ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ രംഗത്തെത്തി. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സത്യം കണ്ടെത്തുക എന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിൽ നിന്നുള്ള എല്ലാവരും അണ്ണാ ഡി.എം.കെ പാർട്ടിയിൽ നിന്നുള്ളവരും ജയലളിതയെ അപ്പോളോയിൽ സന്ദർശിച്ചവരെ കുറിച്ച് പറഞ്ഞതെല്ലാം കള്ളമാണെന്നും പാർട്ടിയുടെ രഹസ്യം പുറത്ത് പോവാതിരിക്കാനാണ് എല്ലാവരും കള്ളം പറഞ്ഞതെന്നും തമിഴ്‌നാട് വനം മന്ത്രി സി. ശ്രീനിവാസൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയലളിതയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്റ്റാലിൻ രംഗത്തെത്തിയത്.

'ജയലളിത എഴുന്നേറ്റ് ഇരുന്ന് ഇഡ്ഡലി കഴിച്ചുവെന്നും ആളുകളെ കണ്ടുവെന്നും ജനങ്ങളോട് ഞങ്ങൾ കള്ളം പറഞ്ഞതായിരുന്നു. ആരും അവരെ കണ്ടിട്ടില്ലെന്നതാണ് സത്യം.' പറഞ്ഞ കള്ളങ്ങൾക്ക് ജനങ്ങളോട് മാപ്പുചോദിക്കുന്നതായും മന്ത്രി ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജയലളിതയുടെ ദീർഘകാല തോഴിയായിരുന്ന ശശികലക്ക് മാത്രമേ ജയലളിതയെ മുറിയിൽ പോയി കാണാൻ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു.

കേന്ദ്രസർക്കാരിന്റെ സഹായവും നിർദേശവും അനുസരിച്ചാണ് ജയലളിതയുടെ ചികിത്സ നടന്നത്. അതിനാൽ തന്നെ ഇപ്പോൾ ജയലളിതയുടെ മരണം സംബന്ധിച്ച് ഉയർന്നിരിക്കുന്ന ദുരൂഹത നീക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്ന് സ്റ്റാലിൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് ജയലളിത മരണമടഞ്ഞത്. മുഖ്യമന്ത്രിയായിരിക്കേ സെപ്റ്റംബർ 22ന് പോയ്സ് ഗാർഡനിൽ നിന്നും അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയ ജയലളിതയുടെ മൃതദേഹമാണ് പിന്നീട് പുറം ലോകം കണ്ടത്.