളെല്ലാം തകിടം മറിക്കാൻ ഇടയാക്കിയത്. പരീക്ഷാ ഭവനിലും മറ്റും ഏറെക്കാലത്തെ അനുഭവപരിചയമുള്ള ഉദ്യോഗസ്ഥരെ മാറ്റി രാഷ്ട്രീയ ഇടപെടലുകൾ നടത്തി സ്വന്തക്കാരെ തിരുകിക്കയറ്റിയതാണ് പ്രശ്‌നങ്ങളുടെയെല്ലാം യഥാർഥ കാരണം.
എങ്ങനെയും 20നു തന്നെ ഫലം പ്രഖ്യാപിക്കണമെന്ന കർശന നിർദ്ദേശമാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇതിനായി മാർക്കിടുന്നതിൽ ഉദാരസമീപനം വരെ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും സൂചനയുണ്ട്.
മെയ് അവസാനത്തോടെയേ സിബിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തുവരു. ഇതു വന്നശേഷമേ +2 പ്രവേശനത്തിന്റെ അഡ്‌മിഷനുകൾ അവസാനിപ്പിക്കുകയും ചെയ്യൂ എന്നതാണ് വസ്തുത. എസ്എസ്എൽസി ഫലം നേരത്തെ പ്രഖ്യാപിച്ചിട്ട് ഒരു കാര്യവുമില്ല എന്ന യാഥാർഥ്യം നിലനിൽക്കെയാണ് മന്ത്രിയുടെ നേട്ടം മാത്രം കണക്കിലെടുത്ത് റിസൽട്ട് വേഗത്തിൽ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്കോ അദ്ധ്യാപകർക്കോ എസ്എസ്എൽസി ഫലം വളരെ വേഗം പ്രഖ്യാപിച്ചിട്ട് ഒന്നു ചെയ്യാനില്ല എന്ന യാഥാർഥ്യം നിലനിൽക്കെയാണ് സ്വന്തം താൽപര്യം മുൻനിർത്തി മന്ത്രിയുടെ റെക്കോർഡ് ഫലപ്രഖ്യാപനം.
എന്നാൽ പ്രഖ്യാപിച്ചതിനേക്കാൾ വേഗത്തിൽ തന്നെ ഇതെല്ലാം കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സോഫ്റ്റ്‌വെയറിന്റെ തകരാറാണ് ഇതെല്ലാം എന്ന തരത്തിൽ മന്ത്രിയുടെ പരാമർശമുണ്ടായത്. കഴിഞ്ഞ പത്തുവർഷത്തോളമായി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് എസ്എസ്എൽസിയുടെ റിസൽറ്റുകൾ തയ്യാറാക്കാനായി സർക്കാരിനെ സഹായിക്കുന്നത്. ഇത്രയും നാളുമില്ലാത്ത പ്രശ്‌നമാണ് ഇപ്പോഴുണ്ടായതെന്നാണ് മന്ത്രിയുടെ വാദം.
ഡേറ്റ എൻട്രി നടത്തി പൂർണഫലമടങ്ങിയ സോഫ്റ്റ്‌വെയറുകളും സിഡികളും നൽകാൻ നാലുദിവസത്തെ സമയമാണ് എൻഐസി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഫലപ്രഖ്യാപനത്തിനു രണ്ടു ദിവസം മുമ്പു മാത്രമാണ് ഡേറ്റ എൻഐസിക്കു കൈമാറിയത്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനുഭവ പരിചയമില്ലായ്മ ചെറിയ കാര്യങ്ങളിൽ പോലും പ്രതിഫലിച്ചത് ശരിക്കും ബാധിച്ചത് വിദ്യാർത്ഥികളെത്തന്നെയാണ്.
തെറ്റുകൾ മുഴുവൻ തിരുത്തി വെള്ളിയാഴ്ച കൃത്യമായ ഫലപ്രഖ്യാപനം നടത്തുമെന്നാണ് വിവരം. നേരത്തെ പുറത്തു വന്ന ഫലം പല ജില്ലകളിലും അപൂർണമായിരുന്നതിനാൽ 54 മൂല്യനിർണയ കേന്ദ്രങ്ങളിൽ നിന്നും ഇതിനായി വീണ്ടും വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിനിടെയാണ് എസ്എസ്എൽസി പരീക്ഷ ഫലം നാളെ പൂർണമായി പ്രസിദ്ധീകരിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നത്. ആകെയുള്ള 54 മൂല്യനിർണയ ക്യാംപുകളിൽ 34 എണ്ണത്തിൽ നിന്നും ഇന്നലെ രാത്രിയോടെ പരീക്ഷ ഫലം വീണ്ടുമെത്തിച്ചു. ബാക്കിയുള്ളിടങ്ങളിൽ നിന്ന് മാർക്ക് ലിസ്റ്റ് ഇന്ന് വൈകിട്ടോടെ പൂർണമായും എത്തും.
ഇതും നിലവിലെ മാർക്ക് ലിസ്റ്റും ഒരുമിച്ചുനോക്കി പിഴവുകൾ തിരുത്തും. അതിനുശേഷം വെബ്‌സൈറ്റിൽ പൂർണമായ ഫലം ലഭ്യമാക്കും. ഇതിനായി പരീക്ഷഭവനിൽ തിരക്കിട്ട ജോലികൾ പുരോഗമിക്കുകയാണ്. കലാകായിക ശാസ്ത്ര രംഗത്തെ മികവിന് കുട്ടികൾക്ക് കിട്ടേണ്ട ഗ്രേസ് മാർക്ക് 20 കുട്ടികൾക്ക് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റടക്കം ഒത്തുനോക്കി ഗ്രേസ് മാർക്ക് നൽകുന്ന ജോലിയും അന്തിമഘട്ടത്തിലാണ്.
അതേസമയം ക്യാംപുകളിൽ നിന്ന് ഫലം വേഗത്തിലെത്തിക്കാനുള്ള സമ്മർദവുമുണ്ട്. ഫലം പ്രസിദ്ധീകരിച്ചാലും അത് പ്രഖ്യാപിക്കില്ല. ഇപ്പോഴത്തെ വിജയശതമാനത്തിൽ വലിയ മാറ്റങ്ങളുണ്ടാകാത്തതിനാലാണ് പ്രഖ്യാപനം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനിടെ എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ചെറിയ പിഴവ് മാത്രമാണ് സംഭവിച്ചതെന്നും മാദ്ധ്യമങ്ങളാണ് പ്രശ്‌നം ഊതിപ്പെരുപ്പിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.