പത്തനംതിട്ട: നാൽപതുവർഷം നീണ്ടുനിന്ന കുളനട മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിത്തർക്കത്തിന് അന്ത്യം. ഹൈക്കോടതിയുടെ വിധിക്കെതിരേ പാത്രിയർക്കീസ് പക്ഷം നൽകിയ സ്‌പെഷൽ ലീവ് പെറ്റീഷൻ ഹൈക്കോടതി തള്ളിയതോടെ പള്ളിയുടെയും സെമിത്തേരിയുടെയും ഉടമസ്ഥാവകാശം ഓർത്തഡോക്‌സ് വിഭാഗത്തിന് മാത്രമായി.

മാനുഷിക പരിഗണന വച്ച് സെമിത്തേരിയിൽ പാത്രിയർക്കീസ് വിഭാഗത്തിന്റെ സംസ്‌കാരം നടത്തി കൊടുക്കാൻ തങ്ങൾ തയാറാണെന്നും പക്ഷേ, അതിനായി അപേക്ഷിക്കണമെന്നും പള്ളി വികാരി ജോൺ പി. ഉമ്മൻ, ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപ്പറമ്പിൽ, ഫാ. തോമസ് അമയിൽ, ഇടവക ട്രസ്റ്റിമാരായ സണ്ണി ജോൺ, പി.എം. മത്തായി എന്നിവർ അറിയിച്ചു. പാത്രിയർക്കീസ്‌വിഭാഗത്തിന്റെ സംസ്‌കാരകർമങ്ങൾ അവരുടെ ഭവനത്തിൽ വച്ച് പൂർത്തിയാക്കി സെമിത്തേരിയിൽ മൃതദേഹം എത്തിക്കുമ്പോൾ തങ്ങളുടെ വൈദികൻ അടക്കി കൊടുക്കും. ഈ വ്യവസ്ഥ അംഗീകരിച്ചാൽ സെമിത്തേരി ഉപയോഗിക്കുന്നതിന് തടസമില്ല.

1975 ലാണ് പള്ളിത്തർക്കം ആരംഭിച്ചത്. അന്ന് പൂട്ടിയ പള്ളിയുടെ താക്കോൽ 2008 ൽ ആലപ്പുഴ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറി. ഈ നടപടി ചോദ്യം ചെയ്ത് യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ ക്രിമിനൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തു. 1995 ൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ച പൗലോസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്തൻ കേസിൽ തന്നെ മാന്തളിർപ്പള്ളിയുടെ പൊസഷനും ടൈറ്റിലും ഉറച്ചതാണെന്നും പള്ളി അതിൽ കക്ഷിയാണെന്നുമുള്ള ഓർത്തഡോക്‌സ് വിഭാഗത്തിന്റെ അവകാശവാദം ഹൈക്കോടതി അംഗീകരിച്ചു.

കഴിഞ്ഞ വർഷം ജൂൺ 18 ന് മാന്തളിർ പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. ഇതിനെതിരേയാണ് യാക്കോബായ വിഭാഗം എസ്.എൽ.പി സുപ്രീംകോടതിയിൽ നൽകിയത്. ഇതിനു ശേഷം ഓർത്തഡോക്‌സ് വിഭാഗം പള്ളി തുറന്ന് ആരാധന നടത്തിപ്പോരുകയാണ്. ഇതിനിടെ യാക്കോബായ വിഭാഗത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ നടത്താൻ സ്ഥലമില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഇരുകൂട്ടരെയും വിളിച്ചു ചേർത്ത് ജില്ലാ കലക്ടർ ചർച്ച നടത്തി.

ഇതനുസരിച്ച് ഒരു വൈദികനെ മാത്രം യാക്കോബായ വിഭാഗത്തിന്റെ സംസ്‌കാരത്തിന് സെമിത്തേരിയിൽ പ്രവേശനം അനുവദിക്കാവുന്നതാണെന്ന് ധാരണയായി. ഈ ധാരണ സുപ്രീംകോടതിയിൽ നിലവിലുള്ള കേസ് അവസാനിക്കുന്നതു വരെ മാത്രമാണെന്ന് യാക്കോബായ വിഭാഗത്തിന്റെ നിർബന്ധപ്രകാരം എഴുതിച്ചേർത്തിരുന്നു. കോടതിയുടെ അന്തിമവിധി വന്നതോടെ പള്ളിയുടെയും സെമിത്തേരിയുടെയും പൂർണ അവകാശം തങ്ങൾക്കാണെന്നും സെമിത്തേരിയോടു ചേർന്നുള്ള അഞ്ചുസെന്റ് കൈവശം വച്ചിരിക്കുന്നത് വിട്ടു നൽകാനുള്ള ധാർമികത പാത്രിയർക്കീസ് പക്ഷം കാണിക്കണമെന്നും ഓർത്തഡോക്‌സ് വൈദികർ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ചിനാണ് സ്‌പെഷൽ ലീവ് പെറ്റീഷൻ ജസ്റ്റിസ് പിനോഖേ ചന്ദ്രഘോഷ്, ജസ്റ്റിസ് അമിതാബാ റോയ് എന്നിവർ അടങ്ങുന്ന സുപ്രീം കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്. ഓർത്തഡോക്‌സ് വിഭാഗത്തിന് വേണ്ടി അഡ്വ. രാജീവ് ധവാൻ, അഡ്വ. എസ്. ശ്രീകുമാർ, അഡ്വ. ഇ.എം.എസ് അനാം എന്നിവർ ഹാജരായി.