പാല: കോളേജിന് മുന്നിൽ സെക്യൂരിറ്റി നിൽക്കുന്നതും ആവശ്യം വന്നാൽ വിദ്യാർത്ഥികളെ പരിശോധിക്കുന്നതും എല്ലാം പലയിടത്തും നടക്കുന്ന കഥകളാണ്.

എന്നാൽ മദ്യപിച്ചെത്തിയ വിദ്യാർത്ഥികളെ കുടുക്കാൻ ഇതാ പാലായിലെ പ്രിൻസിപ്പളച്ചന്റെ പുത്തൻ പരീക്ഷണം. കോളേജിൽ പാമ്പായി എത്തുന്നവരെ പിടിക്കാൻ ബ്രത്ത് അനലൈസറുമായി കോളേജിന്റെ വാതിൽക്കൽ നിൽക്കുകയാണ് ഈ പ്രിൻസിപ്പളച്ചൻ. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് കോളേജിലാണ് പിള്ളാരെ ഞെട്ടിച്ച് അച്ചന്റെ വക ഊതിക്കൽ അരങ്ങേറിയത്.

അച്ചന്റെ ഊതിക്കൽ പിള്ളാരെ ഒന്ന് ഞെട്ടിച്ചെങ്കിലും വാട്‌സ് ആപ്പിൽ സംഭവം വൈറലായിരിക്കുകയാണ്. പൊലീസിനെയും വെല്ലുന്ന ഊതിക്കൽ പ്രകനമാണ് ബ്രത്ത് അനലൈസറുമായി കോളേജിന് മുന്നിൽ നിലയുറപ്പിച്ച അച്ചൻ നടത്തുന്നത്. ഓണാഘോഷം കഴിഞ്ഞ് ക്ലാസിലേക്ക് വരുന്ന കുട്ടികളാണ് അച്ചന്റെ ഊതിക്കലിന് ഇരയായത്. ഓരോ കുട്ടിയും കടന്ന് പോകുമ്പോഴും കൃത്യമായി അച്ചൻ ഊതിക്കുന്നുമുണ്ട്.

അതിനിടയിൽ ഊതാതെ പോയ ഒരു വിരുതനോട് ഊതടാ എന്ന് അച്ചൻ ഉച്ചത്തിൽ വിളിച്ച് പറയുന്നുമുണ്ട്. പെട്ട് എന്ന് മനസ്സിലായ കുട്ടി ഉടനേ വന്ന് ഊതിയിട്ട് ക്ലാസിലേക്ക് കയറി പോവുകയും ചെയ്തു. ചിരിച്ചു കൊണ്ട് തന്നെയാണ് അച്ചൻ ഓരോ പിള്ളേരെയും ഊതിക്കുന്നത്. അച്ചൻ ബ്രത്ത് അനലൈസറിൽ ഊതിക്കുന്ന വീഡിയോ ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ തന്നെയാണ് റെക്കോർഡ് ചെയ്ത് വാട്‌സ് അപ്പിൽ ഇട്ടത്. വാട്‌സ് ആപ്പിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഉടൻ തന്നെ വൈറലാകുക ആയിരുന്നു.

വാട്‌സ് ആപ്പിൽ വീഡിയോ കണ്ട് കോളേജ് അധികൃതരുമായി മറുനാടൻ മലയാളി റിപ്പോർട്ടർ ബന്ധപ്പെട്ടെങ്കിലും ഇതിനോട് പ്രതികരിക്കാൻ കോളേജ് അധികൃതർ തയ്യാറായില്ല. അങ്ങിനെ സംഭവിച്ച് പോയി എന്ന് പറഞ്ഞ് പ്രിൻസിപ്പൽ തലയൂരിയപ്പോൾ ഡയറക്ടർ വാർത്തയോട് പ്രതികരിക്കാതെ പോൺ കട്ട് ചെയ്യുകയായിരുന്നു.