തിരുവനന്തപുരം: ഔദ്യോഗിക ഉദ്ഘാടനവും മറ്റ് ആർഭാടങ്ങളും ഒഴിവാക്കി സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് നാളെ കൊടിയേറും. പ്രളത്തിന്റെ പശ്ചാത്തലത്തിലാണ് ആർഭാടങ്ങൾ ഒഴിവാക്കി മേള ചുരുങ്ങിയ ദിവസങ്ങളിൽ നടത്തുന്നത്. നേരത്തെ മേള നടത്തുന്നതിൽ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും ദിവസങ്ങൾ കുറച്ചു നടത്താൻ തീരുമാനിക്കുകയായിരുന്നു. 

മൂന്നുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 92 മത്സരയിനങ്ങളിലായി 2200-ഓളം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. പാളയം യൂണിവേഴ്‌സിറ്റി സ്റ്റേഡിയമാണ് വേദി. വെള്ളിയാഴ്ച രാവിലെ ഏഴിന് 3000 മീറ്റർ ഓട്ടമത്സരത്തോടെയാണ് മേള തുടങ്ങുന്നത്. ഒമ്പതിനാണ് പതാകയുയർത്തൽ ചടങ്ങ്.

രജിസ്‌ട്രേഷൻ വ്യാഴാഴ്ച ഉച്ചമുതൽ ആരംഭിക്കും. മൂന്നുമുതൽ വിവിധ ജില്ലകളിൽനിന്ന് കായികതാരങ്ങൾ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജിസ്‌ട്രേഷൻ നടക്കുന്നത് ഓവർബ്രിഡ്ജ് എസ്.എം വി സ്‌കൂളിലാണ്. ഉച്ചയ്ക്ക് രണ്ടുമുതൽ രജിസ്‌ട്രേഷൻ തുടങ്ങും. ഏഴ് രജിസ്‌ട്രേഷൻ ഡെസ്‌കുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രാത്രി അവസാന ടീമും എത്തുന്നതുവരെ രജിസ്‌ട്രേഷൻ തുടരും.

സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള സിറ്റി സ്‌കൂളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിരിക്കുന്നത്. സ്‌കൂളിനോട് ചേർന്നുള്ള ആർ.ഐ.എൽ.ടി. ഇൻസ്റ്റിറ്റ്യൂട്ടും ഭക്ഷണവിതരണ കേന്ദ്രമാണ്. 3000 പേർക്കാണ് ഒരു ദിവസം ഭക്ഷണം ഒരുക്കുന്നത്. വ്യാഴാഴ്ച വൈകിട്ടുമുതൽ ഭക്ഷണം ഒരുക്കിത്തുടങ്ങും.

ഉച്ചയ്ക്ക് 12 മുതൽ റെയിൽവേ സ്റ്റേഷനിൽനിന്നും രജിസ്‌ട്രേഷൻ കേന്ദ്രത്തിലേക്ക് കായികതാരങ്ങളെ എത്തിക്കുന്നതിന് രണ്ട് വാഹനങ്ങൾ സർക്കുലർ സർവീസ് നടത്തും. തമ്പാനൂർ ബസ് സ്റ്റാൻഡിൽനിന്നും റെയിൽവേ സ്റ്റേഷനിൽനിന്നും രജിസ്‌ട്രേഷൻ കേന്ദ്രമായ സ്‌കൂളിലേക്കെത്തുന്നതിന് കഷ്ടിച്ച് അരക്കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. മത്സരം നടക്കുന്ന സർവകലാശാലാ സ്റ്റേഡിയത്തിൽ എത്തുന്നതിന് തമ്പാനൂരിൽനിന്ന് രണ്ടരകിലോമീറ്റർ ദുരമുണ്ട്. പി.എം.ജി. വഴിയുള്ള ബസുകളിൽ കയറിയാൽ സ്റ്റേഡിയത്തിന് മുന്നിലിറങ്ങാം. ഓട്ടോയിലും സ്റ്റേഡിയത്തിലെത്താം.

നഗരത്തിലെ ആറു കിലോമീറ്റർ ചുറ്റളവിൽ 16 സ്‌കൂളുകളിലാണ് കായികതാരങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഏഴ് സ്‌കൂളുകൾ പെൺകുട്ടികൾക്കും ഒമ്പത് സ്‌കൂളുകൾ ആൺകുട്ടികൾക്കുമാണ്. മത്സരദിവസങ്ങളിൽ രാവിലെ 5.30ന് ബസുകളിൽ കുട്ടികളെ സ്റ്റേഡിയത്തിലെത്തിക്കും. സ്റ്റേഡിയത്തിൽനിന്ന് വൈകീട്ട് ആറുമണിക്കാണ് താമസസ്ഥലങ്ങളിലേക്ക് പോകുന്നത്. ഇതിനായി 16 സ്‌കൂൾ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളിൽ പൊലീസ് സംരക്ഷണവും ഏർപ്പെടുത്തും.

ഹരിതചട്ടം പാലിച്ചാവും മേള നടത്തുന്നത്. ഭക്ഷണവിതരണത്തിന് സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും മാത്രമേ ഉപയോഗിക്കുകയുള്ളൂ. ബോട്ടിലുകളടക്കമുള്ള പ്ലാസ്റ്റിക് സാധനങ്ങൾ ഗ്രൗണ്ടിനുള്ളിൽ കടത്തില്ല. ഹരിതചട്ടം പാലിക്കാനായി എൻ.എസ്.എസ്., എൻ.സി.സി. വൊളന്റിയേഴ്‌സ് ഉണ്ടാകും. കൊണ്ടുവരുന്ന പ്ലാസ്റ്റിക് സാധനങ്ങൾ വൊളന്റിയേഴ്‌സിന് കൈമാറാം. പോകുമ്പോൾ തിരിച്ചുവാങ്ങുകയും ചെയ്യാം.