കണ്ണൂർ: സ്‌കൂൾ കലോത്സവം ഇക്കുറിയും പതിവുപോലെ ചാനൽ കലോത്സവമായി മാറുമെന്നതിന്റെ വ്യക്തമായ സൂചനകളുമായി കണ്ണൂരിൽ നിന്നുള്ള കാഴ്ചകൾ. ഇന്ന് വൈകീട്ടാണ് കലോത്സവത്തിന് തിരിതെളിഞ്ഞതെങ്കിലും ഇന്നു രാവിലെ മുതൽതന്നെ ചാനലുകൾ പയ്യാമ്പലം കടപ്പുറത്ത് കലോത്സവത്തിന് തിരികൊളുത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നുതുടങ്ങിയിരുന്നു.

കലോത്സവം തുടങ്ങുംമുമ്പുതന്നെ വേഷമിടീച്ച് പയ്യാമ്പലത്തെത്തിച്ച് കുട്ടികളെക്കൊണ്ട് ആട്ടവും പാട്ടും തുടങ്ങുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ് ഇക്കുറി.

വാർത്താചാനലുകൾക്ക് പുറമെ മറ്റു ചാനലുകളും പ്രത്യേകം വേദികൾവരെ സജ്ജമാക്കിയാണ് കണ്ണൂരിലെ സ്‌കൂൾ കലോത്സവത്തിന് എത്തിയിട്ടുള്ളത്. ദിവസങ്ങൾക്കുമുമ്പുതന്നെ ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയുമെല്ലാം പ്രൊമോ ഉൾപ്പെടെ നൽകിത്തുടങ്ങിയതോടെ കലോത്സവത്തിനിടയിലെ ചാനൽ മത്സരത്തിന് കേളികൊട്ടായിരുന്നു.

കലോത്സവ ഓർമ്മകൾ പങ്കുവച്ചുള്ള മുൻതാരങ്ങളുടെ ഓർമ്മക്കുറിപ്പുകളും പ്രഗത്ഭരുടെ അഭിമുഖങ്ങളുമെല്ലാം നല്ലതുതന്നെയെന്ന് അഭിപ്രായം ഉയരുമ്പോഴും കലോത്സവ വേദികൾക്കിടയിൽ ചാനലുകൾ ഒരുക്കുന്ന വേദികളിലേക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്ന ഖ്യാതിയുള്ള സ്‌കൂൾ കലാമേള ഇക്കുറിയും ഹൈജാക്ക് ചെയ്യപ്പെടാനുള്ള സാഹചര്യമാണ് ഒരുങ്ങിയിട്ടുള്ളത്.

കലോത്സവം തുടങ്ങുന്ന ഇന്നുരാവിലെ കണ്ട കാഴ്ചകളും അതുതന്നെ. മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പുതന്നെ മേക്കപ്പിട്ട് താരങ്ങളെ പയ്യാമ്പലം കടപ്പുറത്തെത്തിച്ചായിരുന്നു ചാനലുകളുടെ ചിത്രീകരണം. ഇതിന് പുറമെ പ്രധാന വേദികൾക്കൊപ്പം ചാനലുകൾതന്നെ ലൈവ് റിപ്പോർട്ടിംഗിന് പ്രത്യേകം വേദികളും സജ്ജീകരിച്ചിട്ടുമുണ്ട്.

ഒന്നാംസ്ഥാനക്കാരെ പിടിച്ച് ഏതുചാനലിന്റെ വേദിയിലേക്ക് എത്തിക്കാനാകുമെന്ന രീതിയിലേക്ക് മത്സരം വളരുമ്പോൾ അത് പരിധിവിടാറുമുണ്ട്. ഇക്കൊല്ലം ഇതിനായി പ്രത്യേകം സംഘങ്ങളെ തന്നെ ചാനലുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒന്നാംസ്ഥാനം കിട്ടുന്നവരെ ആദ്യം 'കിഡ്‌നാപ്' ചെയ്യാനാണ് ഇവർക്കുള്ള നിർദ്ദേശം.

