സംഘടിതമായ വലിയ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിനേക്കാൾ ഒറ്റതിരിഞ്ഞ അക്രമങ്ങൾ സൃഷ്ടിച്ച് അരക്ഷിതാവസ്ഥ വളർത്താനാണോ ഭീകരർ യൂറോപ്പിൽ ശ്രമിക്കുന്നത് ? സമീപകാലത്തുണ്ടായ ചില സംഭവങ്ങൾ അത്തരം സംശയങ്ങൾ ശക്തിപ്പെടുത്തുന്നതാണ്. ബെൽജിയത്തിൽ രണ്ട് വനിതാ പൊലീസുകാർക്കുനേരെയുണ്ടായ ആക്രമണമാണ് ഇത്തരം സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേത്.

പെട്രോളിങ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന രണ്ട് പൊലീസുകാരികളെയാണ് വടിവാളു മായെത്തിയ അക്രമി അള്ളാഹു അക്‌ബർ എന്നുവിളിച്ചുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുദ്യോഗസ്ഥന്റെ വെടിയേറ്റ് അക്രമി കൊല്ലപ്പെടുകയും ചെയ്തു.

ബെൽജിയം നഗരമായ ചാർലെറോയിയിലെ പൊലീസ് സ്‌റ്റേഷനു പുറത്തുവച്ചാണ് സംഭവം. ആക്രമണത്തിൽ ഒരു പൊലീസുകാരിക്ക് മുഖത്ത് സാരമായ മുറിവേറ്റു. സംഭവത്തെ അപലപിച്ച ബെൽജിയം പ്രധാനമന്ത്രി ചാൾസ് മിക്കൽ ഇത് ഭീകരാക്രമണമാണെന്ന് വ്യക്തമാക്കി.

ഫ്രാൻസിൽ അവധിക്കാലം ചെലവിടുകയായിരുന്ന പ്രധാനമന്ത്രി സംഭവമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഭീകരാക്രമണമാണിതെന്നാണ് പ്രാഥമിക സൂചനകളെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ കൗൺസിലുമായി അദ്ദേഹം ഞായറാഴ്ച യോഗം ചേരുന്നുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബെൽജിയത്തിലെ പൊലീസുകാരെ കൂടുതൽ സായുധരാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചാർലെറോയ് മേയർ പോൾ മാഗ്നറ്റ് പറഞ്ഞു. ഭീകരരുടെ ലക്ഷ്യകേന്ദ്രങ്ങളിലൊന്നായി ബെൽജിയം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ചിൽ ബ്രസ്സൽസിലുണ്ടായ ഭീകരാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടിരുന്നു