തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിലെ കരാർ നിയമനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഫയലുകൾ കൈകാര്യം ചെയ്ത സെക്ഷനിലെ ജീവനക്കാരന് സസ്‌പെൻഷൻ. കരാർ ജീവനക്കാരിയെ പിരിച്ചുവിട്ടു. സിപിഎം നേതാവ് ടി പി ദാസൻ പ്രസിഡന്റായിരുന്ന കാലത്ത് നടത്തിയ അഞ്ച് കരാർ നിയമനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് ഫയലുകൾ കൈകാര്യം ചെയ്ത സെക്ഷനിലെ ജീവനക്കാരൻ നിതിൻ റോയിയെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

ജോലിക്കായി യോഗ്യതകളിലും രേഖകളിലും തിരുത്തലുകൾ നടത്തുകയും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ചെയ്ത ഓഫീസ് അസിസ്റ്റന്റ് ആർ രജനിമോളെ പിരിച്ചുവിടാനും സ്പോർട്സ് കൗൺസിൽ തീരുമാനിച്ചു. നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആരോപണങ്ങൾ ശരിവച്ച് സ്പോർട്സ് കൗൺസിൽ നടപടി.

കരാർ നിയമനങ്ങളിൽ ജോലിക്കായി തിരിമറി നടത്തിയത് രണ്ട് പേരായിരുന്നു. ഇതിൽ ഒരാളെ നേരത്തെ തന്നെ ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു. കൂടുതൽ അന്വേഷണത്തിലാണ് മറ്റൊരാൾ കൂടി ജോലിക്കായി യോഗ്യതകളിലും രേഖകളിലും തിരിമറി നടത്തിയെന്ന് കണ്ടെത്തിയത്. ഇവരെയും ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മറ്റ് നിയമനങ്ങളുടെ ഫയൽ കൈകാര്യം ചെയ്തതിലും ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്. ഈ അഞ്ചു നിയമനങ്ങളിൽ ക്രമക്കേട് നടന്നെന്ന ആരോപണം ഉയർന്നതോടെയ ഇവരുടെ കരാറുകൾ ദീർഘിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. ഇതിന് പുറമെയാണ് ഫയലുകൾ കൈകാര്യം ചെയ്ത സെക്ഷനിലെ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ബോധ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസ് അന്വേഷണം പൂർത്തിയാകാൻ കാത്തുനിൽക്കാതെ സസ്‌പെൻഡ് ചെയ്തത്.

മറ്റൊരു ജീവനക്കാരിയുടെ യോഗ്യതയിൽ നടത്തിയ അന്വേഷണത്തിലാണ് വിജിലൻസ് കരാർ നിയമനങ്ങളിലെ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. വിജിലൻസ് അന്വേഷണത്തിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ അപൂർണമാണെന്ന് ബോധ്യപ്പെടുകയും പൂർണമായ രേഖകൾ സമർപ്പിക്കണമെന്ന് സ്പോർട്സ് കൗൺസിലിനോട് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്നാണ് സ്പോർട്സ് കൗൺസിൽ വകുപ്പുതല അന്വേഷണം നടത്തിയത്. ഇതോടെയാണ് ക്രമക്കേട് ബോധ്യപ്പെട്ടത്.

ഓഫീസ് അസിസ്റ്റന്റായി കരാർ നിയമനം ലഭിച്ച രജനിമോൾ ആർ എന്ന ജീവനക്കാരി ജനന സർട്ടിഫിക്കറ്റിലും സ്‌കൂൾ സർട്ടിഫിക്കറ്റിലും ജനനത്തീയതിയിലും പേരിലും തിരിമറി നടത്തിയെന്നും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് സർവകലാശാലയിൽ നിന്നും തെളിവുകൾ ശേഖരിക്കുകയും നിയമന കാലത്തെ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായിരുന്ന സഞ്ജയൻ കുമാർ അടക്കമുള്ളവരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇവരുടെ നിയമന കാലയളവിൽ ഈ സെക്ഷനിൽ ജോലി ചെയ്തിരുന്നത് സൂപ്രണ്ട് മോഹനൻ ആശാരി, സെക്ഷൻ ക്ലാർക്ക് നിതിൻ റോയ് എന്നിവർ ആയിരുന്നു. ഇതിൽ നിതിൻ റോയ് ഒഴികെ മറ്റ് രണ്ട് പേരും സർവീസിൽ നിന്നും വിരമിച്ചു.

നിതിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായതായി ബോധ്യപ്പെട്ടതോടെയാണ് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. നിലവിൽ കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിലിലാണ് ഭരണകക്ഷി യൂണിയൻ അംഗമായ നിതിൻ റോയ് ജോലി ചെയ്യുന്നത്.