ഇത്തരത്തിൽ ചാനലുകൾ മത്സരത്തിന് ഇറങ്ങുമ്പോൾ വേദികളിൽ മത്സരങ്ങൾ കാണാൻ കാഴ്ചക്കാരില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് കഴിഞ്ഞവർഷം വ്യാപകമായി പരാതിയുയർന്നിരുന്നു. പലപ്പോഴും സെലിബ്രിറ്റികളെ തന്നെ ചാനലുകളുടെ വേദികളിൽ എത്തിക്കുമ്പോൾ അവർക്കു ചുറ്റുമായി ആൾക്കൂട്ടം രൂപപ്പെടുകയും നല്ലഗായകരേയും നർത്തകരേയും വിളിച്ചുനിർത്തി അവരെക്കൊണ്ട് ചാനൽ വേദികളിൽ പാട്ടും നൃത്തവുമെല്ലാം അവതരിപ്പിക്കുമ്പോൾ അതിന് മാത്രം കാഴ്ചക്കാരെത്തുന്നതും സ്വാഭാവികം. ഇതാണ് കഴിഞ്ഞവർഷവും സംഭവിച്ചത്.

ഇതോടെ യഥാർത്ഥ മത്സരം നടക്കുന്ന കലോത്സവ വേദികൾ വെറും നോക്കുകുത്തികളായി മാറുന്നു. പലപ്പോഴും കുട്ടികളുടെ കലാപ്രകടനങ്ങൾ ഒഴിഞ്ഞ സദസ്സിന് മുന്നിലാവുന്ന സാഹചര്യവും ഉണ്ടാവുന്നു. ഇതൊടൊപ്പമാണ് പ്രത്യേകം സമ്മാനം നൽകുന്ന പ്രഹസനവും. ഇതോടെ ചാനൽമേളയെന്നോ നറുക്കെടുപ്പ് മേളയെന്നോ കലോത്സവ മേളയ്ക്ക് പേരുമാറ്റേണ്ട സാഹചര്യമാണ് ഉണ്ടാവുന്നത്.

പത്തുമുപ്പതോളം പ്രാദേശിക ചാനലുകളും പുതുതായി തുടങ്ങിയതുൾപ്പെടെ അത്രതന്നെ സംസ്ഥാന ചാനലുകളും അണിനിരക്കുമ്പോൾ മേള വെറും ക്യാമറയ്ക്കുമുന്നിലെ മേളയായി മാറുകയാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി. ഓരോ ചാനലുകാരും പ്രത്യേകം വേദികൾ സ്വന്തമായി സൃഷ്ടിക്കുന്ന അന്തരീക്ഷമാണ് ഇക്കുറിയും ഉണ്ടായിട്ടുള്ളത്. ചാനലുകാർതന്നെ ആളെക്കൂട്ടാൻ സംഘടിപ്പിക്കുന്ന നറുക്കെടുപ്പും മത്സരങ്ങളുമാണ് മറ്റൊരു പ്രദർശനാഭാസം. ഇത്തരത്തിൽ കൂപ്പൺ മത്സരങ്ങളും ഇക്കുറിയും അരങ്ങുതകർക്കാൻ ഒരുങ്ങുകയാണ് കണ്ണൂരിലും.

പരസ്യങ്ങൾ കൂടുതൽ കിട്ടാനായി റേറ്റിങ് കൂട്ടാനുള്ള വെപ്രാളത്തിലാണ് ഈ ചാനൽ മത്സരം മുറുകുന്നത്. പലപ്പോഴും വേദികൾക്കു ചുറ്റും ക്യാമറകൾ നിറയുമ്പോൾ അവിടെ എത്തുന്ന കാണികൾക്ക് സ്‌റ്റേജിലെ ഒരിനവും ആസ്വദിക്കാൻ പറ്റാത്ത സാഹചര്യവുമുണ്ടാകുന്നു. ഓരോ ചാനലിന്റേയും സീനിയർ പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ പട തന്നെയാണ് ഇക്കുറി കണ്ണൂരിലും എത്തിയിട്ടുള്ളത്. നിരവധി സൗജന്യങ്ങളും കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കായി ചാനലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്‌പോൺസേഡ് ഗിഫ്റ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. വേദികളിലേക്ക് യാത്രചെയ്യാൻ സൗജന്യ ഓട്ടോയുൾപ്പെടെയാണ് വാഗ്ദാനങ്ങൾ.